തെരുവ് നായകളെ നീക്കം ചെയ്യാനുള്ള ഉത്തരവ് തുടരും
സ്കൂളുകൾ, കോളേജുകൾ, ആശുപത്രികൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ തുടങ്ങിയ പൊതുസ്ഥാപനങ്ങളിൽ നിന്നും പൊതുവിടങ്ങളിൽ നിന്നും തെരുവ് നായകളെ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2025 നവംബറിൽ പുറപ്പെടുവിച്ച ഉത്തരവ് പരിഷ്കരിക്കാൻ സുപ്രീം കോടതി വിസമ്മതിച്ചു. സമൂഹത്തിലെ കഠിനമായ യാഥാർത്ഥ്യങ്ങൾക്ക് നേരെ കോടതിക്ക് കണ്ണടയ്ക്കാനാകില്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ചൊവ്വാഴ്ച സുപ്രീം കോടതിയുടെ നിർണ്ണായക പ്രഖ്യാപനമുണ്ടായത്.തങ്ങളുടെ മുൻ ഉത്തരവിനെ ന്യായീകരിച്ചുകൊണ്ട്, രാജ്യത്ത് തെരുവ് നായകളുടെ ആക്രമണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ കടുത്ത ജനസുരക്ഷാ ഭീഷണിയായി മാറിയിരിക്കുകയാണെന്ന് പരമോന്നത കോടതി നിരീക്ഷിച്ചു. പ്രത്യേകിച്ച് കുട്ടികളും പ്രായമായവരും ഇതിന്റെ വലിയ ഇരകളാകുന്നുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ചെറിയ കുട്ടികൾ കടിയേറ്റ് കീറിപ്പറിയുന്ന സാഹചര്യമുണ്ടായതായും പ്രായമായവർ ആക്രമിക്കപ്പെട്ടതായും വിദേശ വിനോദസഞ്ചാരികൾക്ക് വരെ തെരുവ് നായകളുടെ ആക്രമണം നേരിടേണ്ടി വന്നതായും ബെഞ്ച് ചൂണ്ടിക്കാണിച്ചു.