രോഗഗ്രസ്തനെങ്കിലും പ്രാർത്ഥനയിലും ഔദ്യോഗികൃത്യങ്ങളിലും മുഴുകി പാപ്പാ
ജെമേല്ലി ആശുപത്രിയിൽ പാപ്പാ വെള്ളിയാഴ്ച രാത്രിയും ശാന്തമായി ചിലവഴിച്ചു, വിശ്രമം തുടരുന്നു. വെള്ളിയാഴ്ച പകൽ പ്രാർത്ഥനയും ചില ജോലികളും ശ്വസന വ്യായമവും

ശ്വാസകോശസംബന്ധമായ രോഗം മൂലം റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽ കോളേജാശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പാ മാർച്ച് 7-ന് വെള്ളിയാഴ്ച (07/03/25) രാത്രി ശാന്തമായി ചിലവഴിച്ചു.
പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ്, ശനിയാഴ്ച (08/03/25) രാവിലെ പ്രാദേശിക സമയം ഏതാണ്ട് 8.30-ന് വെളിപ്പെടുത്തിയതാണിത്. പാപ്പാ വിശ്രമത്തിലാണെന്നും ഈ ഒറ്റവരി അറിയിപ്പിൽ കാണുന്നു.
വെള്ളിയാഴ്ച രാവിലെ പാപ്പാ കപ്പേളയിൽ ഇരുപതു മിനിറ്റോളം പ്രാർത്ഥനയി ചിലവഴിച്ചു. പിന്നീട് പാപ്പാ ശ്വസന വ്യായാമത്തിലേർപ്പെട്ടുവെന്നും പാപ്പായ്ക്ക് ഉയർന്നപ്രവാഹത്തോതോടുകൂടി ഓക്സിജൻ നല്കുകയും രാത്രി ശ്വസനത്തിന് യന്ത്രസഹായം ലഭ്യമാക്കുകയും ചെയ്തുവെന്നും പ്രസ്സ് ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.
ശ്വസനാള വീക്കത്തെത്തുടർന്ന് ഫെബ്രുവരി 14-ന് റോമിലെ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയും പീന്നീട് ഇരുശ്വാസകോശങ്ങളിലും ബ്രോങ്കൈറ്റിസ് ബാധിതനാണെന്ന് കണ്ടെത്തുകയും ചെയ്ത പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ വത്തിക്കാനിലും ലോകത്തിൻറെ എല്ലാ ഭാഗങ്ങളിലും ഉയരുന്നു. പാപ്പായ്ക്കു വേണ്ടി വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ എല്ലാദിവസവും രാത്രി നടത്തിവരുന്ന പ്രത്യേക കൊന്തനമ്സകാരവും തുടരുന്നു. വെള്ളിയാഴ്ച (07/03/25) അത് നയിച്ചത് വൈദികർക്കായുള്ള സംഘത്തിൻറെ അദ്ധ്യക്ഷൻ കൊറിയക്കാരനായ കർദ്ദിനാൾ ലാസ്സറൊ യു ഹെവുംഗ് സിക് ആയിരുന്നു. പാപ്പായ്ക്കു വേണ്ടി രോഗികളുടെ ആരോഗ്യമായ നാഥയോടു പ്രാർത്ഥിക്കാൻ എല്ലാവരെയും ക്ഷണിച്ച അദ്ദേഹം സഭയുടെ മാതൃത്വത്തിൻറെ പരിപൂർണ്ണതയാർന്ന രൂപവും ക്രിസ്തുവിൻറെ കുരിശിൻറെ രഹസ്യത്തിൽ അദ്വീതീയമാം വിധം പങ്കുചേർന്ന കരുതലുള്ള അമ്മയുമായ അവളോടു പ്രത്യുത്തരിക്കാൻ മാമ്മോദീസാ സ്വീകരിച്ച ഒരോ വ്യക്തിക്കുമുള്ള കടമ ചൂണ്ടിക്കാട്ടുകയും ചെയ്തു
What's Your Reaction?






