കിഫ്ബിക്ക് അധിക ഗാരന്റി നൽകിയതിൽ ധനവകുപ്പിന്റെ എതിർപ്പ് മറികടന്നു; ഉദ്യോഗസ്ഥനെ മാറ്റി പിണറായി സർക്കാർ
കിഫ്ബിയുടെ കടമെടുപ്പ് സംബന്ധിച്ച് ധനവകുപ്പ് ഉന്നയിച്ച എതിർപ്പുകൾ അവഗണിക്കപ്പെട്ടുവെന്ന വിദഗ്ധസമിതി റിപ്പോർട്ടിനെ സാധൂകരിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. 2023 ജൂൺ ആറിന് മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ മിനിറ്റ്സിലാണ് ഈ വസ്തുതകൾ രേഖപ്പെടുത്തിയിരിക്കുന്നത്.
സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ കിഫ്ബി വായ്പകൾ ദോഷകരമായി ബാധിക്കുമെന്നും ഉയർന്ന പലിശഭാരം വരുത്തിവെക്കുമെന്നും അന്നത്തെ ധനകാര്യ അഡീഷനൽ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ യോഗത്തിൽ മുന്നറിയിപ്പ് നൽകിയിരുന്നു. കിഫ്ബിക്ക് അധിക ഗ്യാരണ്ടി നൽകുന്നതുമായി ബന്ധപ്പെട്ട ചർച്ചയിലാണ് ധനവകുപ്പിന്റെ ഈ നിലപാട് അദ്ദേഹം വ്യക്തമാക്കിയത്.
ധനമന്ത്രിയായിരുന്ന കെ.എൻ. ബാലഗോപാലും ഗ്യാരണ്ടിക്ക് പരിധി നിശ്ചയിക്കണമെന്ന് യോഗത്തിൽ ആവശ്യപ്പെട്ടു. എന്നാൽ, കിഫ്ബി ഫണ്ട് ഉപയോഗിച്ച് വിവിധ വകുപ്പുകൾ നടത്തുന്ന വികസന പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താനാകില്ലെന്ന നിലപാടാണ് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ സ്വീകരിച്ചത്.