പാപ്പായുടെ ആരോഗ്യനില തൃപ്തികരം
ജെമെല്ലി ആശുപത്രിയിൽ പാപ്പായുടെ ചികിത്സ തുടരുന്നു.

പാപ്പാ ജെമേല്ലി ആശുപത്രിയിൽ വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാകുകയും പാപ്പായ്ക്കുള്ള ചികിത്സ ആരംഭിക്കുകയും ചെയ്തു.
പ്രാഥമിക പരിശോധനയിൽ ശ്വാസകോശനാളത്തിൽ അണുബാധ കണ്ടെത്തിയെന്നും ആരോഗ്യനില തൃപ്തികരമാണെന്നും നേരിയ പനി അനുഭവപ്പെട്ടുവെന്നും പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണകാര്യാലയം- പ്രസ്സ് ഓഫീസ് വെളിപ്പെടുത്തിയിരുന്നു. പാപ്പാ നല്ല മാനസികാവസ്ഥയിൽ പ്രശാന്തതയോടെയിരിക്കുന്നുവെന്നും ചില പത്രങ്ങളൊക്കെ വായിച്ചുവെന്നും പ്രസ്സ് ഓഫീസിൻറെ മേധാവി മത്തേയൊ ബ്രൂണി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു. പാപ്പായ്ക്ക് ക്ഷിപ്രസുഖപ്രാപ്തി നേർന്നുകൊണ്ടുള്ള ആശംസാസന്ദേശങ്ങൾ വത്തിക്കാനിലേക്കു പ്രവഹിക്കുന്നു.
88 വയസ്സു പ്രായമുള്ള പാപ്പാ ഇക്കഴിഞ്ഞ ദിനങ്ങളിൽ ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പൊതു പരിപാടികളിൽ വച്ച് പാപ്പാ അതു വെളിപ്പെടുത്തുകയും ശ്വാസകോശസംബന്ധമായ ബുദ്ധിമുട്ടുള്ളതിനാൽ പ്രഭാഷണം വായിക്കാൻ പകരക്കാരനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈയൊരവസ്ഥയിലായിരുന്നതിനാൽ പാപ്പാ പതിനാലാം തീയതി വെള്ളിയാഴ്ചത്തെ (14/02/25) കൂടിക്കാഴ്ചകൾ ഉൾപ്പടെയുള്ള ഔദ്യോഗിക പരിപാടികൾക്കു ശേഷം പരിശോധനയ്ക്കും ചികിത്സയ്ക്കുമായി ജെമേല്ലി ആശുപത്രിയിലേക്കു പോകുകയായിരുന്നു.
ഇതിനു മുമ്പ് മൂന്നു തവണ പാപ്പാ ഇതേ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിട്ടുണ്ട്. 2021- ജൂലൈ 4-ന് വൻകുടൽ ശസ്ത്രിക്രിയയ്ക്കായും 2023 മാർച്ചിൽ ശ്വാസനാള വീക്കത്തെതുടർന്ന് ചികിത്സയ്ക്കായും അക്കൊല്ലം തന്നെ ജൂണിൽ ഉദരശസ്ത്രക്രിയയ്ക്കായും പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിരുന്നു.
What's Your Reaction?






