ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണം: ഫ്രാൻസിസ് പാപ്പാ

ഇറ്റലിയിലെ പോംപെ മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ, പരിശുദ്ധ ജപമാല മാതാവിന്റെ അത്ഭുത ചിത്രം പ്രതിഷ്ഠിച്ചതിന്റെ നൂറ്റിയൻപതാം വാർഷികം ആഘോഷിക്കുന്ന സഭാസമൂഹത്തിനു പ്രാർത്ഥനാശംസകൾ നേർന്നുകൊണ്ട് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം അയച്ചു.

Nov 11, 2024 - 09:20
 0  9
ജപമാലയുടെ സൗന്ദര്യം വീടുകളിൽ കണ്ടെത്തണം: ഫ്രാൻസിസ് പാപ്പാ

പരിശുദ്ധ അമ്മയുടെ സന്നിധിയിൽ ആശ്വാസവും പ്രത്യാശയും കണ്ടെത്തുന്നതിനായി പോംപെ മാതാവിന്റെ  തീർത്ഥാടനകേന്ദ്രത്തിൽ എത്തിച്ചേരുന്ന എല്ലാവരോടും ചേർന്നുകൊണ്ട് ആത്മീയമായി ഈ ആഘോഷങ്ങളിൽ പങ്കെടുക്കുവാൻ തനിക്കുള്ള അതിയായ സന്തോഷം പങ്കുവച്ചുകൊണ്ടാണ് ഫ്രാൻസിസ് പാപ്പാ തന്റെ സന്ദേശലേഖനം ആരംഭിക്കുന്നത്. രക്ഷ തേടുകയാണെങ്കിൽ, ജപമാല ഭക്തി  പ്രചരിപ്പിക്കുക  എന്നുള്ള ബാർട്ടോലോ ലോങ്കോയുടെ ഉൾവിളി, തുടർന്ന് ഈ തീർത്ഥാടന കേന്ദ്രത്തിന്റെ ഉത്ഭവത്തിലേക്ക് നയിച്ചുവെന്നുള്ളത് അദ്ദേഹത്തിന്മേലുള്ള വാഗ്ദാനത്തിന്റെയും, നിയോഗത്തിന്റെയും ആധ്യാത്മികദർശനമായിരുന്നുവെന്നും പാപ്പാ എഴുതി.

ഈ ഉൾവിളി, അദ്ദേഹത്തെ ജപമാലയുടെ അപ്പസ്തോലനാക്കുകയും, മരിയൻ ഭക്തിയുടെ ഏറ്റവും മികച്ച വ്യാഖ്യാതാക്കളിൽ ഒരാളായി പിൽക്കാലത്ത് മാറുകയും ചെയ്തു എന്നുള്ളതും പാപ്പാ അടിവരയിട്ടു പറഞ്ഞു. നമ്മുടെ പ്രത്യാശയായ യേശുവിനെ കേന്ദ്രീകരിച്ചുള്ള വരാനിരിക്കുന്ന ജൂബിലി വർഷവുമായും, ത്രിത്വത്തിന്റെ വെളിച്ചത്തിൽ ക്രിസ്തുവിന്റെ ദൈവീക -മാനുഷിക രഹസ്യാത്മകതയ്ക്ക്  പ്രത്യേക പ്രാധാന്യം നൽകിയ നിഖ്യ സൂനഹദോസിന്റെ  (325) പതിനേഴാം ശതാബ്ദിയുമായും പോംപെ മാതാവിന്റെ ചിത്രരചനാ ജൂബിലിക്ക് അഭേദ്യ ബന്ധമുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർത്തു. രക്ഷകനായ യേശുവിന്റെ ജീവിതത്തിലെ ആത്മീയത സ്വാംശീകരിക്കുന്നതിനും, പരിശുദ്ധ കന്യകാമറിയത്തിന്റെ ദർശനത്താൽ അവയെ ധ്യാനിക്കുന്നതിനും, എല്ലാവർക്കും എത്തിപ്പെടാവുന്ന ലളിതമായ ഉപകരണമായ ജപമാല വീണ്ടും കണ്ടെത്തണമെന്നുള്ള ആഹ്വാനവും പാപ്പാ നൽകുന്നു.

സമാധാനം കെട്ടിപ്പടുക്കുന്നതിൽ ജപമാല ഏറെ സഹായകരമാണെന്നും, മടുപ്പുളവാക്കാത്ത ഒരു സ്നേഹ പ്രവൃത്തിയാണ് ഈ ജപമാല ഉരുവിടുന്നതിലൂടെ ചെയ്യുന്നതെന്നും പാപ്പാ എഴുതി. രോഗികൾക്കും ദുരിതമനുഭവിക്കുന്നവർക്കും ആശ്വാസത്തിന്റെ ഉറവിടം കൂടിയാണ് ജപമാലയെന്നും പരിശുദ്ധ പിതാവ് പ്രത്യേകം കുറിച്ചു. അനാഥർക്കും തടവുകാരുടെ കുട്ടികൾക്കും ഒരു ആലിംഗനമായി മാറുന്ന സ്നേഹത്തിന്റെ ഒരു ശൃംഖല കൂടിയാണ് ജപമാല എന്നും അതിനാൽ കാരുണ്യപ്രവൃത്തികളിൽ ഒഴിച്ചുകൂടാനാവാത്ത ഒന്നായി ഈ ജപമാലപ്രാർത്ഥന മാറണമെന്നും പാപ്പാ പറഞ്ഞു. ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പാത വീണ്ടും കണ്ടെത്തേണ്ട മനുഷ്യരാശിയോട്  പോംപെ മാതാവിന്റെ സന്ദേശത്തിലൂടെ കർത്താവ്  വീണ്ടും സംസാരിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow