എൻ.സി.പി.(എസ്)-കോൺഗ്രസ് (എസ്) ലയിക്കുന്നു: പുതിയ പാർട്ടിയുണ്ടാക്കാൻ നീക്കം
പ്രസിദ്ധീകരിച്ചത്: 08 Sep, 2026
ഇടതുമുന്നണിയിലെ ഘടകകക്ഷികളായ എൻ.സി.പി.(എസ്) - കോൺഗ്രസ് (എസ്) കക്ഷികൾ ലയിക്കുന്നത് സംബന്ധിച്ച കാര്യങ്ങളിൽ ധാരണയായി. ആറു ജില്ലാ പ്രസിഡന്റ് സ്ഥാനം കോൺഗ്രസ് (എസ്) ന് നൽകുമ്പോൾ എട്ടു ജില്ലകൾ എൻ.സി.പി.ക്കായിരിക്കും.
തിരുവനന്തപുരം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കണ്ണൂർ, കാസർകോട് ജില്ലകളിലെ പ്രസിഡന്റുമാർ കോൺഗ്രസ് (എസ്)-ൽ നിന്നായിരിക്കും. ബാക്കി എൻ.സി.പി. പ്രസിഡന്റുമാരായിരിക്കും. ഒരു പാർട്ടിയിൽ ലയിക്കുന്നതിനുപകരം, രണ്ട് പാർട്ടികളും ചേർന്ന് പുതിയ പാർട്ടിയുണ്ടാക്കാനാണ് ആലോചിച്ചിട്ടുള്ളത്.ഇരുപാർട്ടികളുടെയും പേരുകൾ ഉൾപ്പെടുത്തി കോൺഗ്രസ് (സോഷ്യലിസ്റ്റ്) എന്ന പുതിയ പേരാണ് ആലോചിച്ചിട്ടുള്ളത്. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ടാവും പാർട്ടിയുടെ പേര് അവസാനമായി തീരുമാനിക്കുക. പുതിയ പതാകയും ചിഹ്നവും പാർട്ടിക്കുണ്ടാവും.