പട്ടിണി കുറ്റകരം, ഭക്ഷണം അനിഷേധ്യാവകാശം, പാപ്പാ

ബ്രസീലിൽ സംഘടിപ്പിക്കപ്പെട്ട ജി 20 നാടുകളുടെ തലവന്മാരുടെ ഉച്ചകോടിക്ക് ഫ്രാൻസീസ് പാപ്പായുടെ സന്ദേശം.

Nov 20, 2024 - 11:49
 0  9
പട്ടിണി കുറ്റകരം, ഭക്ഷണം അനിഷേധ്യാവകാശം, പാപ്പാ

മാനവ സമൂഹം പട്ടിണിയെ മൗനമായി അംഗീകരിക്കുന്നത് നിന്ദ്യമായ അനീതിയും കടുത്ത ദ്രോഹവുമാണെന്ന് മാർപ്പാപ്പാ.

നവമ്പർ 18,19 തീയതികളിൽ ബ്രസീലിലെ ഹിയൊ ജ് ഷനൈരൊ (Rio de Janeiro) യിൽ സംഘടിപ്പിക്കപ്പെട്ട, സാമ്പത്തികമായും വ്യവസായികമായും മുന്നിൽനില്ക്കുന്ന ശക്തികളായ ജി 20 നാടുകളുടെ തലവന്മാരുടെ സമ്മേളനത്തിനു നല്കിയ സന്ദേശത്തിലാണ് ഫ്രാൻസീസ് പാപ്പായുടെ ഈ അപലപനം ഉള്ളത്. വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പിയെത്രൊ പരോളിൻ ഈ സന്ദേശം സമ്മേളനത്തിൻറെ ആദ്യദിനമായിരുന്ന തിങ്കളാഴ്ച യോഗത്തിൽ വായിച്ചു.

പട്ടിണി കേവലം ഭക്ഷണത്തിൻറെ അപര്യാപ്തയല്ലെന്നും മറിച്ച്, അത് വിപുലമായ സാമൂഹ്യ സാമ്പത്തിക  അനീതികളുടെ അനന്തരഫലമാണെന്നും പാപ്പാ തൻറെ സന്ദേശത്തിൽ പറയുന്നു. ദാരിദ്ര്യം, പ്രത്യേകിച്ച്, നമ്മുടെ ആഗോള സമൂഹത്തിൽ വ്യാപകമായ സാമ്പത്തികവും സാമൂഹികവുമായ അസമത്വങ്ങളുടെ ഒരു അനന്ത ചക്രം തന്നെ സൃഷ്ടിച്ചുകൊണ്ട്, പട്ടിണിക്ക് സാരമായ സംഭാവനയേകുന്നുവെന്നും പട്ടിണിയും ദാരിദ്ര്യവും തമ്മിൽ  അഭേദ്യം ബന്ധപ്പെട്ടിരിക്കുന്നുവെന്നും പാപ്പാ വ്യക്തമാക്കുന്നു. ആകയാൽ പട്ടിണിയുടെയും ദാരിദ്ര്യത്തിൻറെയും വിപത്ത് തുടച്ചുനീക്കുന്നതിന് അടിയന്തിരവും നിർണ്ണായകവുമായ നടപടി സ്വീകരിക്കേണ്ടതുണ്ടെന്ന് പാപ്പാ കൂട്ടിച്ചേർക്കുന്നു.

ആഗോളവത്ക്കരണത്തിൻറെ പശ്ചാത്തലത്തിൽ പരസ്പര ബന്ധിതങ്ങളായ നിരവധി വെല്ലുവിളികളുണ്ടെന്നും ഇവ അന്താരാഷ്ട്ര വ്യവസ്ഥയിന്മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്നത് അംഗീകരിക്കുക സത്താപരമാണെന്നും തീവ്രതയാർജ്ജിക്കുന്ന യുദ്ധങ്ങൾ, സംഘർഷങ്ങൾ ഭീകരപ്രവർത്തനങ്ങൾ തുടങ്ങിയവ ഈ സമ്മർദ്ദങ്ങളുടെ ഭിന്ന രൂപങ്ങളാണെന്നും പാപ്പാ വിശദീകരിക്കുന്നു. ആകയാൽ, സംഘർഷവുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും സുസ്ഥിരവും ശാശ്വതവുമായ സമാധാനം കൈവരിക്കുന്നതിനുള്ള നൂതനമാർഗ്ഗങ്ങൾ ജി 20 കണ്ടെത്തേണ്ടത് അത്യന്തം പ്രാധാന്യമർഹിക്കുന്നുവെന്ന് പാപ്പാ ഓർമ്മിപ്പിക്കുന്നു.

ഭക്ഷ്യരംഗത്ത് പ്രകടമാകുന്ന വൈരുദ്ധ്യത്തെക്കുറിച്ചും പാപ്പാ പരാമർശിക്കുന്നു. ഒരു വശത്ത് 300 കോടിയോളം ജനങ്ങൾക്ക് ആവശ്യത്തിന് ഭക്ഷണം ലഭിക്കുന്നില്ലയെന്നും എന്നാൽ മറുവശത്താകട്ടെ,  200 കോടിയോളം പേർ അമിതഭാരം ഉള്ളവരാണെന്നും പറയുന്ന പാപ്പാ, ആകയാൽ, എല്ലാ തലങ്ങളിവും സജീവമായി ഇടപെടുന്ന ഒരു മാറ്റത്തിനും ഭക്ഷ്യസമ്പദായത്തെ മൊത്തത്തിൽ ഉടച്ചുവാർക്കുന്നതിന് ഉചിതമായ ഒരു പ്രതിബദ്ധതയ്ക്കും ഇത് ആഹ്വാനം ചെയ്യുന്നുവെന്നും വിശദീകരിക്കുന്നു.

സാമ്പത്തികമേഖലയിലുള്ള ഊഹക്കച്ചവടം ഭക്ഷ്യവസ്തുകളുടെ വില കൃത്രിമമായി ഉയർത്തുന്നതും അങ്ങനെ ദശലക്ഷക്കണക്കിനാളുകൾ പട്ടിണിയുടെ പിടിയിലാകുകയും മരിക്കുകയും ചെയ്യുന്നതും അതേസമയത്ത്, ടൺ കണക്കിന് ഭക്ഷണസാധനങ്ങൾ വലിച്ചെറിയപ്പെടുന്നതുമായ അവസ്ഥയെക്കുറിച്ചും പാപ്പാ പറയുന്നു. പട്ടിണി കുറ്റകരമാണെന്നും ആഹാരം അനിഷേധ്യമായ അവകാശമാണെന്നും പാപ്പാ വ്യക്തമാക്കുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow