മോഷ്ടിച്ചെന്ന് ആരോപിച്ചു 12 വയസുകാരനെ തലകീഴായി കെട്ടിത്തൂക്കി മർദ്ദിച്ച സംഭവം, മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
അഞ്ഞൂറ് രൂപ മോഷ്ടിച്ചെന്നാരോപിച്ച് 12 വയസുകാരനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവിയോട് വിശദമായ അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് കമ്മീഷൻ അംഗം വി ഗീത നിർദേശം നൽകിയിരിക്കുന്നത്. വാർത്തയുടെ അടിസ്ഥാനത്തിൽ പൊതുപ്രവർത്തകൻ അഡ്വ. വി ദേവദാസ് സമർപ്പിച്ച പരാതിയിലാണ് കമ്മീഷന്റെ നടപടി.
പിറവന്തൂർ വെട്ടിത്തിട്ടയിലെ ലിവിംഗ് വാട്ടർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജിയിലെ ബോയ്സ് ഹോമിലാണ് സംഭവം നടന്നത്. അടൂർ സ്വദേശികളായ സഹോദരങ്ങൾ ഇവിടെ താമസിച്ചുവരികയായിരുന്നു. അമ്മ ഗുരുതര അസുഖത്തെ തുടർന്ന് കിടപ്പിലായ സാഹചര്യത്തിലാണ് നാല് മക്കളിൽ രണ്ട് പേരെ സ്ഥാപനത്തിൽ പാർപ്പിച്ചതെന്നാണ് വിവരം.
സ്ഥാപനത്തിൽ നിന്ന് അഞ്ഞൂറ് രൂപ നഷ്ടപ്പെട്ട സംഭവത്തെ തുടർന്നാണ് കുട്ടിയെ മോഷണാരോപണത്തിന് വിധേയനാക്കിയത്. പണം എടുത്തിട്ടില്ലെന്ന് കുട്ടി ആവർത്തിച്ച് പറഞ്ഞിട്ടും, കയറുപയോഗിച്ച് കാലിൽ കെട്ടി തലകീഴായി ഉയർത്തി മർദ്ദിച്ചുവെന്നാണ് കുട്ടിയുടെ മൊഴി.