സ്മരണകൾ സാന്നിധ്യത്തിന്റെ മാധുര്യം പകരുന്നു: ഫാ. റോബെർത്തോ പസോളിനി
2025 ലെ നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയുടെ നാലാം ഭാഗം ഏപ്രിൽ മാസം പതിനൊന്നാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് നടന്നു.

"ക്രിസ്തുവിൽ നങ്കൂരമുറപ്പിച്ചുകൊണ്ട്, നവജീവിതത്തിലുള്ള പ്രത്യാശയിൽ വേരൂന്നിയതും സ്ഥാപിതമായതും" എന്ന വിഷയത്തെ ആസ്പദമാക്കിക്കൊണ്ട് 2025 ലെ നോമ്പുകാല ധ്യാനപ്രഭാഷണ പരമ്പരയുടെ നാലാം ഭാഗം ഏപ്രിൽ മാസം പതിനൊന്നാം തീയതി വത്തിക്കാനിലെ പോൾ ആറാമൻ ശാലയിൽ വച്ച് ഇറ്റാലിയൻ സമയം രാവിലെ ഒമ്പതുമണിക്ക് നടന്നു. പൊന്തിഫിക്കൽ ഭവനത്തിന്റെ ഔദ്യോഗിക പ്രഭാഷകൻ ഫാ. റോബെർത്തോ പസോളിനിയാണ് ചിന്തകൾ പങ്കുവച്ചത്.
പരമ്പരയുടെ നാലാം ഭാഗത്തിൽ പ്രത്യാശയെന്ന പുണ്യം ക്രൈസ്തവ ജീവിതത്തിൽ ചെലുത്തുന്ന കൃപകളെക്കുറിച്ച്, യേശുവിന്റെ ഈ ലോകത്തിലെ അവസാന മണിക്കൂറുകളെ എടുത്തു പറഞ്ഞുകൊണ്ട്, ഫാ. റോബെർത്തോ വിശദീകരിച്ചു. ചരിത്രത്തിന്റെ സ്വാതന്ത്ര്യം പുനഃസ്ഥാപിച്ചുകൊണ്ട്, സാർവത്രികമായി എല്ലാവരെയും ഉൾക്കൊള്ളുന്നതരത്തിൽ പ്രത്യാശയുടെ അതിരുകൾ വികസിപ്പിച്ചതാണ് യേശുവിന്റെ സ്വർഗ്ഗാരോഹണത്തിന്റെ വ്യതിരിക്തതയെന്നു അദ്ദേഹം അടിവരയിട്ടു പറഞ്ഞു.
യേശുവിന്റെ മരണശേഷം, കല്ലറയിലേക്ക് എത്തുന്ന മറിയം, മരണഭയത്താൽ നയിക്കപ്പെടുന്നതായി കാണപ്പെടുന്നുവെന്നും, എന്നാൽ അതുവഴിയായി യേശുവിനോടൊപ്പം താൻ അനുഭവിച്ച കാര്യങ്ങളുടെ ഓർമയിൽ ജീവിക്കാൻ മാത്രമാണ് അവൾ ആഗ്രഹിച്ചതെന്നും സുവിശേഷം അടിസ്ഥാനമാക്കി ഫാ. റോബെർത്തോ വിശദീകരിച്ചു. ഇപ്രകാരം നാം കണ്ണീരിലും നിരാശയിലും ആയിരിക്കുമ്പോൾ, നമ്മുടെ അടങ്ങാത്ത വേദനയിൽ ഇപ്രകാരമൊരു സാന്നിധ്യം ആശ്വാസം പകരുന്നുവെന്ന സത്യം അദ്ദേഹം അടിവരയിട്ടുപറഞ്ഞു.
എന്നാൽ ഇങ്ങനെയുള്ള ആന്തരിക കബറിടങ്ങളിൽ നിന്നും നമ്മെ പുറത്തേക്ക് കൊണ്ടുവരുവാൻ യേശുവിന്റെ ഒരു വാക്കു മാത്രം മതിയെന്നും അദ്ദേഹം എടുത്തു കാണിക്കുന്നു. ഇപ്രകാരം, തന്റെ മുമ്പിൽ നിൽക്കുന്ന കർത്താവിനെ മറിയം തിരിച്ചറിയുന്നത് അവന്റെ സ്വരത്തിനു കാതോർക്കുന്നതുവഴിയാണെന്നും, ഇത് അവളെ 'റബ്ബുനി' എന്ന് കർത്താവിനെ വിളിക്കുവാൻ പ്രാപ്തയാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
യേശുവിനെ തിരിച്ചറിയുന്നത് അവന്റെ മുഖം കാണുന്നതിനാലോ അവന്റെ ശബ്ദം കേൾക്കുന്നതിനാലോ അല്ല, മറിച്ച് ജീവന്റെ പ്രത്യാശയിലേക്ക് ദൈവം വിളിച്ചതായി അവൾക്ക് അനുഭവപ്പെടുന്നതിനാലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതാണ് ഉത്ഥിതനായ യേശു നമുക്ക് നൽകുന്ന സന്തോഷത്തിന്റെ സദ്‌വാർത്തയെന്നും ഫാ. റോബെർത്തോ എടുത്തു പറഞ്ഞു.
ഉയിർത്തെഴുന്നേറ്റ ക്രിസ്തു മറ്റു ശരീരങ്ങൾക്കിടയിലുള്ള ഒരു ശരീരം അല്ലായെന്നും, അത് നവമായ ഒരു മാനവികതയുടെ ശിരസാണെന്നും, ഇവിടെയാണ് യഥാർത്ഥ സാഹോദര്യം ഉറപ്പിക്കപ്പെടുന്നതെന്നും അദ്ദേഹം പ്രഭാഷണത്തിൽ അടിവരയിട്ടു. മഗ്ദലനമറിയത്തിനു നൽകിയ ഈ പ്രത്യാശയുടെ അടയാളമാണ്, സ്വർഗ്ഗാരോഹണവേളയിൽ എല്ലാവർക്കുമായി നൽകുന്നതെന്നും ഫാ. റോബെർത്തോ പറഞ്ഞു. ക്രിസ്തു സ്വർഗാരോഹണം ചെയ്തത്, അമൂർത്തമായ ഒരു ജീവിതത്തിലേക്ക് നിർബന്ധിക്കാനല്ല മറിച്ച് അവിടുത്തെ സാന്നിധ്യം കണ്ടെത്തുന്നതിനും എല്ലാ സാഹചര്യങ്ങളിലും സുവിശേഷ ചൈതന്യം അനുഭവിക്കുന്നതിനുമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ക്രിസ്തുവിന്റെ മടങ്ങിവരവിന് നമ്മുടെ ജീവിതം കൊണ്ട് സാക്ഷികളാകണമെന്നും ഇത് സഹോദരങ്ങളോടുള്ള സാക്ഷ്യത്തിലും സേവനത്തിലും പ്രകടിപ്പിക്കണമെന്നും ഫാ. റോബെർത്തോ ആഹ്വാനം ചെയ്തു. സമൂഹത്തിലെ സകല ചരാചരങ്ങളോടും ഇപ്രകാരം സുവിശേഷം അറിയിക്കുവാനുള്ള ഉത്തരവാദിത്വവും കർത്താവിന്റെ സ്വർഗാരോഹണം നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
What's Your Reaction?






