കല, ജനതകളെ ഐക്യത്തിൽ ഒന്നിപ്പിക്കുന്ന സാർവ്വത്രികഭാഷ: ഫ്രാൻസിസ് പാപ്പാ

കലാസാംസ്കാരികമേഖലയിൽ പ്രവർത്തിക്കുന്നവരുടെ ജൂബിലിയാഘോഷത്തിനായി വത്തിക്കാനിലെത്തിയവർക്ക് ഫ്രാൻസിസ് പാപ്പായുടെ സന്ദേശം

Feb 18, 2025 - 11:28
 0  8
കല, ജനതകളെ ഐക്യത്തിൽ ഒന്നിപ്പിക്കുന്ന സാർവ്വത്രികഭാഷ: ഫ്രാൻസിസ് പാപ്പാ

കലയെന്നത് ലോകത്തിൽ സൗന്ദര്യം പരത്തുന്നതും ജനതകളെ ഒരുമിപ്പിക്കുന്നതുമായ സാർവ്വത്രികഭാഷയാണെന്നും, യുദ്ധകാഹളങ്ങളെ നിശബ്ദമാക്കാനും, ലോകത്തിൽ ഐക്യം കൊണ്ടുവരാനും അതിന് കഴിവുണ്ടെന്നും ഫ്രാൻസിസ് പാപ്പാ. വത്തിക്കാനിൽ ഞായറാഴ്ചകളിൽ പതിവുള്ള മധ്യാഹ്നപ്രാർത്ഥനയുമായി ബന്ധപ്പെട്ട് ആളുകളെ അഭിസംബോധന ചെയ്യുന്ന വേളയിലേക്കായി തയ്യാറാക്കിയ തന്റെ സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.

ഈ ദിനത്തിൽ നിങ്ങൾക്കൊപ്പമായിരിക്കാൻ താൻ ആഗ്രഹിച്ചിരുന്നുവെന്നും, എന്നാൽ, ശ്വാസനാളത്തിലെ അണുബാധമൂലം, ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ തുടരാൻ താൻ നിർബന്ധിതനായിരിക്കുകയാണെന്നും പാപ്പാ തന്റെ സന്ദേശത്തിൽ എഴുതി.

ഫെബ്രുവരി 16 ഞായറാഴ്ച, കലാസാംസ്കാരികമേഖലകളിലുള്ളവരുടെ ജൂബിലിയാഘോഷവുമായി ബന്ധപ്പെട്ട് വത്തിക്കാനിലെത്തിയവരെ തന്റെ സന്ദേശത്തിലൂടെ അഭിവാദ്യം ചെയ്ത പാപ്പാ, കലയുടെ പ്രാധാന്യത്തെ പ്രത്യേകമായി എടുത്തുകാട്ടുന്ന ഇത്തരമൊരു സമ്മേളനമൊരുക്കിയതിന്, സംസ്കാരത്തിനും വിദ്യാഭ്യാസത്തിനുമായുള്ള വത്തിക്കാൻ ഡികാസ്റ്ററിക്ക് നന്ദി പറഞ്ഞു.

സമാധാനത്തിനായുള്ള പ്രാർത്ഥന

പതിവുപോലെ, ഈ ഞായറാഴ്ചയിലെ പ്രാർത്ഥനയോടനുബന്ധിച്ചും ലോക സമാധാനത്തിനായുള്ള പ്രാർത്ഥനകൾ പാപ്പാ ആവശ്യപ്പെട്ടു. സഹനങ്ങളിലൂടെ കടന്നുപോകുന്ന ഉക്രൈനിലും, പാലസ്തീന, ഇസ്രായേൽ, മദ്ധ്യപൂർവ്വദേശങ്ങൾ, മ്യാന്മാർ, കിവു (കോംഗോ ഡെമോക്രാറ്റിക്‌ റിപ്പബ്ലിക്), സുഡാൻ എന്നിവിടങ്ങളിലും സമാധാനമുണ്ടാകാൻ വേണ്ടി നമുക്ക് തുടർന്നും പ്രാർത്ഥിക്കാമെന്ന് പാപ്പാ തന്റെ സന്ദേശത്തിൽ കുറിച്ചിരുന്നു.

വിശ്വാസികൾക്കും ആരോഗ്യപ്രവർത്തകർക്കും നന്ദിയും പ്രാർത്ഥനകളും

ഈ ദിവസങ്ങളിൽ തനിക്കായി പ്രാർത്ഥിച്ചവർക്കും തനിക്ക് സാമീപ്യം അറിയിച്ചവർക്കും നന്ദി പറഞ്ഞ പാപ്പാ, ജെമെല്ലി ആശുപത്രിയിലെ ഡോക്ടർമാർക്കും ആരോഗ്യപ്രവർത്തകർക്കും തന്നോടുള്ള അവരുടെ പ്രത്യേക കരുതലിനും ശുശ്രൂഷകൾക്കും നന്ദി പറഞ്ഞു. അമൂല്യവും ബുദ്ധിമുട്ടേറിയതുമായ ഇത്തരമൊരു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകരെ നമ്മുടെ പ്രാർത്ഥനകളാൽ ശക്തിപ്പെടുത്താമെന്ന് പാപ്പാ ആഹ്വാനം ചെയ്‌തു.

റോമിലെത്തിയ തീർത്ഥാടകരെ, പ്രത്യേകിച്ച്, തങ്ങളുടെ മെത്രാനൊപ്പം റോമിലെത്തിയ ഇറ്റലിയിലെ പാർമ രൂപതയിലെ വിശ്വാസികളെ പാപ്പാ തന്റെ സന്ദേശത്തിൽ പ്രത്യേകം അഭിസംബോധന ചെയ്തിരുന്നു.

ആരോഗ്യകാരണങ്ങളാൽ ത്രികാലജപപ്രാർത്ഥന നയിക്കാൻ കഴിയാതിരുന്ന പാപ്പാ, പ്രാർത്ഥനാവസരത്തിലേക്കായി എഴുതി തയ്യാറാക്കിയ തന്റെ സന്ദേശം വാർത്താമാധ്യമങ്ങളിൽ പ്രസിദ്ധീകരിക്കപ്പെടുന്നതിനായി നല്കുകയായിരുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow