ശാന്തിയും നീതിയും സാഹോദര്യവും വാഴുന്ന പുതുയുഗ ശില്പികളാകാം, പാപ്പാ
2025-ലെ പ്രത്യാശയുടെ ജൂബിലിയാചരണത്തിൽ സാമൂഹ്യ-സഭാ ജീവിതത്തിൽ സേവനം

പ്രത്യാശയുടെ ജൂബിലിവത്സരാചരണത്തോടനുബന്ധിച്ച് 8,9 തീയതികളിൽ സായുധ സേനയുടെയും പൊലീസിൻറെയും സുരക്ഷാപ്രവർത്തകരുടെയും ദ്വിദിന ജൂബിലി യായിരുന്നതിനാൽ ഈ ഞായാറാഴ്ച (09/02/25) അവർക്കുവേണ്ടി ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യബലി അർപ്പിക്കപ്പെട്ടു. വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ ചത്വരമായിരുന്നു വേദി. സായുധസേനകളുടെയും സുരക്ഷാപ്രവർത്തകരുടെയും വിവിധ രാജ്യക്കാരായിരുന്ന പ്രതിനിധികളും തീർത്ഥാടകരുമുൾപ്പടെ പതിനായിരങ്ങൾ ഈ വിശുദ്ധ കുർബ്ബാനയിൽ പങ്കുകൊണ്ടു. ഞായറാഴ്ച പ്രാദേശികസമയം, രാവിലെ 10.30-ന്, ഇന്ത്യയിലെ സമയം ഉച്ചതിരിഞ്ഞ് 3 മണിക്ക് ദിവ്യബലി ആരംഭിച്ചു.ആമുഖപ്രാർത്ഥനകൾക്കും ദൈവവചന പാരായണത്തിനും ശേഷം പാപ്പായുടെ സുവിശേഷപ്രഭാഷണമായിരുന്നു. ദിവ്യബലിയിൽ വായിക്കപ്പെട്ട ലൂക്കായുടെ സുവിശേഷം അഞ്ചാം അദ്ധ്യായം 1-11 വരെയുള്ള വാക്യങ്ങൾ, അതായത്, ഗനേസറത്തു തടാകത്തിനടുത്തു നില്ക്കുന്ന യേശു, രാത്രിമുഴുവൻ അദ്ധ്വാനിച്ചിട്ടും ഒന്നും കിട്ടാതിരുന്ന ശിമയോനോട് ആഴത്തിലേക്കു നീക്കി വലയെറിയാൻ പറയുന്നതും അപ്രകാരം ചെയ്തപ്പോൾ വള്ളം നിറയെ മത്സ്യം ലഭിച്ചതുമായ സുവിശേഷ സംഭവം, ആയിരുന്നു വിചിന്തനത്തിന് ആധാരം. പാപ്പാ ഇപ്രകാരം പറഞ്ഞു:
വള്ളത്തിൽ കയറിയിരിക്കുന്ന യേശു
ഗെനേസറത്ത് തടാകത്തിനടുത്തു നിലക്കുന്ന യേശുവിൻറെ മനോഭാവം സുവിശേഷകൻ മൂന്ന് ക്രിയകൾ ഉപയോഗിച്ച് വിവരിക്കുന്നു: അവൻ കണ്ടു, അവൻ കയറി, അവൻ ഇരുന്നു. യേശു കണ്ടു, യേശു കയറി, യേശു ഇരുന്നു. ജനക്കൂട്ടത്തിനു മുന്നിൽ തൻറെ ഒരു പ്രതിച്ഛായ അവതരിപ്പിക്കുന്നതിലല്ല യേശു ശ്രദ്ധ കേന്ദ്രീകരിക്കുന്നത്, ഒരു ദൗത്യം നിർവ്വഹിക്കുന്നതിലല്ല, തൻറെ ദൗത്യത്തിൽ ഒരു സമയക്രമം പാലിക്കുന്നതിലല്ല അവിടന്ന് ശ്രദ്ധചെലുത്തുന്നത്. നേരെമറിച്ച്, അവൻ എല്ലായ്പ്പോഴും പ്രാഥമ്യം കല്പിക്കുന്നത് മറ്റുള്ളവരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ്, ബന്ധത്തിനാണ്, പലപ്പോഴും ഹൃദയത്തെ ഭാരപ്പെടുത്തുകയും പ്രതീക്ഷയെ കവർന്നെടുക്കുകയും ചെയ്യുന്ന കഷ്ടപ്പാടുകളെയും പരാജയങ്ങളെയും കുറിച്ചുള്ള ആശങ്ക എന്നിവയ്ക്കാണ്. അതുകൊണ്ടാണ് യേശു ആ ദിവസം, അതു കണ്ടതും കയറിയതും ഇരുന്നതും.
