പ്രിയദര്‍ശിനി ബസ് ഇടിച്ച വിദ്യാര്‍ഥിനിയുടെ വിദ്യാർത്ഥിനിയുടെ തുടർചികിത്സയിൽ ഇടപെട്ട് സർക്കാർ
പ്രിയദർശിനി ബസ് കാലിലൂടെ കയറിയിറങ്ങി ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥിനിയുടെ തുടർചികിത്സയിൽ ഇടപെട്ട് സർക്കാർ. കുട്ടിക്ക് ആവശ്യമായ തുടർചികിത്സ ലഭ്യമാക്കുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മന്ത്രി ടി. സിദ്ദീഖ് അറിയിച്ചു. വിഷയം ഗതാഗത മന്ത്രിയുമായി സംസാരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
തുടർചികിത്സയ്ക്കായി ഏകദേശം അഞ്ചര ലക്ഷത്തോളം രൂപ ആവശ്യമായി വരുമെന്നും എന്നാൽ കുടുംബം നിലവിൽ വലിയ സാമ്പത്തിക പ്രതിസന്ധിയിലാണെന്നും പെൺകുട്ടിയുടെ പിതാവ് പ്രതികരിച്ചിരുന്നു. അപകടത്തിന് ശേഷം കെ.എസ്.ആർ.ടി.സി. ഒരു ലക്ഷം രൂപ അടിയന്തര നഷ്ടപരിഹാരമായി നൽകിയിരുന്നെങ്കിലും പ്രാഥമിക ചികിത്സയ്ക്ക് തന്നെ കുടുംബത്തിന് മൂന്നര ലക്ഷം രൂപയോളം ചെലവായിരുന്നു. തുടർന്ന് കുട്ടിയുടെ ചികിത്സയ്ക്കായി പൊതുജനങ്ങളിൽ നിന്ന് സഹായം സ്വീകരിക്കാൻ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് തീരുമാനിച്ചതും വാർത്തയായിട്ടുമുണ്ട്.
ഈ മാസം എട്ടാം തീയതി സ്കൂളിലേക്ക് പോകുന്നതിനിടെ തിരുവമ്പാടി ബസ് സ്റ്റാൻഡിൽ വെച്ചായിരുന്നു പ്ലസ് വൺ വിദ്യാർത്ഥിനിയെ ബസ് ഇടിച്ചുവീഴ്ത്തിയത്. തെറിച്ചുവീണ കുട്ടിയുടെ കാലിലൂടെ ബസിന്റെ മുൻചക്രം കയറിയിറങ്ങുകയായിരുന്നു.