ഹൂസ്റ്റണ്‍ ഇമിഗ്രേഷന്‍ റെയ്ഡ് കൊലപാതകം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും ജനപ്രതിനിധികളും

ഹൂസ്റ്റണ്‍ ഇമിഗ്രേഷന്‍ റെയ്ഡ് കൊലപാതകം: അന്വേഷണം ആവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകളും ജനപ്രതിനിധികളും

പ്രസിദ്ധീകരിച്ചത്: 08 Jul, 2026
ഷെയർ ചെയ്യുക:

ടെക്‌സസിലെ ഹൂസ്റ്റണില്‍ ഇമിഗ്രേഷന്‍ വിഭാഗം നടത്തിയ പരിശോധനയ്ക്കിടെ മെക്‌സിക്കന്‍ സ്വദേശി വെടിയേറ്റു മരിച്ച സംഭവത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബവും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തി. ചൊവ്വാഴ്ച രാവിലെ ഏഴുമണിയോടെ ഹൂസ്റ്റണിലെ ലത്തീന്‍ അമേരിക്കന്‍ വംശജര്‍ കൂടുതലായി താമസിക്കുന്ന ഈസ്റ്റ് എന്‍ഡ് മേഖലയിലാണ് സംഭവം നടന്നത്.നിയമവിരുദ്ധമായി രാജ്യത്ത് കഴിയുന്നവരെ പിടികൂടാനുള്ള പ്രത്യേക പരിശോധനയ്ക്കായി എത്തിയതായിരുന്നു ഉദ്യോഗസ്ഥര്‍. വാഹനം തടഞ്ഞുനിര്‍ത്താനുള്ള നിര്‍ദേശം ലംഘിച്ച് ലോറെന്‍സോ സാല്‍ഗാഡോ അറൗജോ എന്ന അമ്പത്തിയേഴുകാരന്‍ ഇമിഗ്രേഷന്‍ വാഹനത്തില്‍ ഇടിക്കുകയും ഉദ്യോഗസ്ഥരെ വണ്ടിയിടിച്ചു പരിക്കേല്‍പ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തപ്പോഴാണ് സ്വയം രക്ഷയ്ക്കായി വെടിവെച്ചതെന്നാണ് ഫെഡറല്‍ അധികൃതരുടെ പ്രാഥമിക വിശദീകരണം. വയറ്റില്‍ വെടിയേറ്റ ലോറെന്‍സോയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

എന്നാല്‍ അധികൃതരുടെ ഈ വാദങ്ങളെ പൂര്‍ണ്ണമായി തള്ളിക്കൊണ്ട് ലോറെന്‍സോയുടെ മകനും മനുഷ്യാവകാശ സംഘടനയായ ലൂലാക്കും രംഗത്തെത്തി. ലോറെന്‍സോ നിയമപരമായ താമസാനുമതിക്കായി അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നുവെന്നും, സംഭവ സമയത്ത് തന്റെ ജോലി സ്ഥലത്തേക്ക് ആവശ്യമായ തൊഴിലാളികളെ കൂട്ടിക്കൊണ്ടുവരാന്‍ എത്തിയതായിരുന്നുവെന്നും അവര്‍ വ്യക്തമാക്കി.

മുന്‍ കാലങ്ങളിലും സമാനമായ ഇമിഗ്രേഷന്‍ വെടിവെയ്പ്പുകളില്‍ ഉദ്യോഗസ്ഥര്‍ നല്‍കിയ വ്യാജ മൊഴികള്‍ പിന്നീട് ദൃശ്യങ്ങളിലൂടെ പൊളിഞ്ഞിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുതാര്യമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ ക്യാമറ ദൃശ്യങ്ങളും ഉടന്‍ പുറത്തുവിടണമെന്ന് ഡെമോക്രാറ്റിക് കോണ്‍ഗ്രസ് അംഗം സില്‍വിയ ഗാര്‍ഷ്യയും ആവശ്യപ്പെട്ടിട്ടുണ്ട്. നിലവില്‍ സംഭവത്തെക്കുറിച്ച് എഫ്.ബി.ഐയും ഹോംലാന്‍ഡ് സെക്യൂരിറ്റിയും പ്രത്യേകം അന്വേഷണങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.