മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവം; പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവ്
പ്രസിദ്ധീകരിച്ചത്: 08 Aug, 2026
മലങ്കര ഡാമിൽ രാസമാലിന്യം കലർന്ന സംഭവത്തിൽ കർശന നടപടിയുമായി ജില്ലാ ഭരണകൂടം. വെളിയാമറ്റം പഞ്ചായത്തിലെ പ്ലൈവുഡ് ഫാക്ടറി അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ഫാക്ടറി തുറന്ന് പ്രവർത്തിക്കരുതെന്നാണ് നിർദേശം.
ഫാക്ടറിയിൽ നിന്നുണ്ടായ ഓയിൽ ചോർച്ചയെ തുടർന്ന് ജില്ലയിലെ അഞ്ച് പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികൾ പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നടപടി. ദുരന്തനിവാരണ നിയമപ്രകാരമാണ് ഫാക്ടറി അടച്ചുപൂട്ടാൻ ഉത്തരവിട്ടത്.സംഭവത്തിൽ പ്ലൈവുഡ് കമ്പനി ഉടമ റിയാദിനെതിരെ കാഞ്ഞാർ പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസമാണ് ഫാക്ടറിയിൽ നിന്നുള്ള രാസമാലിന്യം മലങ്കര ജലാശയത്തിലേക്ക് കലർന്നത്.