മാധ്യമപ്രവർത്തകർ പ്രത്യാശയുടെ പ്രചാരകരാകണം

2025 ജൂബിലി വർഷത്തിൽ, അൻപത്തിയൊമ്പതാമത് ആഗോള സമൂഹ മാധ്യമദിനത്തിൽ ഫ്രാൻസിസ് പാപ്പാ നൽകിയ സന്ദേശത്തിന്റെ സംക്ഷിപ്തവിവരണം.

Mar 7, 2025 - 11:16
 0  8
മാധ്യമപ്രവർത്തകർ പ്രത്യാശയുടെ പ്രചാരകരാകണം

സത്യം മനസിലാക്കുന്നതിന് സഹായകരമായ സാമൂഹ്യ ജിഹ്വയെന്നാണ് പാരമ്പര്യമായി മാധ്യമങ്ങളെ വിശേഷിപ്പിച്ചിരുന്നത്.  സാധാരണക്കാർക്കുപോലും, അവരുടെ ചിന്താതലങ്ങൾക്കുമപ്പുറം കാര്യങ്ങൾ സംഭവിക്കുമ്പോൾ അവയെ മനസിലാക്കുവാൻ സഹായിച്ചുകൊണ്ടിരുന്നത് ഈ മാധ്യമശാഖയായിരുന്നു. എന്നാൽ വർഷങ്ങൾക്കിപ്പുറം ശാസ്ത്രസാങ്കേതിക വിദ്യകളുടെ നൂതന കണ്ടുപിടുത്തങ്ങളും, സമൂഹ മാധ്യമങ്ങളുടെ അതിപ്രസരവുമെല്ലാം, മാധ്യമലോകത്തിന്റെ ധാർമ്മികതയെയും, സാന്മാർഗികതയെയും സംശയമുനയിൽ നിർത്തിയിരിക്കുന്നു. ഇന്ന് സത്യമേത്?, അസത്യമേത്? എന്ന് തിരിച്ചറിയുവാൻ കഴിയാത്തവണ്ണം, ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ് മാധ്യമവാർത്തകൾ. ഒരു വാർത്തയുടെയും  ഉത്തരവാദിത്വം ഏറ്റെടുക്കാതെ സ്വന്തം ആശയങ്ങൾക്കുള്ളിൽ നിന്നുകൊണ്ട് കാര്യങ്ങളെ മറ്റുള്ളവരിലേക്ക് അടിച്ചേൽപ്പിക്കുന്ന തരത്തിൽ കമ്പോളത്തരമായിക്കഴിഞ്ഞിരിക്കുന്നു മാധ്യമലോകം. ഇത് ചെറുതും വലുതുമായ നിരവധി സംഘട്ടനങ്ങളിലേക്കു പോലും ജനതയെ നയിക്കുന്നുവെന്നതിനു ഈ നൂറ്റാണ്ടിലെ ചരിത്രങ്ങൾ സാക്ഷി. ഇപ്രകാരം നിസ്സംഗത, അവിശ്വാസം, വിദ്വേഷം എന്നിങ്ങനെയുള്ള തിന്മകൾ നിറയുന്ന ഒരു ലോകത്തിൽ, നന്മയുടെ അന്വേഷണത്തെ ത്വരിതപ്പെടുത്തുന്നതും, ഹൃദയത്തെ വിശാലമാക്കിക്കൊണ്ട്, സാഹോദര്യം ഉറപ്പുവരുത്തുന്നതുമായ ഒരു മാനവികത സൃഷ്ടിക്കുന്നതാണ് മാധ്യമ പ്രവർത്തകരുടെ ഉത്തരവാദിത്വമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് ഫ്രാൻസിസ് പാപ്പായുടെ 2025 വർഷത്തെ അൻപത്തിയൊമ്പതാമത് ആഗോള സമൂഹ മാധ്യമ ദിനത്തിനായുള്ള സന്ദേശം പ്രസിദ്ധീകരിക്കപെട്ടത്.

