ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു: വത്തിക്കാൻ പ്രെസ് ഓഫീസ്

38 ദിവസം ആശുപത്രിയിലെ ചികിത്സകൾക്ക് ശേഷം മാർച്ച് 23 ഞായറാഴ്ച വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ തിരികെയെത്തിയ ഫ്രാൻസിസ്

Apr 10, 2025 - 11:21
 0  8
ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നു: വത്തിക്കാൻ പ്രെസ് ഓഫീസ്

ഫ്രാൻസിസ് പാപ്പായുടെ ആരോഗ്യസ്ഥിതി സ്ഥായിയായി തുടരുന്നുവെങ്കിലും, ഏപ്രിൽ 6-ഞായറാഴ്ച കണ്ടതുപോലെ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയുണ്ടെന്നും വത്തിക്കാൻ പ്രെസ് ഓഫീസ് ഏപ്രിൽ 8 ചൊവ്വാഴ്ച അറിയിച്ചു.  രാത്രിയിൽ അത്യാവശ്യഘട്ടങ്ങളിൽ മാത്രമേ പാപ്പായ്ക്ക് ഓക്സിജൻ നൽകേണ്ടിവരുന്നുള്ളൂവെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി. ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ച് റോമിലെ പോളിക്ലിനിക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാപ്പാ മാർച്ച് 23 ഞായറാഴ്ചയായിരുന്നു തിരികെ വത്തിക്കാനിലെത്തിയത്.

ജെമെല്ലി ആശുപത്രിയിൽ വച്ച് ആരംഭിച്ച ശ്വാസകോശ, ചലനസംബന്ധികളായ ഫിസിയോതെറാപ്പികൾ തുടരുന്നുണ്ടെന്നും, അതുകൊണ്ടുതന്നെ ഈ രണ്ടു മേഖലകളിലും പുരോഗതിയുണ്ടെന്നും പ്രെസ് ഓഫീസ് വ്യക്തമാക്കി. ആശുപത്രിയിൽ 38 ദിവസങ്ങൾ നീണ്ട ചികിത്സയുടെ അവസരത്തിൽ ഡോക്ടർമാർ അറിയിച്ചിരുന്നതുപോലെ, ന്യുമോണിയ ബാധയുടെ ഭാഗമായി പാപ്പായുടെ ശബ്ദത്തിലുണ്ടായിരുന്ന പ്രശ്നങ്ങളും നിലവിൽ കുറഞ്ഞുവരുന്നുണ്ടെന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രെസ് ഓഫീസ് അറിയിച്ചിരുന്നു.

പാപ്പാ സാധാരണ ജോലികളിൽ ഏർപ്പെടുന്നുണ്ടെന്നും, വത്തിക്കാൻ കൂരിയയിലെ വിവിധ ഡികാസ്റ്ററികളിൽനിന്നെത്തുന്ന രേഖകൾ പരിശോധിക്കുന്നത് തുടരുന്നുവെന്നും അറിയിച്ച പ്രെസ് ഓഫീസ് ഏപ്രിൽ 7 തിങ്കളാഴ്ച വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി പിയെത്രോ പരൊളീന് അദ്ദേഹം കൂടിക്കാഴ്ച അനുവദിച്ചിരുന്നുവെന്ന് വ്യക്തമാക്കി..

മുൻപ് അറിയിച്ചിരുന്നതിൽനിന്ന് വ്യത്യസ്തമായി, ഏപ്രിൽ 5, 6 തീയതികളിലായി ആചരിക്കപ്പെട്ട രോഗികളുടെയും ആരോഗ്യപരിപാലനരംഗത്ത് പ്രവർത്തിക്കുന്നവരുടെയും ജൂബിലിച്ചടങ്ങുകളുടെ അവസരത്തിൽ, വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഏപ്രിൽ 6 ഞായറാഴ്ച അർപ്പിക്കപ്പെട്ട വിശുദ്ധ ബലിയുടെ അവസാനം ചത്വരത്തിലെത്തിയ പാപ്പാ ആളുകളെ അഭിസംബോധന ചെയ്തിരുന്നു.

വിശുദ്ധവാരച്ചടങ്ങുകളിൽ പാപ്പായുടെ സാന്നിദ്ധ്യം സംബന്ധച്ച തീരുമാനം ഇനിയും ആയിട്ടില്ലെന്ന് അറിയിച്ച പ്രെസ് ഓഫീസ്, ബുധനാഴ്ചകളിലെ പൊതുകൂടിക്കാഴ്ചാസമ്മേളനത്തിലേക്കും ഞായറാഴ്ചകളിലെ ത്രികാലജപപ്രാർത്ഥനാവേളയിലേക്കും തയ്യാറാക്കപ്പെടുന്ന സന്ദേശങ്ങൾ കഴിഞ്ഞ ആഴ്ചകളിലെന്നപോലെ പ്രസിദ്ധീകരിക്കപ്പെടുമെന്നും കൂട്ടിച്ചേർത്തു.

പാപ്പായുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച അടുത്ത വിശദീകരണം ഏപ്രിൽ 11 വെള്ളിയാഴ്ച നൽകുമെന്ന് പ്രെസ് ഓഫീസ് അറിയിച്ചു.

What's Your Reaction?

like

dislike

love

funny

angry

sad

wow