ഐക്യത്തോടെയും പ്രാർത്ഥനയിലുള്ള സ്ഥിരതയോടെയും, ക്രൈസ്തവർ ഭൂമിയുടെ ഉപ്പായി തുടരണം: ഫ്രാൻസിസ് പാപ്പാ

ഭൂമിയുടെ ഉപ്പായി ലോകത്തിൽ തുടരുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ക്രൈസ്തവപ്രത്യാശയ്ക്ക് സാക്ഷ്യമേകി, പ്രാർത്ഥനയിൽ സ്ഥിരതയോടെ

Apr 10, 2025 - 11:20
 0  8
ഐക്യത്തോടെയും പ്രാർത്ഥനയിലുള്ള സ്ഥിരതയോടെയും, ക്രൈസ്തവർ ഭൂമിയുടെ ഉപ്പായി തുടരണം: ഫ്രാൻസിസ് പാപ്പാ

ഭൂമിയുടെ ഉപ്പായി ലോകത്തിൽ തുടരുവാൻ നമ്മെ ആഹ്വാനം ചെയ്യുന്ന ക്രൈസ്തവപ്രത്യാശയ്ക്ക് സാക്ഷ്യമേകി ജീവിക്കാനും പ്രാർത്ഥനയിൽ സ്ഥിരതയോടെ തുടരാൻ ഫ്രാൻസിസ് പാപ്പായുടെ ആഹ്വാനം. ഗ്രൊസെത്തോ (Grosseto), പിത്തില്യാനോ-സവോണ-ഒർബെത്തെല്ലോ (Pitigliano-Sovana-Orbetello) രൂപതകളുടെ അധ്യക്ഷൻ ബിഷപ് ബെർനാർദീനോ ജ്യോർദാനോയ്ക്കൊപ്പം (Bernardino Giordano) ജൂബിലി തീർത്ഥാടനത്തിന്റെ ഭാഗമായി ഏപ്രിൽ ഒൻപത് ബുധനാഴ്ച വത്തിക്കാനിലെത്തിയ വിശ്വാസികൾക്ക് നൽകിയ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ എഴുതിയത്.

രൂപതകളുടെ പുതിയ മെത്രാനായി തിരഞ്ഞെടുക്കപ്പെട്ട അഭിവന്ദ്യ ബെർനാർദീനോ ജ്യോർദാനോയെ പ്രത്യേകം പരാമർശിച്ച പാപ്പാ, വിശുദ്ധ വാതിൽ കടക്കുന്നത്, ഏവരെയും വിശ്വാസത്തിൽ നവീകരിക്കാനും, ഇടയനും അജഗണങ്ങളുമൊപ്പം ഒരുമിച്ച് നടക്കാനും സഹായിക്കട്ടെയെന്ന് ആശംസിച്ചു.

തീർത്ഥാടകരായി എത്തിയവരിലെ രോഗികളെയെയും വയോധികരെയും തന്റെ സന്ദേശത്തിൽ പ്രത്യേകം അഭിസംബോധന ചെയ്ത പാപ്പാ, ആശ്വാസത്തിന്റെയും രക്ഷയുടെയും ഉറവയായ കുരിശിലെ ക്രിസ്തുവിനെക്കുറിച്ച് ധ്യാനിച്ചുകൊണ്ട് ഈ ബുദ്ധിമുട്ടിന്റെ നിമിഷങ്ങൾ ജീവിക്കാൻ നമുക്ക് പരിശ്രമിക്കാമെന്ന് എഴുതി.

ലോകത്ത് നാം കാണുന്നതും, ഹൃദയത്തിൽ നാം അനുഭവിച്ചറിയുന്നതുമായ ബുദ്ധിമുട്ടുകൾക്ക് മുന്നിലും ലോകത്തിന്റെ ഉപ്പായി മാറാൻ നമ്മെ സഹായിക്കുന്ന ക്രൈസ്തവമായ പ്രത്യാശയ്ക്ക് സാക്ഷ്യം വഹിച്ചുകൊണ്ട് പ്രാർത്ഥനയിൽ സ്ഥിരതയോടെ മുന്നേറാനും തീർത്ഥാടകവിശ്വാസികളെ പാപ്പാ ആഹ്വാനം ചെയ്തു.

പരിശുദ്ധ അമ്മയുടെയും തങ്ങളുടെ സ്വർഗ്ഗീയ മദ്ധ്യസ്ഥരുടെയും പ്രാർത്ഥനകൾക്ക് ഏവരെയും സമർപ്പിച്ച പാപ്പാ, തനിക്കായി പ്രാർത്ഥനകൾ ആവശ്യപ്പെടുകയും, ഏവർക്കും ആശീർവാദമേകുകയും ചെയ്തുകൊണ്ടാണ് തന്റെ സന്ദേശം അവസാനിപ്പിച്ചത്.

ഏപ്രിൽ 7 തിങ്കളാഴ്ചയായിരുന്നു പാപ്പാ ഗ്രൊസെത്തോ, പിത്തില്യാനോ-സവോണ-ഒർബെത്തെല്ലോ രൂപതകളിൽനിന്ന് എത്തിയ വിശ്വാസികൾക്കായി സന്ദേശം ഒപ്പിട്ടത്.

What's Your Reaction?

like

dislike

love

funny

angry

sad

wow