യേശുവിൻറെ നോട്ടം
സർവ്വോപരി, യേശു കണ്ടു. ഇത്രയും വലിയ ജനക്കൂട്ടത്തിനിടയിലും, തീരത്തോടു ചേർന്നു നങ്കൂരമിട്ടിരിക്കുന്ന രണ്ട് വള്ളങ്ങൾ കാണാനും, മോശമായിരുന്ന ഒരു രാത്രിക്ക് ശേഷം ശൂന്യമായ വലകൾ കഴുകുന്ന മത്സ്യത്തൊഴിലാളികളുടെ മുഖത്ത് നിഴലിക്കുന്ന നിരാശ കാണാനും കഴിയുന്ന സൂക്ഷ്മമായ ഒരു നോട്ടം അവനുണ്ട്. യേശു അനുകമ്പയോടെ നോക്കുന്നു. ഇത് നാം മറക്കരുത്: ദൈവത്തിൻറെ മൂന്നു മനോഭാവങ്ങളാണ് സാമീപ്യം, കാരുണ്യം, ആർദ്രത. ദൈവം എപ്പോഴും സമീപസ്ഥനാണ്, ദൈവം ആർദ്രനാണ്, ദൈവം കരുണാമയനാണ്, ഇത് നമ്മൾ മറക്കരുത്. ഒന്നും ലഭിക്കാതെ രാത്രിമുഴുവൻ ബുദ്ധിമുട്ടിയതിൽ ആ ആളുകൾക്കുള്ള തളർച്ചയും നിരാശയും, ഇപ്പോൾ അവരുടെ കൈകളിലുള്ള വലപോലെ ശൂന്യമായ ഒരു ഹൃദയമാണ് അവർക്കുള്ളതെന്ന അവരുടെ തോന്നലും മനസ്സിലാക്കിക്കൊണ്ട് യേശു കാരുണ്യത്തോടെ അവരുടെ കണ്ണുകളിലേക്കു നോക്കുന്നു.
ഈ വാക്കുകളെ തുടർന്നു പാപ്പാ തനിക്കു ശ്വാസംമുട്ടുള്ളതിനാൽ പ്രഭാഷണം തുടരാൻ കഴിയാത്തതിൽ ക്ഷമാപണം നടത്തുകയും പാപ്പായുടെ ആരാധനാക്രമകാര്യങ്ങളുടെ ചുമതലയുള്ള ആർച്ച്ബിഷപ്പ് ദിയേഗൊ ജൊവാന്നി റവേല്ലിയോട് അത് വായിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
നമ്മുടെ ജീവിതത്തിൽ പ്രേവിശിക്കുന്ന യേശു
അവരുടെ നിരാശ കണ്ട യേശു വള്ളത്തിൽ കയറി. അവൻ ശിമയോനോട് വള്ളം തീരത്തു നിന്നു നീക്കാൻ ആവശ്യപ്പെടുന്നു. അങ്ങനെ അവിടന്ന് അവൻറെ ജീവിതത്തിൽ പ്രവേശിക്കുകയും, അവൻറെ ഹൃദയത്തിൽ കുടികൊള്ളുന്ന പരാജയബോധത്തെ നീക്കുകയും ചെയ്യുന്നു. ഇത് മനോഹരമാണ്: നമ്മൾ പലപ്പോഴും ചെയ്യുന്നതുപോലെ, ശരിയാംവണ്ണം നടക്കാത്ത കാര്യങ്ങൾ നിരീക്ഷിക്കുന്നതിൽ ഒതുങ്ങുകയും പരാതിയിലും തിക്തതയിലും നമ്മെത്തന്നെ അടച്ചിടുകയും ചെയ്യുന്നതുപോലെ യേശു അവ നിരീക്ഷിക്കുന്നതിൽ മാത്രം ഒതുങ്ങിനിൽക്കുന്നില്ല; പകരം, അവൻ മുൻകൈയെടുക്കുന്നു, ശിമയോനെ സമീപിക്കുന്നു, ആ പ്രയാസകര നിമിഷത്തിൽ അവനോടൊപ്പം നിൽക്കുന്നു, ആ രാത്രിയിൽ ശൂന്യമായി തിരിച്ചെത്തിയ അവൻറെ ജീവിതനൗകയിൽ കയറാൻ തീരുമാനിക്കുന്നു.
പ്രത്യാശ പകരുന്ന യേശുവിൻറെ ചെയ്തി
ഒടുവിൽ, അതിൽ കയറിയ യേശു അതിൽ ഇരുന്നു. സുവിശേഷങ്ങളിൽ, ഇത് അദ്ധ്യാപകൻറെ, പഠിപ്പിക്കുന്നയാളുടെ, സാധാരണ ഭാവമാണ്. വാസ്തവത്തിൽ സുവിശേഷം പറയുന്നത് അവൻ ഇരുന്ന് പഠിപ്പിച്ചു എന്നാണ്. പാഴായ ഒരു രാത്രിയിലെ കഠിനാധ്വാനത്തിൻറെ കയ്പ്പുനിറഞ്ഞ ഭാവം ആ മത്സ്യത്തൊഴിലാളികളുടെ കണ്ണുകളിലും ഹൃദയങ്ങളിലും കണ്ട യേശു, പഠിപ്പിക്കാൻ, അതായത്, സന്തോഷവാർത്ത അറിയിക്കാൻ, നിരാശയുടെ ആ നിശയുടെ ഉള്ളിൽ വെളിച്ചം വീശാൻ, മനുഷ്യജീവിതത്തിൻറെ കഠിനാദ്ധ്വാനത്തിനുള്ളിൽ ദൈവത്തിൻറെ മനോഹാരിത വർണ്ണിക്കാൻ, എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും ഇനിയും പ്രതീക്ഷയുണ്ടെന്ന് ബോധ്യപ്പെടുത്താൻ വള്ളത്തിൽ കയറുന്നു.
യേശു സാന്നിധ്യം വിസ്മയം തീർക്കുന്നു
അപ്പോൾ അത്ഭുതം സംഭവിക്കുന്നു: നമ്മെ എപ്പോഴും തുണയ്ക്കുകയും നിലനിർത്തുകയും ചെയ്യുന്ന ദൈവസ്നേഹത്തിൻറെ സുവിശേഷം നമുക്കേകുന്നതിന് കർത്താവ് നമ്മുടെ ജീവിതമാകുന്ന വള്ളത്തിൽ കയറുമ്പോൾ, ജീവിതം വീണ്ടും ആരംഭിക്കുന്നു, പ്രത്യാശ പുനർജനിക്കുന്നു, നഷ്ടപ്പെട്ട ഉത്സാഹം തിരികെ വരുന്നു, നമുക്ക് വല വീണ്ടും കടലിലെറിയാൻ കഴിയുന്നു.
സായുധ സേനകളും പൊലീസും സുരക്ഷാ പ്രവർത്തകരും നമ്മുടെ ജീവിതത്തിൽ
സഹോദരീ സഹോദരന്മാരേ, ഇന്ന് നാം സായുധ സേനകളുടെയും പോലീസിൻറയും സുരക്ഷാ സേനകളുടെയും ജൂബിലി ആഘോഷിക്കുമ്പോൾ പ്രത്യാശയുടെ ഈ വാക്കുകൾ നമ്മോടൊപ്പമുണ്ട്. അവരുടെ സേവനത്തിന് ഞാൻ നന്ദി പറയുന്നു, സന്നിഹിതരായ എല്ലാ അധികാരികളെയും, സമിതികളെയും സൈനിക അക്കാദമികളെയും, സൈനികരുടെ ആദ്ധ്യാത്മികഅജപാലന ചുമതലയുള്ളവരെയും ആ സേവനം ചെയ്യുന്ന വൈദികരെയും അഭിവാദനം ചെയ്യുന്നു. നമ്മുടെ രാജ്യങ്ങളുടെ പ്രതിരോധം, സുരക്ഷാ പ്രതിബദ്ധത, നിയമപരിപാലനം നീതി സംരക്ഷണം, തടവറകളിലെ സാന്നിധ്യം, കുറ്റകൃത്യങ്ങൾക്കും സാമൂഹത്തിൻറെ സമാധാനത്തിന് ഭീഷണിയാകുന്ന വിവിധ തരത്തിലുള്ള അക്രമങ്ങക്കും എതിരായ പോരാട്ടം എന്നിവ ഉൾപ്പെടുന്ന സാമൂഹിക, രാഷ്ട്രീയ ജീവിതത്തിൻറെ ബഹുമുഖ മാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു മഹത്തായ ദൗത്യമാണ് നിങ്ങളിൽ നിക്ഷിപ്തമായിരിക്കുന്നത്. പ്രകൃതി ദുരന്തങ്ങളുണ്ടാകുമ്പോഴും സൃഷ്ടിയുടെ സംരക്ഷണത്തിനായും, കടലിൽ ജീവൻ രക്ഷിക്കുന്നതിനായും, ഏറ്റവും ദുർബ്ബലരായവർക്ക് വേണ്ടിയും സമാധാനം പരിപോഷിപ്പിക്കുന്നതിനായും തങ്ങളുടെ സേവനം അർപ്പിക്കുന്നവരെയും ഞാൻ ഓർക്കുന്നു.
