വത്തിക്കാൻ സംസ്ഥാന കാര്യദർശിയും ഉക്രൈയിനിൻറെ പ്രസിഡൻറും ടെലെഫോൺ സംഭാഷണത്തിൽ
വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും ഉക്രയിനിൻറെ പ്രസിഡൻറ് സെലെൻസ്കീയും ടെലെഫോണിലുടെ സംഭാഷണം

വത്തിക്കാൻ സംസ്ഥാന കാര്യദർശി കർദ്ദിനാൾ പീയെത്രൊ പരോളിനും ഉക്രയിനിൻറെ പ്രസിഡൻറ് വൊളോദിമിർ ഒലെക്സാന്ത്രോവിച്ച് സെലെൻസ്കീയും (Volodymyr Oleksandrovych Zelenskyy) വെള്ളിയാഴ്ച (14/03/25) ഫോൺസംഭാഷണത്തിലേർപ്പെട്ടു.
സാമൂഹ്യ മാദ്ധ്യമമായ “എക്സ്”-ലൂടെ പ്രസിഡൻറ് സെലെൻസ്കീ വെളിപ്പെടുത്തിയ ഈ വിവരം പരിശുദ്ധസിംഹാസനത്തിൻറെ വാർത്താ വിതരണകാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് അന്നു വൈകുന്നേരം സ്ഥിരീകരിച്ചു.
ഈ ടെലെഫോൺ സംഭാഷണത്തിൽ താൻ പാപ്പായുടെ ക്ഷിപ്രസുഖപ്രാപ്തി ആശംസിക്കുകയും ഉക്രൈയിൻ ജനതയ്ക്കേകുന്ന ധാർമ്മിക പിന്തുണയ്ക്കും റഷ്യ അനധികൃതമായി നാടുകടത്തിയ ഉക്രൈയിനിലെ കുട്ടികളുടെ നാട്ടിലേക്കുള്ള തിരിച്ചുവരവ് സുഗമമാക്കാനുള്ള യത്നങ്ങൾക്കും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തുവെന്ന് പ്രസിഡൻറ് സെലെൻസ്കീ “എക്സ്”-ൽ കുറിച്ചു.
റഷ്യ തടങ്കലിലാക്കിയിരിക്കുന്നവരും റഷ്യൻ പാളയങ്ങളിൽ പാർപ്പിച്ചിരിക്കുന്നവരുമായ ഉക്രൈയിൻകാരുടെ പട്ടിക പരിശുദ്ധസിംഹാസനത്തിൻറെ പക്കലുണ്ടെന്നും അവരുടെ മോചനത്തിനായുള്ള പിന്തുണ പ്രതീക്ഷിക്കുന്നുവെന്നും പ്രസിഡൻറ് സെലെൻസ്കീ പറയുന്നു.
തടവുകാരുടെ കൈമാറ്റവും 30 ദിവസത്തെ വെടിനിറുത്തലും നീതിപൂർവ്വകവും സ്ഥായിയുമായ ഒരു സാമാധനത്തോടടുക്കുന്നതിനുള്ള ആദ്യത്തെ ദ്രുത ചുവടുവയ്പ്പുകൾ ആയിഭവിക്കുമെന്നും ഈ ചുവടുകൾ വയ്ക്കാൻ ഉക്രൈയിൻ സന്നദ്ധമാണെന്നും എന്തെന്നാൽ, ഉക്രൈയിൻ ജനത, മറ്റാരേയുംകാൾ, സമാധാനം കാംക്ഷിക്കുന്നുവെന്നും, പരിശുദ്ധസിംഹാസനത്തിൻറെ സ്വരം സമാധാനത്തിലേക്കുള്ള യാത്രയിൽ അതിപ്രധാനമാണെന്നും സെലെൻസികീ കൂട്ടിച്ചേർക്കുന്നു.
റഷ്യ നിർബന്ധമായി പിടിച്ചുകൊണ്ടു പോയിരിക്കുന്നത് ഉക്രൈയിൻകാരായ 19000-ത്തിൽപ്പരം കുട്ടികളെയാണ്. ഇവരുടെ മോചനത്തിനും തടവുകാരുടെ കൈമാറ്റത്തിനും വേണ്ടി പരിശുദ്ധസിംഹാസനം നടത്തിയിട്ടുള്ള ഇടപെടലുകൾക്ക് സെലെൻസ്കീ ഇതിനു മുമ്പും പരസ്യമായി നന്ദി പ്രകടിപ്പിച്ചിട്ടുണ്ട്.
What's Your Reaction?






