സൊമാലിയയിൽ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ പട്ടിണിയിലേക്ക്: ഐക്യരാഷ്ട്രസഭ

വർദ്ധിച്ചുവരുന്ന വരൾച്ച, സായുധസംഘർഷങ്ങൾ, ഭക്ഷണസാധനങ്ങളുടെ വിലവർദ്ധനവ് തുടങ്ങിയ കാരണങ്ങളാൽ അടുത്ത ഏപ്രിൽ മാസത്തോടെ സൊമാലിയയിൽ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ പട്ടിണി

Feb 28, 2025 - 11:10
 0  10
സൊമാലിയയിൽ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ പട്ടിണിയിലേക്ക്: ഐക്യരാഷ്ട്രസഭ

2025 ഏപ്രിൽ മാസത്തോടെ സൊമാലിയയിൽ നാൽപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ പട്ടിണി നേരിടേണ്ടിവരുമെന്ന് യൂണിസെഫ്, ലോകഭക്ഷ്യപദ്ധതി, ഭക്ഷ്യ കാർഷിക സംഘടന (UNICEF-WFP-FAO) എന്നീ ഐക്യരാഷ്ട്രസഭാഘടകങ്ങൾ അറിയിച്ചു. ഫെബ്രുവരി 26 ബുധനാഴ്ച പുറത്തുവിട്ട ഒരു സംയുക്തപത്രക്കുറിപ്പിലൂടെയാണ് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ സോമാലിയ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് ഐക്യരാഷ്ടസഭാഘടകങ്ങൾ പ്രസ്താവന നടത്തിയത്.

കടുത്ത വരൾച്ചയും, സംഘർഷങ്ങളും വിലക്കയറ്റവും മൂലം ബുദ്ധിമുട്ടുന്ന രാജ്യത്ത് സ്ഥിതിഗതികൾ കൂടുതൽ വഷളായി വരികയാണെന്ന് തങ്ങളുടെ പ്രസ്താവനയിലൂടെ ഐക്യരാഷ്ട്രസംഭാസംഘടനകൾ അറിയിച്ചു. ഇപ്പോൾത്തന്നെ രാജ്യത്ത് മുപ്പത്തിയഞ്ച് ലക്ഷത്തോളം ആളുകൾ കടുത്ത പട്ടിണിയിലൂടെയാണ് കടന്നുപോകുന്നതെന്നും, വരുന്ന ഡിസംബർ മാസത്തോടെ രാജ്യത്ത് അഞ്ചുവയസ്സിൽ താഴെയുള്ള പതിനേഴ് ലക്ഷത്തോളം കുട്ടികൾ കടുത്ത പോഷകാഹാരക്കുറവിന് ഇരകളാകുമെന്നും, ഇവരിൽ നാലരലക്ഷത്തിലധികം കുട്ടികൾ അതിശക്തമായ പോഷകാഹാരക്കുറവ് അനുഭവിക്കേണ്ടിവരുമെന്നും സംഘടനകൾ പ്രസ്താവനയിലൂടെ വ്യക്തമാക്കി.

വരൾച്ചയും അരക്ഷിതാവസ്ഥയും ഏറ്റവും രൂക്ഷമായ തെക്കൻ സൊമാലിയയിലായിരിക്കും പോഷകാഹാരക്കുറവിന്റെ ഇരകളാകുന്നവരിൽ അറുപത്തിനാല് ശതമാനത്തോളം കുട്ടികളും താമസിക്കുന്നതെന്ന് ഐക്യരാഷ്ട്രസഭാസംഘടനകൾ അറിയിച്ചു.

2022 മുതൽ കൂടുതലായി അനുഭവപ്പെടുന്ന കടുത്ത വരൾച്ചയും അനുബന്ധപ്രശ്നങ്ങളും മൂലം രാജ്യത്ത് ആയിരക്കണക്കിന് ആളുകൾ മരണമടഞ്ഞുവെന്നും ഇവരിൽ പകുതിയോളം കുട്ടികളാണെന്നും പ്രസ്താവന വ്യക്തമാക്കി.

2024-ലെ കാലാവർഷപ്പെയ്ത്തിലുണ്ടായ വ്യത്യാസങ്ങൾ വെള്ളപ്പൊക്കത്തിനും, വിളവുകൾ കുറയുന്നതിനും, ജലസ്രോതസ്സുകളുടെയും മേച്ചിൽപ്പുറങ്ങളുടെയും ശോഷണത്തിനും കാരണമായിട്ടുണ്ട്. ലക്ഷക്കണക്കിനാളുകളാണ് കുടിയൊഴിയാൻ നിർബന്ധിതരായത്.

സൊമാലിയയിൽ ജീവനുകൾ സംരക്ഷിക്കാനായും, ഭക്ഷ്യസഹായം ഉറപ്പുവരുത്തുന്നതിനായും, അടിയന്തിരമായി സാമ്പത്തികസഹായം ആവശ്യമുണ്ടെന്ന് ഐക്യരാഷ്ട്രസഭ വ്യക്തമാക്കി.

What's Your Reaction?

like

dislike

love

funny

angry

sad

wow