സംസ്ഥാനത്തെ 225 അതിജീവിതർക്ക് 9.73 കോടി രൂപ അഞ്ചാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി ഉത്തരവ്

സംസ്ഥാനത്തെ 225 അതിജീവിതർക്ക് 9.73 കോടി രൂപ അഞ്ചാഴ്ചയ്ക്കകം നൽകാൻ ഹൈക്കോടതി ഉത്തരവ്

പ്രസിദ്ധീകരിച്ചത്: 18 Oct, 2026
ഷെയർ ചെയ്യുക:

സംസ്ഥാനത്തെ 225 അതിജീവിതർക്ക് നഷ്ടപരിഹാരമായി 9.73 കോടി രൂപ അഞ്ചാഴ്ചയ്ക്കകം വിതരണം ചെയ്യാൻ കേരള ഹൈക്കോടതി നിർദ്ദേശം നൽകി. അഡീഷണൽ ചീഫ് സെക്രട്ടറിക്ക് (ഹോം) ആണ് ഇത് സംബന്ധിച്ച ഉത്തരവ് നൽകിയിരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. വിതരണത്തിന്റെ പുരോഗതി എല്ലാ ആഴ്ചയും വിലയിരുത്താനും ഹൈക്കോടതി നിർദ്ദേശിച്ചു. കേരള സ്റ്റേറ്റ് ലീഗൽ സർവീസസ് അതോറിറ്റിയിലെ (കെൽസ) മെമ്പർ സെക്രട്ടറിയോടാണ് ഇത് നിർദ്ദേശിച്ചത്.

 

നഷ്ടപരിഹാരം വിതരണം ചെയ്യുന്നതിലെ കാലതാമസം ഒഴിവാക്കാൻ, കേസുകൾ കോടതിയിൽ പരിഗണനയിലിരിക്കുമ്പോൾ തന്നെ അതിജീവിതരിൽ നിന്ന് ആവശ്യമായ എല്ലാ രേഖകളും ശേഖരിക്കാൻ ജില്ലാ ലീഗൽ സർവീസസ് അതോറിറ്റികളുടെ സെക്രട്ടറിമാരോടും കോടതി നിർദ്ദേശിച്ചു.

 

സംസ്ഥാനത്തെ വിവിധ മധ്യസ്ഥ, തർക്കപരിഹാര കേന്ദ്രങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയുമായി ബന്ധപ്പെട്ട ഒരു സ്വമേധയാ ഹർജി പരിഗണിക്കവെയാണ് കോടതിയുടെ ഇടപെടൽ. ഈ വിഷയത്തിൽ കെൽസ സമർപ്പിച്ച സ്റ്റാറ്റസ് റിപ്പോർട്ട് കോടതി പരിശോധിച്ചു. മധ്യസ്ഥർക്കുള്ള പുതുക്കിയ ഹോണറേറിയം നിരക്കുകൾ സംബന്ധിച്ച കാര്യവും കോടതി പരിഗണിച്ചു.