ഹീനമായ ആക്രമണം; വൈറ്റ് ഹൗസ് വെടിവപ്പിനെ അപലപിച്ച് ട്രംപ്
"ഹീനമായ ആക്രമണം" എന്നും "ഭീകരപ്രവർത്തനം" എന്നും പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അപലപിച്ചു. കൂടാതെ യുഎസ് തലസ്ഥാനത്തേക്ക് 500 അധിക സൈനികരെ വിന്യസിക്കാൻ പെന്റഗണിനോട് നിർദ്ദേശിച്ചു.
വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ബ്ലോക്കുകൾ അകലെ ബുധനാഴ്ച ഉച്ചകഴിഞ്ഞ് (പ്രാദേശിക സമയം) വെസ്റ്റ് വിർജീനിയ നാഷണൽ ഗാർഡിലെ അംഗങ്ങളായ സൈനികർ പതിയിരുന്ന് ആക്രമിക്കപ്പെട്ടു. ആക്രമണത്തെത്തുടർന്ന് നിയമപാലകർ പ്രദേശത്ത് ഒത്തുകൂടിയതിനാൽ സമുച്ചയം ഉടൻ അടച്ചുപൂട്ടി. സംഭവം നടക്കുമ്പോൾ ട്രംപ് താങ്ക്സ്ഗിവിംഗിനായി ഫ്ലോറിഡയിലെ തന്റെ മാർ-എ-ലാഗോ ക്ലബ്ബിലായിരുന്നു.
"താങ്ക്സ്ഗിവിംഗ് അവധിയുടെ തലേന്ന്, വാഷിംഗ്ടൺ ഡിസിയിൽ സേവനമനുഷ്ഠിക്കുന്ന നാഷണൽ ഗാർഡിലെ രണ്ട് അംഗങ്ങളെ വൈറ്റ് ഹൗസിൽ നിന്ന് ഏതാനും ചുവടുകൾ അകലെ ഒരു ഭീകരമായ പതിയിരുന്ന് ആക്രമണത്തിൽ പോയിന്റ്-ബ്ലാങ്ക് റേഞ്ചിൽ വെടിവച്ചു," യുഎസ് പ്രസിഡന്റ് ഒരു വീഡിയോ പ്രസംഗത്തിൽ പറഞ്ഞു. "നമ്മുടെ മുഴുവൻ രാഷ്ട്രത്തിനും എതിരായ കുറ്റകൃത്യമായിരുന്നു അത്. മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായിരുന്നു അത്," അദ്ദേഹം പറഞ്ഞു.
ഏറ്റുമുട്ടലിൽ പരിക്കേറ്റതിനെ തുടർന്ന് 29 കാരനായ റഹ്മാനുള്ള ലകൻവാൾ എന്ന പ്രതിയെ കസ്റ്റഡിയിലെടുത്തു. അഫ്ഗാൻ പൗരനായ ലകൻവാൾ 2021 ൽ യുഎസിൽ എത്തിയതായി റിപ്പോർട്ടുണ്ട്. വെടിവയ്പ്പിനെ ഒരു ആസൂത്രിത ആക്രമണമാണെന്ന് വാഷിംഗ്ടൺ മേയർ മുറിയൽ ബൗസർ നേരത്തെ വിശേഷിപ്പിച്ചിരുന്നു. സംഭവം ഭീകരാക്രമണമായി അന്വേഷിക്കുകയാണെന്ന് നീതിന്യായ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.