വത്തിക്കാൻ ബസിലിക്കയിൽ ഫ്രാൻസിസ് പാപ്പായുടെ അപ്രതീക്ഷിത സന്ദർശനം
കഴിഞ്ഞ ഞായറാഴ്‌ച്ച വത്തിക്കാൻ ചത്വരത്തിൽ വിശ്വാസികളെ സന്ദർശിക്കുകയും, രോഗികൾക്ക് വേണ്ടിയുള്ള ജൂബിലി ആഘോഷത്തിൽ

രോഗാവസ്ഥയിൽ, വത്തിക്കാനിലെ ഫ്രാൻസിസ് പാപ്പയുടെ വസതിയായ കാസ സാന്താ മാർത്തായിൽ വിശ്രമത്തിലായിരിക്കുന്ന പരിശുദ്ധ പിതാവ്, ഏപ്രിൽ മാസം പത്താം തീയതി വത്തിക്കാൻ ബസിലിക്കയിൽ അപ്രതീക്ഷിതമായി കടന്നു വന്നു. ഉച്ചകഴിഞ്ഞു ഒരു മണിയോടെയായിരുന്നു സന്ദർശനം. പാപ്പാ കടന്നുവരുന്നതുകണ്ടപ്പോൾ, ബസിലിക്കയിൽ ഉണ്ടായിരുന്നവരുടെ സന്തോഷം ഇരട്ടിയായി. കഴിഞ്ഞ ഞായറാഴ്ച്ചയും, രോഗികളുടെ ജൂബിലി ആഘോഷ വേളയിൽ ഫ്രാൻസിസ് പാപ്പാ തീർത്ഥാടകരിൽ ഒരാളായി വത്തിക്കാൻ ചത്വരത്തിൽ എത്തി, വിശ്വാസികളെ ചുരുങ്ങിയ വാക്കുകളിൽ അഭിസംബോധന ചെയ്തിരുന്നു. ഏകദേശം ഇരുപത്തിനായിരത്തിനു മുകളിൽ ആളുകളാണ് അന്ന് ചത്വരത്തിൽ ഉണ്ടായിരുന്നത്.
ബസിലിക്കയിലെ സന്ദർശന വേളയിൽ, ഫ്രാൻസിസ് പാപ്പാ ഏറെ അടുപ്പം പുലർത്തുന്ന വിശുദ്ധ പത്താം പീയൂസ് പാപ്പായുടെ കബറിടത്തിനു മുൻപിൽ, പത്തു നിമിഷങ്ങൾക്ക് താഴെ മൗനപ്രാർത്ഥന നടത്തി. കഴിഞ്ഞ ഞായറാഴ്ച്ചയും, മടങ്ങും വഴി ഈ കബറിടത്തിനു മുൻപിൽ അൽപനേരം പാപ്പാ പ്രാർത്ഥനാനിമഗ്നനായി നിന്നിരുന്നു. ഒന്നാം ലോകമഹായുദ്ധ കാലത്ത് പാപ്പയായിരുന്ന ബെനഡിക്ട് പതിനഞ്ചാമന്റെ സ്മാരകത്തിന് മുൻപിലും, പോൾ മൂന്നാമൻ, ഉർബാനോ എട്ടാമൻ എന്നിവരുടെ പുനഃസ്ഥാപിച്ച കബറിടങ്ങൾക്കു മുൻപിലും ഫ്രാൻസിസ് പാപ്പാ, അല്പസമയം പ്രാർത്ഥനയിൽ ചിലവഴിച്ചു.
ഫ്രാൻസിസ് പാപ്പാ ബസിലിക്കയിലേക്ക് കടന്നെത്തിയപ്പോൾ, നൂറുകണക്കിന് ആളുകൾ പരിശുദ്ധ പിതാവിനെ ബഹുമാനത്തോടെയും, ആദരവോടെയും അഭിവാദ്യം ചെയ്തുകൊണ്ട് തങ്ങളുടെ സ്നേഹം പ്രകടിപ്പിച്ചു. ബസിലിക്കയിൽ വിവിധ ജോലികൾ നടത്തിവന്നവരും, തീർത്ഥാടക സംഘങ്ങളും, കുട്ടികളും ഫ്രാൻസിസ് പാപ്പായുടെ അരികിലേക്ക് എത്തി തങ്ങളുടെ സ്‌നേഹാദരവുകൾ പ്രകടമാക്കി. സാധാരണക്കാരിൽ സാധാരണക്കാരനായി, ലളിതമായ വേഷം ധരിച്ചെത്തിയ പാപ്പയെ കണ്ടമാത്രയിൽ വിശ്വാസികൾ മാത്രമല്ല, സുരക്ഷാജീവനക്കാർ പോലും കരഞ്ഞുവെന്നു പലർ സാക്ഷ്യപ്പെടുത്തുന്നു.
What's Your Reaction?