സന്ദേശത്തിന്റെ ശീർഷകം 2025 ജൂബിലി വർഷത്തെ അടിസ്ഥാനമാക്കിയാണ് പാപ്പാ തിരഞ്ഞെടുത്തിരിക്കുന്നത്. വിശുദ്ധ പത്രോസിന്റെ ഒന്നാം ലേഖനം മൂന്നാം അധ്യായം , പതിനഞ്ചും പതിനാറും തിരുവചനങ്ങളെ ആധാരമാക്കിക്കൊണ്ട്, പാപ്പാ പറയുന്നത് ഇപ്രകാരമാണ്, " നിങ്ങളുടെ ഹൃദയങ്ങളിൽ കുടികൊള്ളുന്ന പ്രത്യാശയെ സൗമ്യതയോടെ പങ്കുവയ്ക്കുവിൻ". മാധ്യമപ്രവർത്തനത്തിന്റെ ആരോഗ്യപരമായ ഒരു സമീപനത്തെ എടുത്തുപറയുന്നതാണ് ഈ ശീർഷകം. പ്രത്യാശാപൂർണ്ണമായ ഒരു മാധ്യമപ്രവർത്തനം, ഇന്നിന്റെ ആവശ്യമാണെന്ന് ഈ വാചകം ഓർമ്മപ്പെടുത്തുന്നു. മാത്രവുമല്ല മാധ്യമസൃഷ്ടികൾ, സത്യത്തിന്റെയും, സ്നേഹത്തിന്റെയും, കൂട്ടായ്മയുടെയും സ്രോതസ്സായ ഹൃദയത്തിൽ നിന്നുമായിരിക്കണമെന്നത്, മാധ്യമപ്രവർത്തകരുടെ ജീവിതശൈലിയുടെ  വ്യതിരിക്തതയെ എടുത്തു കാണിക്കുന്നു. മറ്റുള്ളവരുമായി ആശയങ്ങൾ പങ്കുവയ്ക്കുമ്പോൾ,  പ്രവർത്തനത്തിൽ ഉൾച്ചേർക്കേണ്ടുന്ന സൗമ്യതയുടെയും ആർദ്രതയുടെയും ആവശ്യകതയെയും ഈ ശീർഷകം അടിവരയിടുന്നു. അതിനാൽ മാധ്യമലോകത്തിന്റെ യാഥാർഥ്യം വിവരിച്ചുകൊണ്ട്, ഫ്രാൻസിസ് പാപ്പാ തികച്ചും പ്രവർത്തനോന്മുഖമായ ഏതാനും മാർഗനിർദേശങ്ങളാണ് തന്റെ സന്ദേശത്തിൽ വിവരിക്കുന്നത്.

മാധ്യമപ്രവർത്തനം കൂട്ടായ്മയുടേതാണ്

തന്റെ സന്ദേശത്തിന്റെ ആമുഖത്തിൽ ഫ്രാൻസിസ് പാപ്പാ അടിവരയിട്ടു പറയുന്ന യാഥാർഥ്യം മാധ്യമപ്രവർത്തനത്തിൽ വന്നിരിക്കുന്ന അപചയങ്ങളുടെ ഒരു കാരണം കൂട്ടായ്മാമനോഭാവം നഷ്ടപ്പെട്ടിരിക്കുന്നു എന്നുള്ളതാണ്. സ്വന്തം ഇഷ്ടത്തെ മുൻനിർത്തിക്കൊണ്ട്, മറ്റുള്ളവരുടെ അവകാശങ്ങളെ ഹനിക്കുന്ന ഒരു  മാധ്യമപ്രവർത്തനം, ആരോഗ്യപരമായ ഒരു കൂട്ടായ്മ സൃഷ്ടിക്കുന്നില്ല എന്ന് പാപ്പാ വളരെ വ്യക്തമായി പറയുന്നു. ഈ ഒരു അവസ്ഥയിൽ മാധ്യമപ്രവർത്തകരുടെ ധീരമായ പ്രതിബദ്ധത പാപ്പാ ആഹ്വാനം ചെയ്യുന്നു. ഇപ്രകാരം മറ്റുള്ളവരോടുള്ള വ്യക്തിപരവും കൂട്ടായതുമായ ഉത്തരവാദിത്വത്തിലാണ് പ്രത്യാശയുടെ ആശയവിനിമയം യാഥാർഥ്യമാകുന്നതെന്നും, ഇതാണ് 2025 ജൂബിലിവർഷത്തിനു അർത്ഥം  നൽകുന്നതെന്നും പാപ്പാ എടുത്തുപറയുന്നു.

