ആഗോള വിമാന സർവീസുകൾ താളം തെറ്റും; എയർബസ് A320 വിമാനങ്ങൾ കൂട്ടത്തോടെ തിരിച്ചുവിളിച്ചു, കാരണം സൗരവികിരണം
ലോകമെമ്പാടുമുള്ള വ്യോമയാന മേഖലയ്ക്ക് വലിയ തിരിച്ചടിയായി, എയർബസ് കമ്പനി അവരുടെ ഏറ്റവും പ്രചാരമുള്ള എ320 സീരീസിലെ 6,000-ത്തോളം വിമാനങ്ങൾ ഉടൻ തിരിച്ചുവിളിക്കാൻ നിർദ്ദേശം നൽകി. വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ സംവിധാനത്തിലെ ഡാറ്റ, തീവ്രമായ സൗരവികിരണം (Solar Radiation) കാരണം തകരാറിലാകാൻ സാധ്യതയുണ്ടെന്ന കണ്ടെത്തലിനെ തുടർന്നാണ് അടിയന്തര നടപടി. ലോകത്തിലെ എ320 വിമാനങ്ങളുടെ പകുതിയിലധികം വരുന്ന വിമാനങ്ങളെ ഈ ഉത്തരവ് ബാധിക്കും.
സമീപകാലത്ത് എ320 കുടുംബത്തിൽപ്പെട്ട ഒരു വിമാനത്തിന് ആകാശത്ത് വെച്ച് പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട സംഭവത്തെത്തുടർന്നാണ് എയർബസ് വിശദമായ പരിശോധന നടത്തിയത്. ഒക്ടോബർ 30-ന് മെക്സിക്കോയിലെ കാൻകൂണിൽ നിന്ന് ന്യൂജേഴ്‌സിയിലേക്ക് പോവുകയായിരുന്ന ജെറ്റ്‌ബ്ലൂ വിമാനം അപ്രതീക്ഷിതമായി താഴ്ന്നതിനെ തുടർന്ന് ഫ്ലോറിഡയിൽ അടിയന്തരമായി ഇറക്കേണ്ടി വന്നിരുന്നു. ഈ അപകടത്തിൽ നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. ഈ സംഭവത്തിന്റെ വിശകലനത്തിലാണ് സൗരവികിരണത്തിന് വിമാനത്തിന്റെ ഫ്ലൈറ്റ് കൺട്രോൾ ഡാറ്റയെ തകരാറിലാക്കാൻ സാധിക്കുമെന്ന് കണ്ടെത്തിയത്.
വിമാനങ്ങളെ പറക്കാൻ അനുവദിക്കുന്നതിന് മുമ്പ് ഈ സാങ്കേതിക പ്രശ്നം പരിഹരിക്കണമെന്നാണ് എയർബസ് എയർലൈനുകൾക്ക് നൽകിയിട്ടുള്ള നിർദ്ദേശം. ഭൂരിഭാഗം വിമാനങ്ങളിലും സോഫ്റ്റ്‌വെയർ പഴയ പതിപ്പിലേക്ക് മാറ്റുന്നതിലൂടെ ഈ പ്രശ്നം പരിഹരിക്കാൻ സാധിക്കുമെന്നും ഇതിന് ഏകദേശം രണ്ട് മണിക്കൂർ സമയം മാത്രമാണ് ആവശ്യമുള്ളതെന്നും എയർബസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ, ആയിരത്തിലധികം വിമാനങ്ങൾക്ക് ഹാർഡ്‌വെയർ മാറ്റേണ്ടി വരും. ഇതിന് കൂടുതൽ സമയമെടുക്കും.