ബംഗളൂരു അപകടത്തില്‍ ദുരൂഹതയേറുന്നു; സമഗ്ര അന്വേഷണത്തിന് നിര്‍ദേശം
ബംഗളൂരു ബിഡദിയില്‍ കെഎസ്ആര്‍ടിസി ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരണപ്പെട്ട ദാരുണ സംഭവത്തില്‍ ദുരൂഹത ശക്തമാകുന്നു. ഓഗസ്റ്റ് എട്ടിന് നടന്ന അപകടത്തിന് കാരണം ബസിന് നേരെയുണ്ടായ മുട്ടയേറാണോ എന്ന സംശയത്തിലാണ് അധികൃതര്‍. കഴിഞ്ഞ ദിവസം രാത്രി അപകടം നടന്ന സ്ഥലത്തിന് തൊട്ടടുത്ത് വച്ച്, കേരളത്തില്‍ നിന്ന് ബംഗളൂരുവിലേക്ക് പോവുകയായിരുന്ന മറ്റൊരു കെഎസ്ആര്‍ടിസി ബസിന് നേരെയും സമാനമായ രീതിയില്‍ മുട്ടയേറുണ്ടായതോടെയാണ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നത്.ഓഗസ്റ്റ് എട്ടിനുണ്ടായ അപകടത്തില്‍ ബസ് പൂര്‍ണമായി തകര്‍ന്നിരുന്നു. ഡ്രൈവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നുവെന്നും എന്നാല്‍ ബസ് അമിതവേഗത്തിലായിരുന്നുവെന്നുമാണ് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍, അപകട സമയത്ത് മുന്‍വശത്തെ ചില്ലിലേക്ക് മുട്ടയേറുണ്ടായിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കുന്നതിനായി ഫൊറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു. സംഭവം സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്താന്‍ ഗതാഗതമന്ത്രി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം അറുപതോളം യാത്രക്കാരുമായി പോയ ബസിന് നേരെ മുട്ടയേറുണ്ടായപ്പോള്‍ ഡ്രൈവറുടെ സമയയോചിതമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. എക്‌സ്പ്രസ് വേയില്‍ മികച്ച വേഗതയിലായിരുന്ന ബസിന്റെ പ്രധാന ചില്ലില്‍ മുട്ടകള്‍ പതിച്ച ഉടന്‍ തന്നെ ഡ്രൈവര്‍ വേഗത കുറയ്ക്കുകയും സുരക്ഷിതമായി സൈഡിലേക്ക് ഒതുക്കി നിര്‍ത്തി അപകടം ഒഴിവാക്കുകയുമായിരുന്നു. കാഴ്ച മറയാന്‍ സാധ്യതയുള്ളതിനാല്‍ വൈപ്പര്‍ ഉപയോഗിക്കാതിരുന്നതാണ് രക്ഷയായതെന്ന് ഡ്രൈവറുടെ ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നുണ്ട്.
ഈ ശബ്ദസന്ദേശം കെഎസ്ആര്‍ടിസി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചതോടെയാണ് ഓഗസ്റ്റ് എട്ടിലെ അപകടത്തിന് പിന്നിലും സമാനമായ അട്ടിമറി ശ്രമമുണ്ടോ എന്ന കാര്യത്തിലേക്ക് അന്വേഷണം നീളുന്നത്. തുടര്‍ച്ചയായി ഉണ്ടാകുന്ന ഇത്തരം ആക്രമണങ്ങളെക്കുറിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആര്‍ടിസി കര്‍ണാടക ഡിജിപിക്ക് ഔദ്യോഗികമായി പരാതി നല്‍കിയിട്ടുണ്ട്. ഇതിന് പുറമെ ബിഡദിയിലെ മലയാളി സമാജവും പൊലീസിനെ സമീപിച്ച് പരാതി നല്‍കിയിട്ടുണ്ട്.