സൗദിയിലെ സാധാരണക്കാർക്ക് നേരെ ഹൂതികളുടെ കടന്നാക്രമണം

സൗദിയിലെ സാധാരണക്കാർക്ക് നേരെ ഹൂതികളുടെ കടന്നാക്രമണം

പ്രസിദ്ധീകരിച്ചത്: 11 Oct, 2026
ഷെയർ ചെയ്യുക:

സൗദി അറേബ്യയിലെ സാധാരണക്കാർക്ക് നേരെ യെമനിലെ ഹൂതി വിമതർ നടത്തുന്ന തുടർച്ചയായ ആക്രണങ്ങളിൽ കടുത്ത അമർഷവും അതൃപ്തിയും പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിരപരാധികളായ പൗരന്മാരെ ലക്ഷ്യമിട്ടുള്ള ഹൂതികളുടെ സൈനിക നീക്കങ്ങൾ യാതൊരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ലെന്ന് മാധ്യമങ്ങളോട് സംസാരിക്കവെ ട്രംപ് വ്യക്തമാക്കി. റിയാദ് വിമാനത്താവളത്തിന് നേരെ ഉൾപ്പെടെ നടന്ന സമീപകാല ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് അമേരിക്കൻ പ്രസിഡന്റിന്റെ ഈ കർശന മുന്നറിയിപ്പ്.

 

അമേരിക്കൻ വിമാനങ്ങൾക്ക് നേരെ ആക്രമണം നടത്തില്ലെന്ന് ഹൂതികൾ ധാരണയിലെത്തിയിരുന്ന കാര്യവും ട്രംപ് സ്മരിച്ചു. എന്നാൽ യുഎസ് പ്രതിരോധ മേഖലയ്ക്കും വിമാനങ്ങൾക്കും നേരെ ആക്രമണം നടത്തില്ലെന്ന് ഉറപ്പുനൽകിയ ഹൂതി സായുധ സംഘം സൗദി അറേബ്യയിലെ സാധാരണക്കാരെ ആക്രമിക്കുന്നത് അംഗീകരിക്കാനാകില്ല. ഈ വിഷയം തങ്ങൾ അതീവ ഗൗരവത്തോടെയാണ് വീക്ഷിക്കുന്നതെന്ന് അദ്ദേഹം ആവർത്തിച്ചു.

 

സൗദി അറേബ്യയിലെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയും ജനവാസ മേഖലകൾക്ക് നേരെയും നടക്കുന്ന ഭീകരാക്രമണങ്ങൾ തടയാൻ സാധ്യമായ നടപടികൾ ഉണ്ടാകുമെന്ന സൂചനയും വാഷിംഗ്ടൺ നൽകുന്നുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിൽ സമാധാനാന്തരീക്ഷം തകരുന്നതിൽ വൻശക്തി രാജ്യങ്ങൾക്ക് വലിയ ആശങ്കയുണ്ട്. സൗദിയുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന സന്ദേശമാണ് യുഎസ് നൽകുന്നത്.