മെന്റർ അധ്യാപകരെ പിരിച്ചുവിട്ടത് കടുത്ത അന്യായം'; തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ
ആദിവാസി വിഭാഗത്തിൽപ്പെട്ട മെന്റർ അധ്യാപകരെ ജോലിയിൽ നിന്ന് ഒഴിവാക്കിയ സർക്കാർ നടപടിക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ആദിവാസി വിദ്യാർഥികളുടെ പഠന പുരോഗതിക്കും കൊഴിഞ്ഞുപോക്ക് തടയുന്നതിനുമായി നടപ്പാക്കിയ പദ്ധതിയെ തകർക്കുന്നതാണ് പുതിയ തീരുമാനമെന്ന് അദ്ദേഹം ആരോപിച്ചു.
വയനാട്, പാലക്കാട്, മലപ്പുറം ജില്ലകളിലായി സേവനമനുഷ്ഠിച്ചിരുന്ന 308 മെന്റർ അധ്യാപകരെയാണ് സർക്കാർ ഒഴിവാക്കിയിരിക്കുന്നത്. ഗോത്രബന്ധു പദ്ധതിയുടെ ഭാഗമായി പ്രാഥമിക ക്ലാസുകളിലെ വിദ്യാർഥികൾക്ക് പഠന പിന്തുണ നൽകുന്നതിനായി നിയമിച്ച അധ്യാപകരാണ് ഇവർ. ഇവരെ തിരിച്ചെടുക്കാൻ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്നും പിണറായി വിജയൻ ആവശ്യപ്പെട്ടു.
ടിടിസി, ബിഎഡ് യോഗ്യതയുള്ള ആദിവാസി യുവാക്കളെ ഉൾപ്പെടുത്തി എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പദ്ധതിയായിരുന്നു മെന്റർ അധ്യാപക നിയമനം. ആദിവാസി വിദ്യാർഥികളുമായി അവരുടെ ഭാഷയിൽ ആശയവിനിമയം നടത്തി പഠന പിന്തുണ നൽകാൻ പദ്ധതിയിലൂടെ സാധിച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.