ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറി, വിരലടയാളം ബലമായി പതിപ്പിച്ചു

ഇഡി ഉദ്യോഗസ്ഥർ ക്രൂരമായി പെരുമാറി, വിരലടയാളം ബലമായി പതിപ്പിച്ചു

പ്രസിദ്ധീകരിച്ചത്: 17 Sep, 2026
ഷെയർ ചെയ്യുക:

മാസപ്പടി കേസിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനിടെ നൽകിയ മൊഴി പിൻവലിച്ച് കരിമണൽ കമ്പനിയായ സിഎംആർഎൽ മാനേജിംഗ് ഡയറക്ടർ ശശിധരൻ കർത്ത. 

 

ഇഡി ഉദ്യോഗസ്ഥർക്കെതിരെ അതീവ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടാണ് അദ്ദേഹം മൊഴി പിൻവലിക്കാൻ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്. കർത്തയ്ക്ക് വേണ്ടി സഹോദരൻ അജിത് കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിന്റെ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.മോശം ആരോഗ്യാവസ്ഥയിലായിരുന്നിട്ടും  ഇഡി ഉദ്യോഗസ്ഥർ തന്നോട് ക്രൂരമായി പെരുമാറിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. ചോദ്യം ചെയ്യൽ തുടരരുതെന്ന് ഡോക്ടർമാർ വ്യക്തമായി മുന്നറിയിപ്പ് നൽകിയിട്ടും അത് അവഗണിക്കപ്പെട്ടു.

അന്വേഷണത്തിനിടെ ബലം പ്രയോഗിച്ച് വിരലടയാളം പതിപ്പിച്ചുവെന്നും, ഇഡിയുടെ മാനസിക-ശാരീരിക പീഡനം സഹിക്കാനാവാതെ ചോദ്യം ചെയ്യലിനിടെ താൻ മരണത്തെക്കുറിച്ച് വരെ ആഗ്രഹിച്ചുപോയെന്ന് കർത്ത പറഞ്ഞതായും രേഖയിലുണ്ട്.

 

2024 മെയ് 15-നാണ് മൊഴി പിൻവലിക്കാനുള്ള അപേക്ഷ നൽകിയത്.  72 വയസ്സുള്ള ശശിധരൻ കർത്ത ഹൃദ്രോഗം, പാർക്കിൻസൺസ്, ഡിമെൻഷ്യ, ഗുരുതരമായ വൃക്കരോഗം തുടങ്ങിയ പ്രയാസങ്ങൾ അനുഭവിക്കുന്നയാളാണ്. നിലവിലെ മെഡിക്കൽ റിപ്പോർട്ടുകൾ സഹിതമാണ് കർത്തയുടെ കുടുംബം കോടതിയെ സമീപിച്ചത്. ഈ സാഹചര്യങ്ങൾ പൂർണ്ണമായി അവഗണിച്ചാണ് കേന്ദ്ര ഏജൻസി ചോദ്യം ചെയ്യൽ തുടർന്നതെന്നാണ് സത്യവാങ്മൂലത്തിലെ പ്രധാന ആരോപണം.