‘അമേരിക്കയിൽ പഠനത്തോടൊപ്പം ജോലിയെന്ന സ്വപ്നത്തിന് കല്ലുകടി!’; സിപിടി പ്രോഗ്രാമുകൾ നിർത്തിവെച്ച് യുഎസ് സർവ്വകലാശാലകൾ

‘അമേരിക്കയിൽ പഠനത്തോടൊപ്പം ജോലിയെന്ന സ്വപ്നത്തിന് കല്ലുകടി!’; സിപിടി പ്രോഗ്രാമുകൾ നിർത്തിവെച്ച് യുഎസ് സർവ്വകലാശാലകൾ

പ്രസിദ്ധീകരിച്ചത്: 27 Aug, 2026
ഷെയർ ചെയ്യുക:

അമേരിക്കയിലെ ഉന്നത സർവ്വകലാശാലകളിൽ പഠിക്കുന്ന വിദേശ വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി നൽകിക്കൊണ്ട് കരിക്കുലർ പ്രാക്ടിക്കൽ ട്രെയിനിംഗ് (സിപിടി) പ്രോഗ്രാമുകളിൽ നിർണായക മാറ്റങ്ങൾ വരുത്താൻ യുഎസ് സർവ്വകലാശാലകൾ നിർബന്ധിതരാകുന്നു. ക്യാമ്പസിന് പുറത്ത് വിദ്യാർത്ഥികൾക്ക് തൊഴിൽ അനുമതി നൽകുന്നതിൽ ക്രമക്കേട് നടന്നാൽ കർശന നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ഐസിഇ) താക്കീത് നൽകിയതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. യുസി ബെർക്ക്‌ലി, യുസി ഡേവിസ്, യൂണിവേഴ്‌സിറ്റി ഓഫ് കൊളറാഡോ ബോൾഡർ തുടങ്ങിയ മുൻനിര സർവ്വകലാശാലകൾ ഇതിനോടകം തന്നെ ചില സിപിടി കോഴ്‌സുകൾ താൽക്കാലികമായി നിർത്തിവെച്ചതായി അറിയിച്ചിട്ടുണ്ട്.

വിദ്യാർത്ഥികളുടെ എഫ്-1 വിസ ചട്ടങ്ങൾ ലംഘിച്ച് വ്യാജ പഠന ആവശ്യങ്ങളുടെ മറവിൽ തൊഴിൽ അനുമതി നൽകുന്നത് തടയാനാണ് അധികൃതരുടെ ആസൂത്രിതമായ നീക്കം. ഓഗസ്റ്റ് പകുതിയോടെ സ്റ്റുഡന്റ് ആൻഡ് എക്സ്ചേഞ്ച് വിസിറ്റർ പ്രോഗ്രാം (എസ്ഇവിപി) വഴിയാണ് ഐസിഇ ഉദ്യോഗസ്ഥർക്ക് മുന്നറിയിപ്പ് അടങ്ങിയ പ്രത്യേക മാർഗ്ഗനിർദ്ദേശം കൈമാറിയത്. പ്രോഗ്രാമുകളുടെ ഭാഗമല്ലാത്ത പാർട്ട് ടൈം തൊഴിലുകൾക്ക് അനുമതി നൽകിയാൽ സർവ്വകലാശാലാ അധികൃതർ നേരിട്ട് നിയമനടപടികൾ നേരിടേണ്ടി വരുമെന്നും ലൈസൻസ് റദ്ദാക്കുമെന്നും താക്കീതിൽ പറയുന്നു.

 

ഈ പുതിയ നീക്കം അമേരിക്കയിൽ പഠിക്കുന്ന ആയിരക്കണക്കിന് ഇന്ത്യൻ വിദ്യാർത്ഥികളുടെ ഭാവിയെയാണ് വൻതോതിൽ ദോഷകരമായി ബാധിക്കുന്നത്. കോഴ്‌സ് പൂർത്തിയാക്കുന്നതിന് മുൻപ് തൊഴിൽ പരിചയം നേടാനും പഠനച്ചെലവ് കണ്ടെത്താനും സിപിടി അനുമതി ലഭിക്കുന്ന പാർട്ട് ടൈം ജോലികളെയാണ് ഭൂരിഭാഗം ഇന്ത്യൻ വിദ്യാർത്ഥികളും ആശ്രയിച്ചിരുന്നത്. എന്നാൽ നിർബന്ധിത പഠനഭാഗമല്ലാത്ത ഓപ്ഷണൽ സിപിടി അപേക്ഷകൾ ഇനി മുതൽ സ്വീകരിക്കേണ്ടതില്ലെന്ന നിലപാടിലാണ് പ്രമുഖ ക്യാമ്പസുകൾ.