ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്
കേരള മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന ആരോപണവുമായി ബിജെപി നേതാവ്. ബിജെപി സംസ്ഥാന സെക്രട്ടറി ജിജി ജോസഫാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരോപണം ഉന്നയിച്ചത്.
2017ല്‍ ജിജി തോംസണ്‍ ന്യൂനപക്ഷ മോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതിന്റെ ചിത്രങ്ങളും ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ചടങ്ങില്‍ മോദിയെ പ്രകീര്‍ത്തിച്ച് സംസാരിച്ച ജിജി തോംസണിന് കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡില്‍ 2017 മുതല്‍ 2020വരെ ഇന്‍ഡിപെന്റഡ് ഡയറക്ടറായി നിയമനം നല്‍കിയെന്നാണ് വെളിപ്പെടുത്തൽ.2017 ജൂണില്‍ മാര്‍ ക്രിസോസ്റ്റം തിരുമേനിയെ ആദരിക്കുന്ന ന്യൂനപക്ഷ മോര്‍ച്ചയുടെ ചടങ്ങിലേക്ക് ജിജി തോംസണിനെ ക്ഷണിക്കണമെന്നും അദ്ദേഹം ബിജെപിയില്‍ ചേരാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മുതിര്‍ന്ന ബിജെപി നേതാവ് തന്നെ അറിയിച്ചുവെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി പറയുന്നത്.