പൊലീസ് മർദനത്തിൽ രക്തം ഛർദിച്ചെന്ന് യുവാവ്; മുഖ്യമന്ത്രിക്ക് പരാതി

പൊലീസ് മർദനത്തിൽ രക്തം ഛർദിച്ചെന്ന് യുവാവ്; മുഖ്യമന്ത്രിക്ക് പരാതി

പ്രസിദ്ധീകരിച്ചത്: 29 Jul, 2026
ഷെയർ ചെയ്യുക:

കഞ്ചാവ് കടത്തിയെന്ന സംശയത്തിന്റെ പേരിൽ വീയപുരം പൊലീസ് ബിരുദ വിദ്യാർഥിയെ ക്രൂരമായി മർദിച്ചെന്ന പരാതിയുമായി യുവാവും കുടുംബവും രംഗത്ത്. മർദനത്തെ തുടർന്ന് രക്തം ഛർദിച്ച യുവാവ് മൂന്ന് ദിവസത്തോളം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നുവെന്നാണ് പരാതി. മുഹമ്മദ് യാസിൻ (20) ആണ് പൊലീസിനെതിരെ പരാതി നൽകിയത്.

എന്നാൽ, അനധികൃതമായി മോഡിഫിക്കേഷൻ നടത്തിയ കാർ കസ്റ്റഡിയിലെടുത്തതിലുള്ള വിരോധമാണ് ആരോപണങ്ങൾക്ക് പിന്നിലെന്ന് വീയപുരം പൊലീസ് പ്രതികരിച്ചു. സംഭവസമയത്ത് കാറിലുണ്ടായിരുന്ന മറ്റൊരാൾക്കെതിരെ കഞ്ചാവ് ബീഡി വലിച്ചതിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.

 

ഈ മാസം 25-നാണ് സംഭവം നടന്നത്. വാഹന പരിശോധനയ്ക്കിടെ പൊലീസ് കൈകാണിച്ചപ്പോൾ വാഹനം നിർത്താതെ പോയെന്നാരോപിച്ച് പിന്തുടർന്ന് പിടികൂടി മർദിച്ചെന്നാണ് യാസിന്റെ പരാതി. പൊലീസ് കൈകാണിച്ചത് ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും, പിന്നീട് സ്റ്റേഷനിൽ ഹാജരാകാൻ വിളിച്ചപ്പോൾ അവിടേക്ക് പോകുന്നതിനിടെയാണ് വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചതെന്നും അദ്ദേഹം ആരോപിച്ചു.