കോട്ടയത്തുനിന്ന് വിഴിഞ്ഞം വഴി വിദേശത്തേക്ക് കണ്ടെയ്നർ കയറ്റുമതി; സമയവും ചെലവും പകുതിയായി കുറയും
കോട്ടയം പോർട്ടിൽനിന്ന് വിഴിഞ്ഞം രാജ്യാന്തര തുറമുഖം വഴി വിദേശത്തേക്കുള്ള കണ്ടെയ്നർ കയറ്റുമതിക്ക് തുടക്കമായി. കാനഡയിലെ ടൊറൊന്റോ തുറമുഖത്തേക്ക് കയറ്റി അയക്കാനുള്ള റബ്ബർ ഉത്പന്നങ്ങളടങ്ങിയ കണ്ടെയ്നറാണ് കഴിഞ്ഞദിവസം കോട്ടയത്തുനിന്ന് വിഴിഞ്ഞത്തേക്ക് കരമാർഗം എത്തിച്ചത്. നേരത്തെ കൊച്ചി, മുംബൈ, തൂത്തുക്കുടി, ചെന്നൈ തുറമുഖങ്ങൾ വഴിയായിരുന്നു ചരക്കുനീക്കം നടത്തിയിരുന്നത്.
എന്നാൽ വിഴിഞ്ഞത്ത് വിദേശ കയറ്റിറക്കുമതി (എക്സിം) സൗകര്യം യാഥാർത്ഥ്യമായതോടെയാണ് കണ്ടെയ്നറുകൾ ഇവിടേക്ക് അയച്ചുതുടങ്ങിയത്. കെ.പി. ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസ് നിർമിച്ച റബ്ബർ മാറ്റുകളാണ് ആദ്യ ഘട്ടത്തിൽ വിഴിഞ്ഞത്തെത്തിച്ചത്. നേരത്തെ ചെന്നൈ, കൊച്ചി തുറമുഖങ്ങൾ വഴി കയറ്റുമതി ചെയ്യുമ്പോൾ ചരക്കുകൾ ടൊറന്റോയിൽ എത്താൻ 60 ദിവസത്തോളം വേണമായിരുന്നു. എന്നാൽ വിഴിഞ്ഞം വഴി വെറും 30 ദിവസം കൊണ്ട് ചരക്ക് ലക്ഷ്യസ്ഥാനത്ത് എത്തും എന്നതാണ് പ്രധാന നേട്ടം.
കൂടാതെ കൊച്ചി വഴി കയറ്റുമതി ചെയ്യുന്നതിനേക്കാൾ ഒരു കണ്ടെയ്നറിന് 3000 ഡോളർ (ഏകദേശം 2.86 ലക്ഷം രൂപ) വരെ സാമ്പത്തിക ലാഭം ലഭിക്കുമെന്ന് കയറ്റുമതി ഏജൻസി വ്യക്തമാക്കിയിട്ടുണ്ട്. മാസംതോറും ശരാശരി 100 മുതൽ 120 വരെ കണ്ടെയ്നറുകളാണ് കോട്ടയം വഴി കയറ്റുമതി ചെയ്യുന്നത്. ഇതിൽ യൂറോപ്പ്, ആഫ്രിക്ക തുടങ്ങിയ വിദേശ രാജ്യങ്ങളിലേക്കുള്ള വലിയൊരു ഭാഗം ചരക്കുകളും ഇനി വിഴിഞ്ഞം തുറമുഖം വഴി കയറ്റി അയക്കാനാണ് സാധ്യത.