സാന്തോ ദൊമിങ്കോയിലെ അപകടം: ഇരകൾക്ക് ഫ്രാൻസിസ് പാപ്പായുടെ ടെലെഗ്രാം സന്ദേശം
ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്തോ ദൊമിങ്കോയിലെ ജെറ്റ് സെറ്റ് എന്ന നിശാക്ലബിൽ കഴിഞ്ഞ ദിവസമുണ്ടായ അപകടത്തിന്റെ ഇരകൾക്ക് ഫ്രാൻസിസ് പാപ്പായുടെ പേരിൽ ടെലെഗ്രാം സന്ദേശം.

കരീബിയൻ രാജ്യമായ ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ തലസ്ഥാനമായ സാന്തോ ദൊമിങ്കോയിലെ ഒരു നിശാക്ലബിൽ ഏപ്രിൽ എട്ടാം തീയതിയുണ്ടായ അപകടത്തിന്റെ ഇരകൾക്ക് പ്രാർത്ഥനാശംസകളുമായി ഫ്രാൻസിസ് പാപ്പായുടെ പേരിൽ ടെലെഗ്രാം സന്ദേശം. വത്തിക്കാൻ സ്റ്റേറ്റ് സെക്രെട്ടറി കർദ്ദിനാൾ പിയെത്രോ പരൊളീനാണ്, നിരവധി പേരുടെ മരണത്തിനിടയാക്കിയ ഈ അപകടത്തിൽപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കുമായി, സാന്തോ ദൊമിങ്കോ അതിരൂപതാദ്ധ്യക്ഷൻ ആർച്ച്ബിഷപ് ഫ്രാൻസിസ്‌കോ ഓസോറിയാ അക്കോസ്ത്തയ്ക്ക് സന്ദേശമയച്ചത്.
സാന്തോ ദൊമിങ്കോയിൽ നിരവധി ആളുകളുടെ മരണത്തിനും നൂറുകണക്കിനാളുകളുടെ പരിക്കിനും കാരണമായ ഈ ദാരുണപകടത്തിൽ പാപ്പാ ദുഖിതനാണെന്നും, അപകടത്തിൽ മരണമടഞ്ഞവർക്ക് പരിശുദ്ധപിതാവ് നിത്യശ്വാസമാശംസിക്കുന്നുവെന്നും കർദ്ദിനാൾ പരൊളീൻ എഴുതി.
മരണമടഞ്ഞവരുടെ കുടുംബാംഗങ്ങൾക്ക് പാപ്പാ അനുശോചനങ്ങൾ അർപ്പിക്കുന്നുവെന്നും, പരിക്കേറ്റവർ പെട്ടെന്ന് സൗഖ്യം നേടാനായി പ്രാർത്ഥനകളേകുന്നുവെന്നും വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി എഴുതി. അപകടത്തിൽപ്പെട്ടവർക്കും അവരുടെ പ്രിയപ്പെട്ടവർക്കും എല്ലാ ശുശ്രൂഷകളും സഹായവും ലഭിക്കട്ടെയെന്നും, പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം അവർക്കുണ്ടാകട്ടെയെന്നും തന്റെ സന്ദേശത്തിൽ കുറിച്ച കർദ്ദിനാൾ, ഏവർക്കും, ഉത്ഥിതനായ ക്രിസ്തുവിലുള്ള പ്രത്യാശയുടെ അടയാളമായി പാപ്പായുടെ ആശ്വാസദായകമായ ആശീർവാദവും നേർന്നു.
ചൊവ്വാഴ്ച വൈകുന്നേരം ജെറ്റ് സെറ്റ് എന്ന പേരിലുള്ള ഈ നിശാക്ലബിൽ നടന്ന ഒരു സംഗീതക്കച്ചേരിക്കിടെയുണ്ടായ ഈ അപകടത്തിൽ, ഡൊമിനിക്കൻ മെത്രാൻസമിതിയും തങ്ങളുടെ ഐക്യദാർഢ്യവും സാമീപ്യവും പ്രാർത്ഥനകളും അറിയിച്ചിരുന്നു. സംഭവത്തിന്റെ ഇരകൾക്കായി മെത്രാൻസമിതി ജനറൽ സെക്രെട്ടറി അഭിവന്ദ്യ ഫൗസ്ത്തീനോ ബുർഗോസ് കഴിഞ്ഞ ദിവസം വിശുദ്ധബലിയർപ്പിച്ചിരുന്നു.
ജെറ്റ് സെറ്റിന്റെ മേൽക്കൂര തകർന്നുവീണുണ്ടായ അപകടത്തിൽ 180 പേരോളം മരണമടഞ്ഞതായും 250 പേർക്കെങ്കിലും പരിക്കേറ്റതായുമാണ് വാർത്താമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നത്. 150-ഓളം പേരെ കെട്ടിട അവശിഷ്ടങ്ങൾക്കിടയിൽനിന്ന് ജീവനോടെ രക്ഷിക്കാനായിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ട് ഡൊമിനിക്കൻ റിപ്പബ്ലിക് പ്രെസിഡന്റ് ലൂയിസ് അബിനാദെർ ഏപ്രിൽ 8, 9, 10 തീയതികളിൽ ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ചിരുന്നു.
What's Your Reaction?






