മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന ഐബറോ-അമേരിക്കൻ രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച്, ഫ്രാൻസിസ് പാപ്പാ സന്ദേശമയച്ചു.

Sep 21, 2024 - 10:58
 0  4
മനുഷ്യാന്തസ്സിനെ സംരക്ഷിക്കുന്നില്ലെങ്കിൽ നീതി നിർജ്ജീവമാണ്: പാപ്പാ

പരിവർത്തന നീതിയുടെ സാങ്കേതികമായ വിവരണം എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ സ്‌പെയിനിലെ സാന്ത ക്രൂസ് ദേ തെനേരിഫിൽ, ഫിലിപ്പ് ആറാമൻ രാജാവിന്റെ അധ്യക്ഷതയിൽ നടന്ന ഐബറോ-അമേരിക്കൻ രാജ്യങ്ങളിലെ നീതിന്യായ മന്ത്രിമാരുടെ സമ്മേളനത്തോടനുബന്ധിച്ച് നൽകിയ സന്ദേശം ആരംഭിക്കുന്നത്. എന്നാൽ ഈ ഒരു വാക്ക് നീതിന്യായ പ്രക്രിയകളിൽ പങ്കാളികളാകാത്തവർക്ക് മനസിലാക്കുക എളുപ്പമല്ലെന്നും അദ്ദേഹം അടിവരയിട്ടു പറഞ്ഞു. തുടർന്ന്, 'പരിവർത്തന നീതി' എന്ന വാക്കിന്റെ നിർവചനവും പാപ്പാ നൽകി. "അനുരഞ്ജനവും ജനാധിപത്യവും പ്രോത്സാഹിപ്പിക്കുന്നതിനായി, വൻതോതിലുള്ള മനുഷ്യാവകാശ ലംഘനങ്ങൾ നടന്ന സംഘർഷത്തിൻ്റെയോ, അടിച്ചമർത്തലിൻ്റെയോ സാഹചര്യത്തിന് ശേഷം സ്വീകരിച്ച രാഷ്ട്രീയ നിലപാടുകളുടെയും, വിധിനിർണ്ണയങ്ങളുടെയും സമഗ്രമായ നടപടിക്രമങ്ങളെയാണ് പരിവർത്തന നീതി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്", പാപ്പാ പറഞ്ഞു. അതിനാൽ ഇത് സാമൂഹികബന്ധങ്ങളെ ഇഴുകിച്ചേർക്കുന്ന ഒരു കണ്ണിയെന്ന നിലയിൽ പ്രവർത്തിക്കുന്നു, പരിശുദ്ധ പിതാവ് കൂട്ടിച്ചേർത്തു.

മന്ത്രിമാരുടെ സമ്മേളന അവസരത്തിൽ "പരിവർത്തന നീതിയുടെ ഭൂതവും വർത്തമാനവും ഭാവിയും: ലോകസമാധാനത്തിൻ്റെ നിർമ്മാണത്തിൽ ലാറ്റിൻ അമേരിക്കൻ അനുഭവം" എന്ന ഗ്രന്ഥവും പ്രകാശനം  ചെയ്യപ്പെട്ടു. കഴിഞ്ഞകാലഘട്ടത്തിൽ  നിന്ന് പഠിക്കുകയും, പലപ്പോഴും വേദനാജനകമായ മുൻകാല അനുഭവങ്ങൾ അവലോകനം ചെയ്യുകയും ചെയ്യുന്നത് വർത്തമാനകാലത്തെ  വെല്ലുവിളികൾക്ക് യോജിച്ചതും, അർത്ഥവത്തായതുമായ പ്രതികരണങ്ങൾ നൽകാനും, സമാധാനം, സ്വാതന്ത്ര്യം, നീതി എന്നിവയുടെ പാതകളിൽ പുരോഗതി കൈവരിക്കുവാൻ ഉതകുംവിധമുള്ള  സംവിധാനങ്ങൾ തേടാനും നമ്മെ ക്ഷണിക്കുന്നുവെന്നു ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശത്തിൽ എടുത്തു പറഞ്ഞു. കൊളംബസിന്റെ അമേരിക്കൻ യാത്രയിൽ, തദ്ദേശീയരെ അടിമകളായി വിൽക്കുന്നതുമായി ബന്ധപ്പെട്ട്, കാസ്റ്റില്ല്യയിലെ ഇസബെല്ലാ രാജ്ഞി  എടുത്ത കടുത്ത തീരുമാനങ്ങളെയും പാപ്പാ ഓർമ്മിപ്പിച്ചു.

തുടർന്ന് തന്റെ സന്ദേശത്തിൽ, ഫ്രാൻസിസ് പാപ്പാ ആധുനികയുഗത്തിൽ കൈക്കൊള്ളേണ്ട മൂന്നു പാഠങ്ങളെയും പരാമർശിച്ചു. അതിൽ പ്രഥമമായിട്ടുള്ളത്, 'ചരിത്രം പിന്നോട്ട് പോകുകയില്ല എന്നതും, എല്ലാം മുമ്പത്തെപ്പോലെ തിരിച്ചുപോകുമെന്ന് വിചാരിച്ചുകൊണ്ട് സ്വയം വഞ്ചിതരാകാതെ, വർത്തമാനകാലത്തിന് അനുയോജ്യമായ സാഹചര്യങ്ങളെ കെട്ടിപ്പടുക്കുക എന്നതാണ്.' രണ്ടാമത്തെ പാഠം ദ്രുതഗതിയിലുള്ള പ്രതികരണങ്ങൾ നൽകുക എന്നതാണ്. കക്ഷിരാഷ്ട്രീയങ്ങൾക്കുമപ്പുറം ധാർമ്മിക മനഃസാക്ഷിയുടെ അടിസ്ഥാനത്തിൽ പൗരന്മാരുടെ മൗലികാവകാശങ്ങളെ ബഹുമാനിക്കാനും, സംരക്ഷിക്കുവാനും ഭരണാധികാരികൾക്കുള്ള കടമ പാപ്പാ ഓർമ്മിപ്പിക്കുന്നു.

തുടർന്ന് മൂന്നാമത്തെ പാഠമായി പാപ്പാ നൽകുന്നത്, ഇവയെല്ലാം പ്രവൃത്തിപഥത്തിൽ എത്തിക്കുന്നതിലുള്ള ബുദ്ധിമുട്ടുകളാണ്. വ്യവസ്ഥകളുടെ ഫലപ്രദവും, പ്രായോഗികവുമായ പ്രയോഗങ്ങൾ ഉയർത്തുന്ന പിരിമുറുക്കങ്ങൾ ഒഴിവാക്കാനാവുകയില്ല എങ്കിലും, നീതി നടപ്പിലാക്കുന്നില്ലെങ്കിൽ, അത് അക്ഷരക്കൂട്ടുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്ന നിർജ്ജീവ വസ്തു ആയി മാറുമെന്നുള്ള മുന്നറിയിപ്പും പാപ്പാ നൽകുന്നു. നീതി നടപ്പാക്കാനും, പരസ്പരധാരണയുടെയും സാഹോദര്യത്തിന്റെയും പാതകൾ തുറക്കാനും ഉട്ടോപ്യൻ ചിന്താരീതികളല്ല, മറിച്ച് ഉത്തരവാദിത്വപൂർണ്ണമായ ധൈര്യവും, നിശ്ചയദാർഢ്യവുമാണ് ആവശ്യമായതെന്നും പാപ്പാ കൂട്ടിച്ചേർത്തു.

What's Your Reaction?

like

dislike

love

funny

angry

sad

wow