അമേരിക്കൻ ജീവനക്കാരെ പിരിച്ചുവിട്ട് വിദേശികളെ നിയമിച്ചാൽ പണി കിട്ടും
സ്വദേശി ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ട ശേഷം എച്ച്-1ബി വിസ വഴി കുറഞ്ഞ ശമ്പളത്തിൽ വിദേശ തൊഴിലാളികളെ നിയമിക്കുന്ന അമേരിക്കൻ കമ്പനികൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി വൈസ് പ്രസിഡന്റ് ജെ ഡി വാൻസ്. അമേരിക്കക്കാരുടെ തൊഴിൽ അവസരങ്ങൾ കവർന്നെടുത്ത് വിദേശത്ത് നിന്നുള്ള കുറഞ്ഞ വേതനക്കാരെ പകരക്കാരായി വെക്കാൻ സർക്കാരനുവദിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കൻ കോർപ്പറേറ്റ് കമ്പനികൾക്കുള്ള വ്യക്തമായ മുന്നറിയിപ്പാണിതെന്ന് എക്സിൽ പങ്കുവെച്ച സന്ദേശത്തിൽ അദ്ദേഹം വ്യക്തമാക്കി.
ട്രംപ് ഭരണകൂടം അടുത്തിടെ പുറത്തിറക്കിയ നിർണ്ണായക ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് വൈസ് പ്രസിഡന്റിന്റെ ഈ തുറന്ന പ്രതികരണം. സ്വദേശി തൊഴിലാളികളെ ഒഴിവാക്കി വിദേശ തൊഴിലാളികളെ സപോൺസർ ചെയ്യുന്ന കമ്പനികളെ കേന്ദ്ര ഏജൻസികൾ കർശനമായി നിരീക്ഷിക്കും. തൊഴിൽ മന്ത്രാലയം ഇതിനോടകം തന്നെ ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വലിയ തോതിലുള്ള അന്വേഷണങ്ങൾക്ക് തുടക്കമിട്ടിട്ടുണ്ട്.