സ്‌കൂട്ടറിലെത്തി പെണ്‍കുട്ടികളെ കടന്ന് പിടിക്കും, വേഷം മാറി കടന്നു കളയും
നീല സ്‌കൂട്ടറിൽ കറങ്ങിനടന്ന് ആളൊഴിഞ്ഞ വഴികളിലൂടെ പോകുന്ന പെൺകുട്ടികളെ നിരന്തരമായി ശല്യം ചെയ്യുകയും അപമാനിക്കുകയും ചെയ്ത സംഭവത്തിൽ യുവാവിനെ പോലീസ് പിടികൂടി. പുത്തൂർ ആലയ്ക്കൽ കുഴിയിൽ പുത്തൻവീട്ടിൽ ലിജോ (33) ആണ് കൊല്ലം റൂറൽ ഡാൻസാഫ് (DANSAF) സംഘത്തിന്റെ പിടിയിലായത്.
സ്‌കൂൾ വിട്ട് ബസിറങ്ങി ഒറ്റയ്ക്ക് വീടുകളിലേക്ക് നടന്നുപോകുന്ന പെൺകുട്ടികളെ ലക്ഷ്യമിട്ടാണ് ഇയാൾ അതിക്രമം നടത്തിയിരുന്നത്. പിന്നിലൂടെ എത്തുന്ന ഇയാൾ കുട്ടികളെ കടന്നുപിടിച്ച ശേഷം വാഹനം വേഗത്തിലോടിച്ച് രക്ഷപ്പെടുകയായിരുന്നു പതിവ്. ഹെൽമെറ്റും മുഖാവരണവും ധരിക്കുന്നതിനാലും, രക്ഷപ്പെടുന്നതിനിടയിൽ ഷർട്ട് മാറ്റുന്നതിനാലും പ്രതിയെ തിരിച്ചറിയാൻ പോലീസിന് വലിയ ബുദ്ധിമുട്ട് നേരിട്ടു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും കൃത്യമായ സൂചനകൾ ലഭിച്ചിരുന്നില്ല.ശൂരനാട്ടുവെച്ച് നടന്ന അതിക്രമത്തിനിടെ ഇയാള്‍ മുഖാവരണം ധരിച്ചിരുന്നില്ല. ധൈര്യപൂര്‍വം തിരിച്ചടിക്കാന്‍ ശ്രമിച്ച ഇരയായ പെണ്‍കുട്ടി പ്രതിയുടെ മുഖവും ശരീരഘടനയും മനസ്സില്‍ പതിപ്പിച്ചുവെച്ചു. ഇയാള്‍ മുറുക്കാന്‍ ചവയ്ക്കുന്ന പ്രകൃതക്കാരനാണെന്ന വിവരവും പെണ്‍കുട്ടി പോലീസിന് കൈമാറി. ഇത് അന്വേഷണത്തില്‍ വലിയ വഴിത്തിരിവായി.