കാണുക, കയറുക, ഇരിക്കുക എന്നീ ത്രിവിധ ക്രിയകൾ
കർത്താവ് നിങ്ങളോടും അവൻ ചെയ്യുന്നതുപോലെ ചെയ്യാൻ ആവശ്യപ്പെടുന്നു: കാണുക, കയറുക, ഇരിക്കുക. കാണുക, പൊതുനന്മയ്ക്കുള്ള ഭീഷണികൾ, പൗരന്മാരുടെ ജീവിതത്തിനുനേർക്കുയരുന്ന വിപത്തുകൾ, നാം നേരിടുന്ന പാരിസ്ഥിതിക, സാമൂഹിക, രാഷ്ട്രീയ അപകടസാധ്യതകൾ എന്നിവ മനസ്സിലാക്കാൻ കഴിയുന്ന ഒരു സൂക്ഷ്മമായ നോട്ടം ഉള്ളവരായിരിക്കാൻ നിങ്ങൾ വിളിക്കപ്പെട്ടിരിക്കുന്നു. കയറുക, കാരണം നിങ്ങളുടെ ഏകതാനവേഷവിധാനം, നിങ്ങളെ വാർത്തെടുത്ത അച്ചടക്കം, നിങ്ങളെ വ്യത്യസ്തരാക്കുന്ന ധൈര്യം, നിങ്ങൾ എടുത്ത പ്രതിജ്ഞ എന്നിവയെല്ലാം തിന്മയെ അപലപിക്കാൻ വേണ്ടി മാത്രമല്ല കാണേണ്ടതെന്നും, മറിച്ച്, നന്മയുടെയും സ്വാതന്ത്ര്യത്തിൻറെയും നീതിയുടെയും സേവനത്തിനായുള്ള ദൗത്യവുമായി കൊടുങ്കാറ്റിൽപ്പെട്ട വള്ളത്തിൽ കയറുകയും അത് മുങ്ങിപ്പോകാതിരിക്കാൻ പരിശ്രമിക്കുകയും ചെയ്യണ്ടത് എത്ര പ്രധാനമാണെന്നും നിങ്ങളെ ഓർമ്മിപ്പിക്കുന്ന കാര്യങ്ങളാണ്. അവസാനമായി, അതിൽ ഇരിക്കൽ, എന്തെന്നാൽ നമ്മുടെ നഗരങ്ങളിലും ചുറ്റുപാടുകളിലും നിങ്ങളുടെ സാന്നിധ്യവും, നിങ്ങൾ എപ്പോഴും നിയമത്തിൻറെ പക്ഷത്തും ഏറ്റവും ദുർബ്ബലരുടെ ചാരത്തും ആയിരിക്കുന്നതും, നമുക്കെല്ലാവർക്കും ഒരു പാഠമായി ഭവിക്കുന്നു: എന്തൊക്കെ സംഭവിച്ചാലും നന്മ വിജയിക്കുമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു, നീതി, വിശ്വസ്തത, പൗരോത്തരവാദിത്വം എന്നിവ ഇന്നും ആവശ്യമായ മൂല്യങ്ങളാണെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു, തിന്മയുടെതായ എതിർ ശക്തികൾക്കിടയിലും നമുക്ക് കൂടുതൽ മാനുഷികവും നീതിയുക്തവും സാഹോദര്യപരവുമായ ഒരു ലോകം സൃഷ്ടിക്കാൻ കഴിയുമെന്ന് ഇത് നമ്മെ പഠിപ്പിക്കുന്നു.
