എഐ വികസനത്തിന് കണിശമായ തടസ്സങ്ങൾ ഏർപ്പെടുത്തിയാൽ അമേരിക്കയെ മറികടന്ന് ചൈന മുന്നിലെത്തും
കൃത്രിമബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിൽ കടുത്ത നിയന്ത്രണങ്ങളും തടസ്സങ്ങളും ഏർപ്പെടുത്തിയാൽ ആഗോള സാങ്കേതിക മത്സരത്തിൽ അമേരിക്ക ചൈനയ്ക്ക് പിന്നിലാകുമെന്ന് ശക്തമായ മുന്നറിയിപ്പുമായി യുഎസ് ജനപ്രതിനിധി സഭാ സ്പീക്കർ മൈക്ക് ജോൺസൺ.
നിയന്ത്രണമില്ലാത്ത എഐ വളർച്ച മനുഷ്യരാശിക്ക് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി മുൻനിര എഐ സ്ഥാപനങ്ങളുടെ തലവന്മാരും ഗവേഷകരും മുന്നറിയിപ്പുകൾ നൽകുന്നതിനിടയിലാണ് ഹൗസ് സ്പീക്കറുടെ ഈ പ്രതികരണം പുറത്തുവന്നിരിക്കുന്നത്.
പെട്ടെന്ന് എന്തെങ്കിലും അടിയന്തര യോഗം വിളിച്ച് എഐ വികസനത്തെ തടയുന്ന രീതിയിലുള്ള നിയമനിർമ്മാണങ്ങൾ നടത്തിയാൽ ചൈനയുമായുള്ള മത്സരത്തിൽ അമേരിക്ക പരാജയപ്പെടും.
ഇത് ഓരോ അമേരിക്കൻ പൗരന്റെയും സുരക്ഷയ്ക്ക് വൻ ഭീഷണിയായി മാറുമെന്ന് മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ മൈക്ക് ജോൺസൺ വ്യക്തമാക്കി.
എന്നാൽ നിലവിലെ സാഹചര്യത്തിൽ ആരും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻകാലങ്ങളിൽ പുതിയ സാങ്കേതികവിദ്യകളെ കൈകാര്യം ചെയ്തതുപോലെ ഉത്തരവാദിത്തത്തോടെ അമേരിക്കൻ കണ്ടുപിടുത്തങ്ങളെ തളർത്താതെ ഈ മേഖലയെ മുന്നോട്ട് കൊണ്ടുപോകുകയാണ് വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു