അപകടകരമായ ആന്തരിക ബധിര-മൂകതയ്ക്കെതിരെ ജാഗ്രത പാലിക്കുക, പാപ്പാ

ഫ്രാൻസീസ് പാപ്പാ പാപുവ ന്യൂഗിനിയിൽ, പോർട്ട മൊറെസ്ബിയിലെ സർ ജോൺ ഗൈസ് സ്റ്റേഡിയത്തിൽ സെപ്റ്റംബർ 8-ന് ഞായറാഴ്ച ദിവ്യബലി അർപ്പിച്ചു. തദ്ദവസരത്തിൽ പാപാ പങ്കുവച്ച സുവിശേഷ ചിന്തകൾ.

Sep 10, 2024 - 12:33
 0  5
അപകടകരമായ ആന്തരിക ബധിര-മൂകതയ്ക്കെതിരെ ജാഗ്രത പാലിക്കുക, പാപ്പാ

ഇന്ന് കർത്താവ് നമ്മോടു പറയുന്ന ആദ്യത്തെ വാക്ക് ഇതാണ്: "ധൈര്യമുള്ളവരായിരിക്കുക, ഭയപ്പെടേണ്ട!" (എശയ്യ 35.4). എശയ്യാ പ്രവാചകൻറെ പുസ്തകം മുപ്പത്തിയഞ്ചാം അദ്ധ്യായത്തിലെ നാലാമത്തേതായ ഈ വാക്കുകളോടെയാണ് പാപ്പാ തൻറെ തിരുവചന വിചിന്തനം ആരംഭിച്ചത്. പാപ്പാ ഇപ്രകാരം തുടർന്നു:

ആശയറ്റവരായ എല്ലാവരോടും ഏശയ്യാ പ്രവാചകൻ ഇതു പറയുന്നു. അദ്ദേഹം ഇപ്രകാരം തൻറെ ജനത്തിന് പ്രചോദനം പകരുകയും, ബുദ്ധിമുട്ടുകൾക്കും സഹനങ്ങൾക്കുമിടയിൽപ്പോലും, ഉന്നതത്തിലേക്ക് നോക്കാൻ,  പ്രത്യാശയുടെയും ഭാവിയുടെയും ചക്രവാളത്തിലേക്ക്   നോക്കാൻ അവരെ ക്ഷണിക്കുകയും ചെയ്യുന്നു: ദൈവം നമ്മെ രക്ഷിക്കാൻ വരുന്നു, അവൻ വരും, ആ ദിവസം, "അന്ധരുടെ നയനങ്ങൾ തുറക്കപ്പെടും, ബധിരരുടെ ചെവി ഇനി അടഞ്ഞിരിക്കില്ല" (ഏശയ്യാ 35, 5).

ഈ പ്രവചനം യേശുവിൽ നിവൃത്തിയാകുന്നു. വിശുദ്ധ മർക്കോസിൻറെ വിവരണം സർവ്വോപരി രണ്ട് കാര്യങ്ങൾ എടുത്തുകാണിക്കുന്നു: ബധിരനും മൂകനുമായവൻറെ  വിദൂരതയും യേശുവിൻറെ സാമീപ്യവും.

ബധിരനും മൂകനുമായവൻറെ വിദൂരസ്ഥത. ഇന്നിൻറെ ശൈലിയിൽ, “പ്രാന്തപ്രദേശം” എന്നു നാം വിളിക്കുന്ന ഒരു ഭൂപ്രദേശത്താണ് ഈ മനുഷ്യനുള്ളത്. ദെക്കാപ്പോളിസ് പ്രദേശം ജോർദ്ദാനിന് വെളിയിലാണ്, മതകേന്ദ്രമായ ജറുസലേമിൽ നിന്ന് വളരെ അകലെയാണ്. എന്നാൽ ബധിരനും മൂകനുമായ ആ മനുഷ്യൻ മറ്റൊരു തരത്തിലുള്ള  അകലവും അനുഭവിക്കുന്നു. അവൻ ദൈവത്തിൽ നിന്ന് ദൂരെയാണ്, അവൻ മനുഷ്യരിൽ നിന്ന് അകലെയാണ്, കാരണം അയാൾക്ക് ആശയവിനിമയം നടത്താൻ കഴിയില്ല: അവൻ ബധിരനാണ്, അതിനാൽ മറ്റുള്ളവരെ ശ്രവിക്കാൻ കഴിയില്ല, അവൻ ഊമനാണ്, അതിനാൽ അവന് മറ്റുള്ളവരോട് സംസാരിക്കാൻ കഴിയില്ല. ഈ മനുഷ്യൻ ലോകത്തിൽ നിന്ന് വിച്ഛേദിക്കപ്പെട്ടു, അവൻ ഒറ്റപ്പെട്ടിരിക്കുന്നു, ബധിരതയുടെയും മൂകതയുടെയും തടവുകാരനാണ്, അതിനാൽ, ആശയവിനിമയം നടത്താൻ മറ്റുള്ളവരോട് സ്വയം തുറക്കാൻ അവനാകില്ല.

അപ്പോൾ നമുക്ക് ഈ ബധിര-മൂക അവസ്ഥയെ മറ്റൊരു അർത്ഥത്തിലും വായിക്കാനാകും, കാരണം, ചെവിയെയും നാവിനെയുംകാൾ ഹൃദയം അടഞ്ഞിരിക്കുമ്പോൾ  ദൈവവുമായും നമ്മുടെ സഹോദരങ്ങളുമായും ഉള്ള കൂട്ടായ്മയിൽ നിന്നും സൗഹൃദത്തിൽ നിന്നും നാം വിച്ഛേദിക്കപ്പെടാം. നമ്മെ നമ്മിൽത്തന്നെ അടയ്ക്കുകയും, ദൈവത്തോടു അടയ്ക്കുകയും, മറ്റുള്ളവരോട് അടയ്ക്കുകയും ചെയ്യുന്ന  സകലത്തെയും ആശ്രയിച്ചിരിക്കുന്ന ഒരു ആന്തരിക ബധിരതയും ഹൃദയത്തിൻറെ മൂകതയും ഉണ്ട്: സ്വാർത്ഥത, നിസ്സംഗത, അപകടസാധ്യതകൾ ഏറ്റെടുക്കുന്നതിനുള്ള ഭയം, നീരസം, വെറുപ്പ് എന്നിവയാണവ. പട്ടിക ഇനിയും നീളാം. ദൈവത്തിൽ നിന്ന് നമ്മെ അകറ്റുന്നവയെല്ലാം നമ്മുടെ സഹോദരന്മാരിൽ നിന്നും നമ്മിൽനിന്നുതന്നെയും നമ്മെ അകറ്റുന്നു; ജീവിക്കുന്നതിൻറെ സന്തോഷത്തിൽ നിന്നും നമ്മെ അകറ്റുന്നു.

സഹോദരീസഹോദരന്മാരേ,  ഈ അകല്ചയോട് വിപരീതാവസ്ഥയാൽ ദൈവം പ്രതികരിക്കുന്നു, അതായത്, യേശുവിൻറെ സാമീപ്യത്താൽ. തൻറെ പുത്രനിൽ ദൈവം കാണിച്ചുതരാൻ അഭിളഷിക്കുന്നത് ഇതാണ്: അവിടന്ന് സമീപസ്ഥനാണ്, കരുണയുള്ള ദൈവമാണ്, നമ്മുടെ ജീവിതത്തെ പരിപാലിക്കുന്നവനാണ്, സകല ദൂരങ്ങളെയും മറികടക്കുന്നവനാണ്. സുവിശേഷത്തിൽ നാം കണുന്നത്, വാസ്തവത്തിൽ, യൂദയായിൽ നിന്നു പുറത്തുകടന്ന് പ്രാന്തപ്രദേശങ്ങളിലേക്ക് പോകുന്ന യേശുവിനെയാണ്.

