കർണാടകയിൽ സിദ്ധരാമയ്യ യുഗം അവസാനിക്കുന്നോ? അധികാരത്തർക്കം വീണ്ടും സജീവമാകുന്നു; ഖാർഗെയുമായി ചർച്ച
കോൺഗ്രസ് ഹൈക്കമാൻഡുമായി കൂടിക്കാഴ്ച നടത്താൻ സമയം തേടിയതോടെ സംസ്ഥാനത്ത് നേതൃമാറ്റമുണ്ടാകുമെന്ന ഊഹാപോഹങ്ങൾ വീണ്ടും സതീവമായിരിക്കുകയാണ്. സിദ്ധരാമയ്യ എ.ഐ.സി.സി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുമായി സംസാരിച്ചുവെന്നും അദ്ദേഹത്തെ ഉടൻ തന്നെ ഡൽഹിയിലേക്ക് വിളിപ്പിക്കുമെന്ന് ഖാർഗെ അറിയിച്ചതായും പാർട്ടി വൃത്തങ്ങൾ സൂചിപ്പിച്ചു. മന്ത്രിസഭാ പുനഃസംഘടനയുമായി ബന്ധപ്പെട്ട് പാർട്ടി നേതൃത്വവുമായി ചർച്ച ചെയ്യാനാണ് സിദ്ധരാമയ്യ ആഗ്രഹിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.അതേസമയം, സിദ്ധരാമയ്യയ്ക്ക് പകരം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കണമെന്ന് അനുയായികൾ നിരന്തരം ആവശ്യപ്പെടുന്ന ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ, മുൻപ് നൽകിയതായി പറയപ്പെടുന്ന രണ്ടര വർഷത്തെ ടേം വ്യവസ്ഥ വാഗ്ദാനം പാലിച്ചതിന് ശേഷം മാത്രമേ മറ്റു തീരുമാനങ്ങൾ എടുക്കാവൂ എന്ന് പാർട്ടി നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.