അമേരിക്ക-ഇറാൻ പോര് പുതിയ തലത്തിലേക്ക്; ഹോർമൂസ് കടലിടുക്കിൽ എണ്ണക്കപ്പൽ ഗതാഗതം പൂർണ്ണമായി നിലച്ചു
അമേരിക്കയും ഇസ്രായേലും ഇറാനും തമ്മിൽ മാസങ്ങളായി തുടരുന്ന സൈനിക സംഘർഷം കൂടുതൽ ഭയാനകമായ സാമ്പത്തിക യുദ്ധത്തിലേക്ക് വഴിമാറുന്നു. ഇറാനെ പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് ചരിത്രത്തിലെ ഏറ്റവും കടുപ്പമേറിയ സാമ്പത്തിക ഉപരോധങ്ങൾ പ്രഖ്യാപിക്കാൻ ട്രംപ് ഭരണകൂടം തയ്യാറെടുക്കുകയാണ്. അടുത്ത ആഴ്ച വിജ്ഞാപനം പുറത്തിറങ്ങുന്നതോടെ ഇറാന്റെ വിദേശ വ്യാപാരം പൂർണ്ണമായി സ്തംഭിക്കും.
അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സന്റ് ആണ് പുതിയ കടുത്ത തീരുമാനങ്ങൾ വെളിപ്പെടുത്തിയത്. വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുന്ന ഈ അടിയന്തര ഉപരോധങ്ങൾ വലിയൊരു സൈനിക ഏറ്റുമുട്ടലിന്റെ ആവശ്യകത കുറയ്ക്കുമെന്നാണ് അമേരിക്ക അവകാശപ്പെടുന്നത്. അതേസമയം ഇറാന് സഹായം നൽകുകയോ കച്ചവട ബന്ധങ്ങൾ പുലർത്തുകയോ ചെയ്യുന്ന രാജ്യങ്ങൾ കടുത്ത സാമ്പത്തിക പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി.
മറുവശത്ത് ലോകത്തിലെ ഏറ്റവും വലിയ സമുദ്ര എണ്ണപ്പാതയായ ഹോർമൂസ് കടലിടുക്കിലൂടെയുള്ള എണ്ണക്കപ്പലുകളുടെ സർവീസ് പൂർണ്ണമായും നിലച്ച മട്ടിലാണ്. പ്രതിദിനം നൂറിലധികം വൻകിട എണ്ണക്കപ്പലുകൾ കടന്നുപോയിരുന്ന ഈ തന്ത്രപ്രധാന മേഖലയിലൂടെ ഇപ്പോൾ വിരലിലെണ്ണാവുന്ന കപ്പലുകൾ മാത്രമാണ് സഞ്ചരിക്കുന്നത്. ഇതോടെ ആഗോള ഇന്ധന വിപണിയിൽ വൻ ഉൽക്കണ്ഠ നിലനിൽക്കുകയാണ്.