വൈദികരുടെ സാന്നിധ്യം
നിങ്ങളുടെ ജീവിതകാലം മുഴുവൻ ആശ്ലേഷിക്കുന്ന ഈ ദൗത്യത്തിൽ, വൈദികരുടെ തുണ നിങ്ങൾക്കുണ്ട്. അവർ നിങ്ങൾക്കിടയിലെ സുപ്രധാന പൗരോഹിത്യ സാന്നിധ്യമാണ്. അത് യുദ്ധത്തിൻറെതായ വികലമായ പ്രവൃത്തികളെ ആശീർവ്വദിക്കാനുള്ളതല്ല. എന്നാൽ ചിലപ്പോഴൊക്കെ ചരിത്രത്തിൽ ഖേദകരമായി അങ്ങനെ സംഭവിച്ചിട്ടുണ്ട്. ഇല്ല, അതു പാടില്ല. നിങ്ങളെ തുണയ്ക്കാനും ശ്രവിക്കാനും സാമീപ്യമേകാനും, ആഴങ്ങളിലേക്ക് ഇറങ്ങാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കാനും, നിങ്ങൾ എല്ലാ ദിവസവും ചെയ്യുന്ന ദൗത്യത്തിൽ നിങ്ങളെ പിന്തുണയ്ക്കാനും ആഗ്രഹിക്കുന്ന ക്രിസ്തുവിൻറെ സാന്നിധ്യമായി അവർ നിങ്ങളുടെ ഇടയിലുണ്ട്. സുവിശേഷ വെളിച്ചത്തിലും നന്മയുടെ സേവനത്തിലും നിങ്ങളുടെ കടമകൾ നിർവ്വഹിക്കാൻ നിങ്ങളെ സഹായിച്ചുകൊണ്ട് അവർ ധാർമ്മികവും ആത്മീയവുമായ പിന്തുണയായി, നിങ്ങളോടൊപ്പം വഴി നടക്കുന്നു.
ജാഗരൂകതയും സംഘാതയത്നവും അനിവാര്യം
പ്രിയ സഹോദരീ സഹോദരന്മാരേ, ചിലപ്പോൾ വ്യക്തിപരമായി സാഹസികമാണെങ്കിൽപോലും, നിങ്ങൾ ചെയ്യുന്ന പ്രവർത്തനങ്ങൾക്ക് ഞങ്ങൾ നന്ദിയുള്ളവരാണ്. അപകടത്തിലായ ഞങ്ങളുടെ വള്ളങ്ങളിൽ കയറി, നിങ്ങൾ ഞങ്ങൾക്ക് സംരക്ഷണം വാഗ്ദാനം ചെയ്യുകയും യാത്ര തുടരാൻ ഞങ്ങൾക്ക് പ്രചോദനം പകരുകയും ചെയ്തതിന് നന്ദി. എന്നാൽ ജീവൻ പരിപോഷിപ്പിക്കുക, ജീവൻ രക്ഷിക്കുക, എല്ലായ്പ്പോഴും ജീവൻ സംരക്ഷിക്കുക എന്നീ നിങ്ങളുടെ സേവനത്തിൻറെയും പ്രവർത്തനങ്ങളുടെയും ലക്ഷ്യം മറക്കരുതെന്ന് നിങ്ങളെ ഉപദേശിക്കാൻ ഞാൻ അഭിലഷിക്കുന്നു. ദയവായി ജാഗ്രത പാലിക്കാൻ ഞാൻ നിങ്ങളോട് അപേക്ഷിക്കുന്നു: യുദ്ധാരൂപി വളർത്തിയെടുക്കാനുള്ള പ്രലോഭനത്തിനെതിരെ ജാഗ്രത പാലിക്കുക; ശക്തിയെക്കുറിച്ചുള്ള മിഥ്യയാലും ആയുധങ്ങളുടെ ഗർജ്ജനത്താലും വശീകരിക്കപ്പെടാതിരിക്കാൻ ജാഗരൂകരായിരിക്കുക; പ്രതിരോധിക്കേണ്ട സുഹൃത്തുക്കളായും പോരാടേണ്ട ശത്രുക്കളായും ലോകത്തെ വിഭജിക്കുന്ന വിദ്വേഷപ്രചാരണത്താൽ വിഷലിപ്തരാകാതിരിക്കാൻ ജാഗ്രത പാലിക്കുക. നേരെമറിച്ച്, നിങ്ങൾ, നാമെല്ലാവരും സഹോദരങ്ങളായിരിക്കണമെന്ന് ആഗ്രഹിക്കുന്ന പിതാവായ ദൈവത്തിൻറെ സ്നേഹത്തിൻറെ ധീര സാക്ഷികളാകുക. ശാന്തിയുടെയും നീതിയുടെയും സാഹോദര്യത്തിൻറെയും ഒരു പുതിയ യുഗം കെട്ടിപ്പടുക്കാൻ നമുക്ക് ഒത്തൊരുമിച്ചു നീങ്ങാം.
What's Your Reaction?