തൻറെ സാമീപ്യത്താൽ, യേശു മനുഷ്യൻറെ മൂകതയെയും ബധിരതയെയും സൗഖ്യമാക്കുന്നു: നാം അകലെയാണെന്നു തോന്നുമ്പോൾ, അല്ലെങ്കിൽ അകന്നുനിൽക്കാൻ നാം തീരുമാനിക്കുമ്പോൾ, ദൈവത്തിൽ നിന്ന് അകലം പാലിക്കുമ്പോൾ, നമ്മുടെ സഹോദരന്മാരിൽ നിന്ന് അകന്നുനില്ക്കുമ്പോൾ, നമ്മിൽ നിന്ന് വ്യത്യസ്തരായവരിൽ നിന്ന് അകലത്തായിരിക്കുമ്പോൾ, നാം സ്വയം അടച്ചുപൂട്ടുകയാണ്, നാം നമ്മിൽത്തന്നെ വേലികെട്ടുകയാണ് അവസാനം നാം നമുക്കു ചുറ്റും മാത്രം കറങ്ങുന്ന അവസ്ഥയിലാകുന്നു, ദൈവവചനത്തിനും മറ്റുള്ളവരുടെ നിലവിളിക്കും ബധിരരായയതിനാൽ നാം ദൈവത്തോടും മറ്റുള്ളവരോടും സംസാരിക്കാൻ കഴിവില്ലാത്തവരായി പരിണമിക്കുന്നു.

സഹോദരീസഹോദരന്മാരേ, നിങ്ങൾ ഇത്രയേറെ വിദൂരസ്ഥമായ ഈ നാട്ടിൽ വസിക്കുന്നു; ഒരുപക്ഷേ പസഫിക്ക് സമുദ്രത്താൽ നിങ്ങൾ വേർതിരിക്കപ്പെട്ടിരിക്കുന്നുവെന്ന, കർത്താവിൽ നിന്ന് വിഭജിക്കപ്പെട്ടിരിക്കുന്നവെന്ന, മനുഷ്യരിൽ നിന്ന് വേർപെടുത്തപ്പെട്ടിരിക്കുന്നുവെന്ന തോന്നൽ നിങ്ങൾക്കുണ്ടാകാം, ഇത് ശരിയല്ല: നിങ്ങൾ ഐക്യപ്പെട്ടിരിക്കുന്നു, പരിശുദ്ധാത്മാവിൽ ഒന്നായിരിക്കുന്നു, കർത്താവിൽ ഐക്യപ്പെട്ടിരിക്കുന്നു.

ഇന്ന് നിങ്ങളോടും കർത്താവ് പറയുന്നു: പാപുവജനമേ "ധൈര്യമായിരിക്കുക, ഭയപ്പെടേണ്ട”! നിന്നെ തുറന്നിടുക! സുവിശേഷാനന്ദത്തിനായി സ്വയം തുറക്കുക, ദൈവവുമായുള്ള കൂടിക്കാഴ്ചയ്ക്കായി സ്വയം തുറക്കുക, സഹോദരങ്ങളുടെ സ്നേഹത്തിനായി സ്വയം തുറക്കുക." ഈ ക്ഷണത്തിനു മുന്നിൽ നമ്മളാരും ബധിരരും മൂകരുമായിരിക്കരുത്. വാഴ്ത്തപ്പെട്ട ജൊവാന്നി മത്സുക്കോണി  ഈ യാത്രയിൽ നിങ്ങളെ തുണയ്ക്കട്ടെ: നിരവധി കഷ്ടപ്പാടുകൾക്കും ശത്രുതകൾക്കും മദ്ധ്യേ, അദ്ദേഹം ക്രിസ്തുവിനെ നിങ്ങളുടെ ഇടയിലേക്ക് കൊണ്ടുവന്നു, ആരും സന്തോഷകരമായ പരിത്രാണസന്ദേശത്തോട് ബധിരരായി നിലകൊള്ളാതിരിക്കുന്നതിനും, എല്ലാവർക്കും ദൈവസ്നേഹം ആലപിക്കാൻ നാവിൻറെ കെട്ട് അഴിക്കാൻ സാധിക്കുന്നതിനും വേണ്ടിയാണിത്. നിങ്ങൾക്കും ഇന്ന് അങ്ങനെയാകട്ടെ!

What's Your Reaction?

like

dislike

love

funny

angry

sad

wow