മാധ്യമപ്രവർത്തനം മുറിവുകളുണക്കണം

പ്രതീക്ഷകളും, ശുഭാപ്തിവിശ്വാസവും വർധിപ്പിച്ചുകൊണ്ട്, ആരോഗ്യപൂർണമായ ഒരു സമൂഹ സൃഷ്ടി നടത്തേണ്ട മാധ്യമങ്ങൾ ഇന്ന്, വിഭജനത്തിന്റെയും, ആശയകുഴപ്പങ്ങളുടെയും, ഉപകരണങ്ങളായി മാറുന്നതിന്റെ ദൗർഭാഗ്യകരമായ അവസ്ഥ പാപ്പാ ഓർമ്മിപ്പിക്കുന്നു. ആളുകളുടെ മനസ്സിനെ തെറ്റായ രീതിയിൽ ആവേശഭരിതരാക്കാനും, അവരെ പ്രകോപിപ്പിക്കാനും, വേദനിപ്പിക്കാനും വേണ്ടി വാർത്തകളുടെ യാഥാർഥ്യം മറച്ചുവയ്ക്കുന്നത്, മാധ്യമങ്ങളുടെ ആയുധാത്മകതയെന്നാണ് പാപ്പാ പറയുന്നത്. ഈ ഒരുഅവസ്ഥയെ മാറ്റിക്കൊണ്ട്, പൊതുജനാഭിപ്രായത്തിനു മുൻതൂക്കം നൽകിക്കൊണ്ട് സത്യം ഭയം കൂടാതെ അറിയിക്കുവാൻ പാപ്പാ ഏവരെയും ക്ഷണിക്കുന്നു. ഡിജിറ്റൽ സംവിധാനങ്ങളിലൂടെ, മറ്റുള്ളവരുടെ അന്തസ്സിനെ ഹനിച്ചുകൊണ്ട്, അവർക്കെതിരെയുള്ള നുണ പ്രചരണങ്ങൾ നടത്തുന്നത് പൊതുനന്മയെ ഹനിക്കുന്ന ഘടകങ്ങളാണെന്നും പാപ്പാ പറയുന്നു. മറിച്ച് മാധ്യമങ്ങൾ പ്രതീക്ഷ ജനിപ്പിക്കേണ്ടവയാണ്. ഈ പ്രത്യാശയുടെ ക്രൈസ്തവ മാനത്തെയും പാപ്പാ അടിവരയിട്ടുപറയുന്നു. കാരണം ഇതൊരു നിഷ്ക്രിയശുഭാപ്തിവിശ്വാസമല്ല മറിച്ച് ഒരാളുടെ ജീവിതം മാറ്റാൻ കഴിവുള്ള ഒരു "പ്രകടനാത്മക" ഗുണമാണ്. ഈ ഒരു ഗുണം വ്യക്തിജീവിതത്തിൽ പ്രാവർത്തികമാക്കുവാൻ സഹായിക്കുകയാണ് മാധ്യമങ്ങൾ ചെയ്യേണ്ടതെന്നും പാപ്പാ പ്രത്യേകം സൂചിപ്പിക്കുന്നു.

