പാപ്പായ്ക്ക് കുട്ടികളുടെ ഒരു കൃതജ്ഞതാ ലേഖനം

ഫെബ്രുവരി 3-ന് കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് വത്തിക്കാനിൽ സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിയോടനുബന്ധിച്ചാണ് കുഞ്ഞുങ്ങൾ ഫ്രാൻസീസ് പാപ്പായ്ക്ക് കത്തെഴുതിയത്.

Feb 5, 2025 - 11:17
 0  12
പാപ്പായ്ക്ക് കുട്ടികളുടെ ഒരു കൃതജ്ഞതാ ലേഖനം

തങ്ങളെക്കുറിച്ചും തങ്ങളുടെ ഭാവിയെക്കുറിച്ചും ആശങ്കപുലർത്തുകയും തങ്ങളെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന പാപ്പായ്ക്കു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് കുട്ടികൾ ഒരു കത്തെഴുതി.

ഫ്രാൻസീസ് പാപ്പായുടെ ആഹ്വാന പ്രകാരം വത്തിക്കാനിൽ, ഫെബ്രുവരി 3-ന് കുട്ടികളുടെ അവകാശങ്ങളെ അധികരിച്ച് സംഘടിപ്പിക്കപ്പെട്ട ഉച്ചകോടിയോടനുബന്ധിച്ചാണ് കുഞ്ഞുങ്ങൾ ഈ കത്തെഴുതിയത്. ഈ കത്ത് പാപ്പാതന്നെ ഈ അന്താരാഷ്ട്രസമ്മേളനത്തിൻറെ തിങ്കളാഴ്ച ഉച്ചതിരിഞ്ഞു നടന്ന സമാപനയോഗത്തിൽ വായിച്ചു.

തങ്ങളെ ശ്രവിക്കുന്നതിനും തങ്ങളുടെ ചോദ്യങ്ങൾക്കുത്തരമേകാൻ സമയം കണ്ടെത്തുന്നതിനും കുഞ്ഞുങ്ങൾ പാപ്പായ്ക്ക് നന്ദി പറയുന്നു. ലോകത്തിൽ മാറ്റം വരുത്തുന്നതിന് തങ്ങളുടെ സഹായം പാപ്പാ ആഗ്രഹിക്കുന്നുണ്ടെന്ന കാര്യം പാപ്പാ റോമിൽ വിളിച്ചുകൂട്ടിയ കുട്ടികളുടെ ലോകസമ്മേളനവേളയിൽ തങ്ങൾക്കു മനസ്സിലായി എന്നും അവർ കത്തിൽ വെളിപ്പെടുത്തുന്നു.

ലോകത്തിൻറെ ഇന്നത്തെ അവസ്ഥ പാപ്പായ്ക്കെന്നപോലെ തങ്ങൾക്കും ഇഷ്ടമല്ലെന്നും പട്ടിണിയുടെയും യുദ്ധത്തിൻറെയും വർണ്ണവിത്യാസത്തിൻറെയും പ്രകൃതിദുരന്തങ്ങളുടെയുമായ ദുരിതമനുഭവിക്കുന്ന കുഞ്ഞുങ്ങൾ നിരവധിയാണെന്നും പറയുന്ന കുട്ടികൾ തങ്ങൾക്കാവശ്യം കുബേരകുചേലന്മാർ തമ്മിലും യുവജനവും വയോജനവും തമ്മിലും ഭിന്നിപ്പുകൾ ഇല്ലാത്ത നീതിവാഴുന്നതും വനത്തെ നശിപ്പിക്കുകയും കടലിനെ മലിനപ്പെടുത്തുകയും ജീവികളെ ഇല്ലായ്മചെയ്യുകയും ചെയ്യുന്നതുമായ മാലിന്യത്തിൽനിന്നു മുക്തവും നിർമ്മലവുമായ ഒരു ലോകമാണെന്ന് വ്യക്തമാക്കുന്നു.

ഏറെ പണം ഉണ്ടാക്കുകയല്ല ഭൂമിയെ രക്ഷിക്കുകയാണ് കൂടുതൽ പ്രധാനം എന്ന ബോധ്യം തങ്ങൾക്കുണ്ടെന്നും ആരെയും ഒഴിവാക്കാതെ സകലരെയും ആശ്ലേഷിക്കുന്നതും എല്ലാ കുട്ടികൾക്കും നന്നായി വളരാനും, പഠിക്കാനും, കളിക്കാനും, സമാധാനപരമായി ജീവിക്കാനും കഴിയുന്ന ഒരു ഒരു ലോകമാണ് വേണ്ടതെന്നും കുട്ടികൾ കത്തിൽ പറയുന്നു.

തങ്ങൾക്ക് സമാധാനം വേണമെന്നും യുദ്ധമുള്ള ഒരു ലോകത്ത് ജീവിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നില്ലയെന്നും യുദ്ധം പാടില്ലയെന്നും യുദ്ധംകൊണ്ട് ഒരു ഉപകാരവുമില്ലെന്നും അത് എല്ലാവരെയും നശിപ്പിക്കുകയാണ്  ജീവനെടുക്കുകയാണ്,  ദുഃഖിപ്പിക്കുകയാണ് ചെയ്യുന്നതന്നും, പക്ഷേ വലിയവരായ ചിലർക്ക് മഇപ്പോഴും ഇത് മനസ്സിലായിട്ടില്ലെന്നും കുട്ടികൾ പറയുന്നു.

പപ്പായോടു ചേർന്ന്, ലോകത്തെ മോശമായ കാര്യങ്ങളിൽ നിന്ന് ശുദ്ധീകരിക്കാനുള്ള അഭിലാഷം പ്രകടിപ്പിക്കുന്ന കുഞ്ഞുങ്ങൾ സൗഹൃദവും ആദരവും കൊണ്ട് ലോകത്തെ ചായംപൂശുന്നതിനും എല്ലാവർക്കും വേണ്ടിയുള്ള മനോഹരമായ ഒരു ഭാവി കെട്ടിപ്പടുക്കുന്നതിനും പാപ്പായെ സഹായിക്കാൻ തങ്ങൾ ആഗ്രഹിക്കുന്നുവെന്ന് വെളിപ്പടുത്തുകയും  പാപ്പായുടെ സഹായമുണ്ടെങ്കിൽ അത് എളുപ്പമാകുമെന്ന  ബോധ്യം പ്രകടിപ്പിക്കുകയും ചെയ്യുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow