കൊച്ചിയിൽ ഭർത്താവിനെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു; ഭാര്യയും മകളും അറസ്റ്റിൽ
പുതുക്കലവട്ടത്ത് റെയിൽവേ ട്രാക്കിന് സമീപം കണ്ടെത്തിയ ഒഡീഷ സ്വദേശിയുടെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ചതിനു പിന്നാലെ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. അജിത നായിക് (31) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ റീന നായിക്കിനെയും ഇവരുടെ മകളെയും പൊലീസ് അറസ്റ്റ് ചെയ്തു. മകളുടെ സഹായത്തോടെ റീനയാണ് ഭർത്താവിനെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.
എറണാകുളം ഇടപ്പള്ളിയിലെ പുതുക്കലവട്ടത്ത് റെയിൽവേ പാതയ്ക്ക് സമീപമുള്ള വാടകവീട്ടിലായിരുന്നു അജിത നായിക്കും കുടുംബവും താമസിച്ചിരുന്നത്. ഒഡീഷ സ്വദേശികളായ ഇവർക്കൊപ്പം റീനയുടെ ആദ്യ ബന്ധത്തിലുള്ള രണ്ട് പെൺമക്കളുമുണ്ടായിരുന്നു. അജിത സ്ഥിരമായി മദ്യപിച്ചെത്തി ഭാര്യയെയും കുട്ടികളെയും മർദിച്ചിരുന്നതായി പൊലീസ് പറയുന്നു.
സംഭവദിവസം രാത്രി അമിതമായി മദ്യപിച്ചെത്തിയ അജിത ഭാര്യയെയും പ്രായപൂർത്തിയാകാത്ത ഇളയ മകളെയും ഉപദ്രവിച്ചതായാണ് വിവരം. ഇതേത്തുടർന്ന് റീന ഇയാളെ ചവിട്ടിവീഴ്ത്തുകയും മകളുടെ സഹായത്തോടെ കഴുത്തിലും നെഞ്ചിലും ചവിട്ടുകയും മർദിക്കുകയും ചെയ്തെന്നാണ് പൊലീസ് പറയുന്നത്. മരണം ഉറപ്പാക്കിയശേഷം മൃതദേഹം ബെഡ്ഷീറ്റിൽ പൊതിഞ്ഞ് റെയിൽവേ ട്രാക്കിന് സമീപം ഉപേക്ഷിച്ചതായും പ്രതികൾ മൊഴി നൽകിയെന്നാണ് അന്വേഷണസംഘം അറിയിക്കുന്നത്.