സൃഷ്ടിയുടെ സംരക്ഷണത്തിനു നാം പ്രതിജ്ഞാബദ്ധരാണ്: ഫ്രാൻസിസ് പാപ്പാ
'സൗന്ദര്യത്തിന്റെ കാവൽക്കാർ' എന്ന പേരിൽ ഇറ്റാലിയൻ മെത്രാൻ സമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രയോഗികപരിപാടിയിൽ പങ്കെടുത്തവരുമായി ഫ്രാൻസിസ് പാപ്പാ കൂടിക്കാഴ്ച്ച നടത്തുകയും, അവർക്ക് സന്ദേശം നൽകുകയും ചെയ്തു
ദൈവസൃഷ്ടിയുടെ സംരക്ഷണത്തിനും, പരിപാലനത്തിനും പ്രോത്സാഹനം നൽകിക്കൊണ്ട് ഇറ്റാലിയൻ മെത്രാൻ സമിതിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 'സൗന്ദര്യത്തിന്റെ കാവൽക്കാർ' എന്ന പ്രായോഗികപരിപാടിയിലെ അംഗങ്ങളെ സെപ്റ്റംബർ മാസം മുപ്പതാം തീയതി, ഫ്രാൻസിസ് പാപ്പാ, വത്തിക്കാനിൽ സന്ദർശിക്കുകയും അവർക്ക് സന്ദേശം നൽകുകയും ചെയ്തു. സന്ദേശത്തിൽ, എല്ലാ സൃഷ്ടികൾക്കും സവിശേഷവും, പവിത്രവുമായ സൗന്ദര്യം ഉണ്ടെന്നും, അത് സംരക്ഷിക്കേണ്ട ഉത്തരവാദിത്വവും, പ്രതിബദ്ധതയും എല്ലാ മനുഷ്യരിലും ഉൾച്ചേർന്നിരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. പ്രായോഗിക പരിപാടിക്കുവേണ്ടി തിരഞ്ഞെടുത്തിരിക്കുന്ന 'സൗന്ദര്യത്തിന്റെ കാവൽക്കാർ' എന്നത് സംരക്ഷണം, സൗന്ദര്യം എന്നിങ്ങനെയുള്ള രണ്ടു മഹത്തായ ജീവിത ഉദ്ദേശ്യങ്ങളെ എടുത്തുകാണിക്കുന്നുവെന്നും പാപ്പാ പറഞ്ഞു.
സംരക്ഷിക്കുക, മേൽനോട്ടം വഹിക്കുക, പ്രതിരോധിക്കുക എന്നിങ്ങനെയുള്ള അർത്ഥം വരുന്ന 'കാവൽക്കാർ' എന്ന പദം സൃഷ്ടിയുടെ മൂല്യം എല്ലായ്പ്പോഴും കാത്തുസൂക്ഷിക്കുവാനുള്ള നമ്മുടെ ശ്രദ്ധയും പരിചരണവും അടിവരയിടുന്നുവെന്ന് പാപ്പാ പറഞ്ഞു. കാവൽ നിൽക്കുന്നവരുടെ ജാഗ്രതയും ഏറെ പ്രധാനപ്പെട്ടതാണെന്നും, അതിനു അവർ വിശാലമായ ദൃഷ്ടി ഉറപ്പിക്കേണ്ടത് ആവശ്യമെന്നും പാപ്പാ കൂട്ടിച്ചേർത്തു. പൊതുഭവനത്തിന്റെ സംരക്ഷണം എന്നത് ഏതാനും ആളുകളുടെ ഉത്തരവാദിത്വം അല്ലെന്നും, ചെറുതും വലുതുമായ രീതിയിൽ എല്ലാവർക്കും സംഭാവനകൾ നൽകുവാനുള്ള കടമയുണ്ടെന്നും പാപ്പാ പറഞ്ഞു. ദരിദ്രർ, കുടിയേറ്റക്കാർ, പ്രായമായവർ, വികലാംഗർ, വിട്ടുമാറാത്ത രോഗങ്ങളുള്ളവർ എന്നിങ്ങനെ സമൂഹത്തിൽ ഉപേക്ഷിക്കപ്പെടുകയും വിസ്മരിക്കപ്പെടുകയും ചെയ്യുന്ന നിരവധി ആളുകളെ പരിചരിക്കേണ്ടത് പ്രാഥമിക ലക്ഷ്യമായി നിലനിർത്തണമെന്ന ശുപാർശയും പാപ്പാ നൽകുന്നു.
സൗന്ദര്യമെന്ന മൂല്യത്തെയും പാപ്പാ പരാമർശിച്ചു. എന്നാൽ ഇന്ന് ഇതൊരു ആസക്തിയായി മാറിയിരിക്കുന്നുവെന്നും, സൗന്ദര്യത്തിന്റെ യാഥാർഥ്യത്തെ ജനങ്ങൾ വിസ്മരിക്കുന്നുവെന്നും പാപ്പാ പറഞ്ഞു. ആളുകളുടെ സമഗ്ര വികസനത്തേക്കാൾ, സുഖഭോഗവാദത്തിന്റെയും, വാണിജ്യ, പരസ്യ മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിൽ സൗന്ദര്യത്തെ വിശദീകരിക്കുന്നത് ഏറെ ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കുന്നുവെന്നും പാപ്പാ കൂട്ടിച്ചേർത്തു. അതിനാൽ, കൃപയുടെയും നന്മയുടെയും, സൗന്ദര്യാത്മകവും ധാർമ്മികവുമായ പരിപൂർണ്ണതയ്ക്കുവേണ്ടി എല്ലാവരും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും പാപ്പാ ആഹ്വാനം ചെയ്തു.
What's Your Reaction?