മാധ്യമപ്രവർത്തനം സൗമ്യമായിരിക്കണം

ശീർഷകത്തിൽ ഫ്രാൻസിസ് പാപ്പാ സൂചിപ്പിച്ച 'സൗമ്യമായ ആശയവിനിമയ'ത്തിന്റെ പ്രാധാന്യം ഒരിക്കൽക്കൂടി പാപ്പാ അടിവരയിട്ടു പറയുന്നുണ്ട്. ക്രിസ്‌തുവിനെ കര്‍ത്താവായി നിങ്ങളുടെ ഹൃദയത്തില്‍ പൂജിക്കുവിന്‍. നിങ്ങള്‍ക്കുള്ള പ്രത്യാശയെപ്പറ്റി വിശദീകരണം ആവശ്യപ്പെടുന്ന ഏവരോടും മറുപടി പറയാന്‍ സദാ സന്നദ്‌ധരായിരിക്കുവിന്‍. എന്നാല്‍, അതു ശാന്തതയോടും ബഹുമാനത്തോടും കൂടെ ആയിരിക്കട്ടെ. നിങ്ങളുടെ മനഃസാക്‌ഷിയെ നിര്‍മലമായി സൂക്‌ഷിക്കുവിന്‍. ക്രിസ്‌തുവിലുള്ള നിങ്ങളുടെ നല്ല പെരുമാറ്റത്തെ ദുഷിച്ചു പറയുന്നവര്‍ അങ്ങനെ ലജ്‌ജിതരായിത്തീരും. (1 പത്രോസ് 3 : 15,16). പത്രോസ് ശ്ലീഹായുടെ ഈ ക്രിസ്തുസാക്ഷ്യത്തിന്റെ പ്രാധാന്യവും, പ്രത്യേകതയും എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ മാധ്യമപ്രവർത്തനത്തിന്റെ നന്മ നിറഞ്ഞ ക്രിസ്തീയ മാനം ചൂണ്ടിക്കാണിക്കുന്നത്. ഇവിടെ പാപ്പാ ആദ്യം അടിവരയിടുന്ന സന്ദേശം, "നിങ്ങളുടെ ഹൃദയങ്ങളിൽ കർത്താവിനെ ആരാധിക്കുക" എന്നതാണ്.  എല്ലാം നഷ്ടപ്പെട്ടതായി തോന്നുമ്പോഴും മറഞ്ഞിരിക്കുന്ന നന്മയുടെ കണികകൾ കണ്ടെത്തുവാൻ ഹൃദ്യമായ ഒരു ആശയവിനിമയം ഏറെ ആവശ്യമാണ്. ഉപരിപ്ലവമായ ആശയവിനിമയം ഇത്തരത്തിൽ പ്രത്യാശ  കണ്ടെത്തുവാൻ സഹായിക്കുന്നില്ലെന്നും പാപ്പാ പറയുന്നു.

രണ്ടാമത്തെ സന്ദേശം, നമ്മിലുള്ള പ്രത്യാശയ്ക്ക് ഒരു കാരണം കണ്ടെത്തുവാൻ സാധിക്കണം എന്നുള്ളതാണ്. അതായത് ശൂന്യമായ ഒരു പ്രത്യാശ താത്‌ക്കാലികവും എളുപ്പത്തിൽ മാഞ്ഞുപോകുന്നതുമാണ്. ക്രിസ്ത്യാനികൾ ഒന്നാമതായി ദൈവത്തെക്കുറിച്ച് "സംസാരിക്കുന്നവരല്ല", മറിച്ച് അവന്റെ സ്നേഹത്തിന്റെ സൗന്ദര്യം പ്രതിധ്വനിക്കുന്നവരാണ് എന്ന പാപ്പായുടെ വാക്കുകൾ, ജീവിതഗന്ധിയായ ഒരു ആശയവിനിമയത്തിന്റെ ആവശ്യകത പ്രത്യേകം എടുത്തുപറയുന്നു.

