ട്രംപിന് തിരിച്ചടി; യുദ്ധാധികാരം നിയന്ത്രിക്കുന്ന പ്രമേയം പാസാക്കി യുഎസ് ജനപ്രതിനിധി സഭ
ഇറാനെതിരെയുള്ള യുദ്ധവുമായി മുന്നോട്ട് പോകുന്നതിൽ നിന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തടയുന്നതിനുള്ള നിർണ്ണായക പ്രമേയം യു.എസ് പ്രതിനിധി സഭ പാസ്സാക്കി. മൂന്ന് മാസത്തിലേറെയായി തുടരുന്ന ഈ സൈനിക സംഘർഷത്തിൽ ട്രംപിന്റെ സ്വന്തം പാർട്ടിയായ റിപ്പബ്ലിക്കൻ പാർട്ടിയിലെ അംഗങ്ങൾക്ക് തന്നെയുള്ള കടുത്ത ആശങ്കയാണ് ഈ വോട്ടെടുപ്പിലൂടെ പുറത്തുവന്നിരിക്കുന്നത്. വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് ആണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
ഡെമോക്രാറ്റുകൾ കൊണ്ടുവന്ന ഈ 'വാർ പവേഴ്‌സ് പ്രമേയം' 208-നെതിരെ 215 വോട്ടുകൾക്കാണ് ജനപ്രതിനിധി സഭ പാസ്സാക്കിയത്. കോൺഗ്രസ് ഔദ്യോഗികമായി യുദ്ധം പ്രഖ്യാപിക്കുകയോ സൈനിക ശക്തി ഉപയോഗിക്കാൻ അനുമതി നൽകുകയോ ചെയ്യാത്ത പക്ഷം ഇറാനിൽ നിന്ന് യു.എസ് സൈന്യത്തെ പിൻവലിക്കാൻ ഈ പ്രമേയം ട്രംപിനോട് ആവശ്യപ്പെടുന്നു.
സഭയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുണ്ടായിരുന്നിട്ടും ടോം ബാരറ്റ് (മിഷിഗൺ), വാറൻ ഡേവിഡ്‌സൺ (ഓഹിയോ), ബ്രയാൻ ഫിറ്റ്‌സ്‌പാട്രിക് (പെൻസിൽവേനിയ), തോമസ് മാസി (കെന്റക്കി) എന്നീ നാല് റിപ്പബ്ലിക്കൻ പ്രതിനിധികൾ ഡെമോക്രാറ്റുകൾക്കൊപ്പം പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്തത് ട്രംപിന് വലിയ തിരിച്ചടിയായി. ഡെമോക്രാറ്റിക് പാർട്ടിയിൽ നിന്ന് ആരും തന്നെ പ്രമേയത്തെ എതിർത്ത് വോട്ട് ചെയ്തില്ല.