ഫ്രാൻസിസ് പാപ്പായ്ക്ക് ആശുപത്രിയിൽ വിഭൂതിദിന ചടങ്ങുകൾ, വെന്റിലേറ്റർ സഹായം തുടരും

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യനിലയിൽ വലിയ മാറ്റങ്ങളില്ല. കഴിഞ്ഞ ദിവസത്തേതുപോലെ ഇന്ന് പകലും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകി.

Mar 6, 2025 - 11:46
 0  8
ഫ്രാൻസിസ് പാപ്പായ്ക്ക് ആശുപത്രിയിൽ വിഭൂതിദിന ചടങ്ങുകൾ, വെന്റിലേറ്റർ സഹായം തുടരും

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതിയിൽ ഇന്ന് വലിയ മാറ്റങ്ങളൊന്നും ഉണ്ടായില്ലെന്നും, തിങ്കളാഴ്ചയുണ്ടായതുപോലെയുള്ള ശ്വസനസംബന്ധിയായ ബുദ്ധിമുട്ടുകൾ ഇന്നുണ്ടായില്ലെന്നും, പാപ്പാ വലിയനോമ്പിന്റെ ആരംഭം കുറിക്കുന്ന വിഭൂതിദിനചടങ്ങുകളിൽ സംബന്ധിച്ചുവെന്നും. വത്തിക്കാൻ പ്രെസ് ഓഫീസ് മാർച്ച് 5 ബുധനാഴ്ച വൈകുന്നേരം പുറത്തുവിട്ട പത്രക്കുറിപ്പിലൂടെ അറിയിച്ചു. മുൻകൂട്ടി തീരുമാനിച്ചിരുന്നതുപോലെ, ഇന്നും പാപ്പായ്ക്ക് ഉയർന്ന തോതിൽ ഓക്സിജൻ നൽകിയെന്നും, രാത്രിയിൽ ശക്തമല്ലാത്ത രീതിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെ ഓക്സിജൻ നൽകുമെന്നും വത്തിക്കാൻ വ്യക്തമാക്കി.

പാപ്പാ ഇന്ന് കുറച്ചുസമയം കസേരയിൽ ചിലവഴിച്ചുവെന്ന് അറിയിച്ച പ്രെസ് ഓഫീസ്, അദ്ദേഹം ശ്വാസകോശസംബന്ധിയായ ഫിസിയോതെറാപ്പി കൂടുതലായി ചെയ്തുവെന്ന് വ്യക്തമാക്കി. എന്നാൽ പാപ്പായുടെ ആരോഗ്യസ്ഥിതിയിലെ സങ്കീർണ്ണതകൾ കണക്കിലെടുത്ത്, കൂടുതൽ അനുമാനങ്ങൾ പ്രെസ് ഓഫീസ് പുറത്തുവിട്ടില്ല.

ഇന്ന് രാവിലെ, ജെമെല്ലി ആശുപത്രിയിലെ സ്വകാര്യ അപ്പാർട്മെന്റിൽ പാപ്പാ വിഭൂതിബുധനാഴ്ചയിലെ കർമ്മങ്ങളിൽ പങ്കെടുത്തുവെന്നും, കാർമ്മികൻ പാപ്പായുടെ ശിരസ്സിലും ചാരം പൂശിയെന്നും, പാപ്പാ പിന്നീട് വിശുദ്ധ കുർബാന സ്വീകരിച്ചുവെന്നും പത്രക്കുറിപ്പിലൂടെ വത്തിക്കാൻ അറിയിച്ചു.

പകൽ പാപ്പാ കൂടുതൽ ജോലികളിൽ ഏർപ്പെടുകയും, ഗാസയിലുള്ള തിരുക്കുടുംബദേവാലയത്തിന്റെ വികാരി ഫാ. ഗബ്രിയേൽ റൊമനെല്ലിയുമായി ഫോൺ സംഭാഷണം നടത്തുകയും ചെയ്തു. ഉച്ചകഴിഞ്ഞുള്ള സമയം പാപ്പാ വിശ്രമവും ജോലിയുമായി കഴിച്ചുകൂട്ടി.

ചൊവ്വാഴ്‌ച പകലും പാപ്പായ്ക്ക് വർദ്ധിച്ച തോതിൽ ഓക്സിജൻ നൽകുകയും, കഴിഞ്ഞ രാത്രിയിൽ വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 14 വെള്ളിയാഴ്ച ശ്വാസകോശസംബന്ധിയായ ബുദ്ധിമുട്ടുകളും ബ്രോങ്കൈറ്റിസും മൂലം ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട പാപ്പായ്ക്ക് തുടർന്നുള്ള ദിവസങ്ങളിൽ ഇരു ശ്വാസകോശങ്ങളിലും ശക്തമായ ന്യുമോണിയ കണ്ടെത്തുകയും, കോർട്ടിസോൺ അടക്കം ശക്തമായ മരുന്നുകൾ ഉൾപ്പെടുത്തി ചികിത്സ ആരംഭിക്കുകയുമായിരുന്നു.

What's Your Reaction?

like

dislike

love

funny

angry

sad

wow