പാപ്പായുടെ ശ്വസനപ്രക്രിയയിൽ പുരോഗതി

ഫ്രാൻസീസ് പാപ്പാ ഇടയ്ക്ക് ഓക്സ്ജൻ ചികിത്സകൂടാതെ ശ്വസിക്കുന്നുണ്ട്.

Mar 19, 2025 - 11:13
 0  16
പാപ്പായുടെ ശ്വസനപ്രക്രിയയിൽ പുരോഗതി

ശ്വാസകോശ രോഗത്തെത്തുടർന്ന് റോമിലെ അഗൊസ്തീനൊ ജെമേല്ലി മെഡിക്കൽകോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഫ്രാൻസീസ് പാപ്പായുടെ ശ്വസനപ്രക്രിയയിൽ നേരിയ പുരോഗതി.

പരിശുദ്ധസിംഹാസനത്തിൻറെ വാർത്താവിതരണ കാര്യാലയം, അഥവാ, പ്രസ്സ് ഓഫീസ് തിങ്കളാഴ്ച (17/03/25) രാത്രി പുറപ്പെടുവിച്ച പത്രുക്കുറിപ്പിലാണ് ഈ വിവരം ഉള്ളത്.

ഉയർന്ന പ്രവാഹത്തോതിൽ ഓക്സിജൻ നല്കുന്നത് കുറച്ചിട്ടുണ്ടെന്നും ഇടയ്ക്ക് ഓക്സിജൻ ചികിത്സയുടെ ആവശ്യം ഇല്ലാതെ തന്നെ പാപ്പായ്ക്ക് ശ്വസിക്കാൻ കഴിയുന്നുണ്ടെന്നും എന്നാൽ രാത്രി ശ്വസനത്തിന് ലഘുവായ തോതിൽ യന്ത്രസഹായം ലഭ്യമാക്കുന്നുണ്ടെന്നും അറിയിപ്പിൽ കാണുന്നു.

പതിനാറാം തീയതി ഞായറാഴ്ച എടുത്തതും പ്രസിദ്ധീകരിച്ചതുമായ പാപ്പായുടെ ചിത്രത്തിൽകാണുന്ന കൈയുടെ വീക്കം, കരം അധികം ചലിപ്പിക്കാത്തതു കൊണ്ടാണെന്നും തിങ്ക്ളാഴ്ച ഈ വീക്കം കുറഞ്ഞുവെന്നുമുള്ള വിശദീകരണവും വത്തിക്കാൻ വാർത്താകാര്യാലയം നൽകുന്നു. പാപ്പാ തിങ്കളാഴ്ച പ്രാർത്ഥനയ്ക്കും വിശ്രമത്തിനും അല്പം ജോലിക്കുമായി നീക്കിവച്ചുവെന്നും അറിയിപ്പിൽ കാണുന്നു.

ശ്വാസനാള വീക്കത്തെ തുടർന്ന് ഫെബ്രുവരി 14-ന്, വെള്ളിയാഴ്ചയാണ് പാപ്പാ ജെമേല്ലി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടത്. പാപ്പായുടെ ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചതായി പിന്നീട് കൂടുതലായി നടത്തിയ പരിശോധനകൾ വഴി കണ്ടെത്തുകയായിരുന്നു. ഒരു മാസത്തിലേറെയായി ആശുപത്രിയിൽ കഴിയുന്ന പാപ്പായുടെ ആരോഗ്യസ്ഥിതി ഇടയ്ക്ക് അല്പം മോശമായെങ്കിലും ഇപ്പോൾ എല്ലാം മെച്ചപ്പെട്ടിരിക്കുന്നു. പാപ്പായുടെ സുഖപ്രാപ്തിക്കായുള്ള പ്രാർത്ഥനകൾ ലോകത്തിൻറെ എല്ലാഭാഗങ്ങളിലും തുടരുന്നു. ഈ നിയോഗത്തോടുകൂടി വത്തിക്കാനിൽ അനുദിനം രാത്രി പരിശുദ്ധ കന്യകാമറിയത്തോടുള്ള പ്രത്യേക കൊന്തനമസ്ക്കാരം നടത്തപ്പെടുന്നു

What's Your Reaction?

like

dislike

love

funny

angry

sad

wow