മൂന്നാമത്തെ സന്ദേശം ഇവയുടെ യാഥാർഥ്യവത്ക്കരണമാണ്. അതായത് അപരനെ തിരിച്ചറിയുകയും, ഹൃദയത്തിൽ മനസിലാക്കുകയും ചെയ്യുന്നവർക്ക് മാത്രമേ, "സൗമ്യതയോടും ബഹുമാനത്തോടും കൂടി" ആശയങ്ങൾ  കൈമാറുവാൻ സാധിക്കുകയുള്ളൂ. അതുകൊണ്ട് അടച്ചുപൂട്ടലിന്റെയും കോപത്തിന്റെയും വികാരാധീനമായ പ്രതികരണങ്ങളെയല്ല, മറിച്ച് തുറന്ന മനസ്സിന്റെയും സൗഹൃദത്തിന്റെയും മനോഭാവങ്ങളെ ഉണർത്തുന്ന ഒന്നായി മാധ്യമപ്രവർത്തനം മാറണമെന്ന് പാപ്പാ ആഹ്വാനം ചെയ്യുന്നു. പ്രതീക്ഷയുടെ തീർത്ഥാടനം, ഈ കൂട്ടായ്മയിലാണ് രൂപപ്പെടുന്നതെന്നും പാപ്പാ അടിവരയിട്ടു പറയുന്നു.

മാധ്യമപ്രവർത്തനം ഹൃദ്യതയുടെ പ്രത്യാശ ഊട്ടിയുറപ്പിക്കണം

നമ്മുടെ വ്യക്തി ജീവിതത്തിൽ ജൂബിലിയുടെ പ്രാധാന്യം പാപ്പാ അവസാനമായി എടുത്തു പറയുന്നു. പ്രത്യാശയെന്നത് ഒറ്റക്കുനിന്നു നേടിയെടുക്കാവുന്ന ഒരു സാഹസികതയല്ല, മറിച്ച് അത് കൂട്ടായ്മയുടെ ബന്ധത്തിൽ അനുഭവിക്കുന്ന പുണ്യമാണെന്നും, അതാണ് 2025 ജൂബിലി വർഷത്തിൽ നാം നടത്തുന്ന തീർത്ഥാടനത്തിൽ വെളിപ്പെടുന്നതെന്നും പാപ്പാ പറയുന്നു. ഇപ്രകാരം ഒരുമിച്ചു യാത്ര ചെയ്യുമ്പോഴാണ് ലോകമെങ്ങും സമാധാനം അനുഭവിക്കുവാൻ സാധിക്കുന്നതെന്നും സൂചിപ്പിച്ച പാപ്പാ, വാർത്തകളുടെ ചുരുളുകളിൽ ഒളിഞ്ഞിരിക്കുന്ന നന്മയുടെ നിരവധി കഥകൾ കണ്ടെത്താനും പറയാനും എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു. സാങ്കേതികവിദ്യയുടെ അമ്പരപ്പിക്കുന്ന വിജയങ്ങളെ അഭിമുഖീകരിക്കുമ്പോൾ,ഹൃദയാത്മകമായ ആശയവിനിമയം ഉപേക്ഷിക്കരുതെന്നും, അതൊരു പഴയ ആശയമായി തള്ളിക്കളയാതെ എന്നും നിലനിൽക്കുന്ന മൂല്യമായി മുറുകെ പിടിക്കണമെന്നും തന്റെ സന്ദേശത്തിൽ പാപ്പാ അടിവരയിട്ടു പറയുന്നു.

നമ്മുടെ മാനവികതയുടെ മുറിവുകൾ ഉണക്കാൻ കഴിയുന്ന ഒരു ആശയവിനിമയം പരിശീലിക്കാൻ ശ്രമിക്കുക, കരുതലിന്റെ ഒരു സംസ്കാരം പ്രചരിപ്പിക്കുകയും, പാലങ്ങൾ പണിയുകയും, നമ്മുടെ കാലത്തെ ദൃശ്യവും അദൃശ്യവുമായ മതിലുകളിലേക്ക് തുളച്ചുകയറുകയും ചെയ്യുന്ന, ശത്രുതയില്ലാത്ത ആശയവിനിമയത്തിന്റെ സാക്ഷികളും വക്താക്കളുമാകുക എന്ന ആഹ്വാനത്തോടെയാണ് പാപ്പാ തന്റെ സന്ദേശം ചുരുക്കുന്നത്.

What's Your Reaction?

like

dislike

love

funny

angry

sad

wow