ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിനൊപ്പം യാത്ര ചെയ്യുക: ഫ്രാൻസിസ് പാപ്പാ
യേശുവിന്റെ കുരിശ് വഹിക്കാൻ സഹായിച്ച കിറേനെക്കാരൻ ശിമെയോന്റെ മാതൃകയിൽ ക്രിസ്തുവിന്റെ പിന്നാലെ സഞ്ചരിക്കാൻ വിശ്വാസികളെ ആഹ്വാനം ചെയ്‌ത് ഫ്രാൻസിസ് പാപ്പാ.

അപ്രതീക്ഷിതമായി ഓശാനഞായർ ചടങ്ങുകളുടെ അവസാനം വിശ്വാസികൾക്കരികിലെത്തിയും, കുരിശിന്റെ വഴിയുടെ പാതയിലൂടെയുള്ള യാത്രയിൽ ക്രിസ്തുവിന്റെ കുരിശ് വഹിച്ച കിറേനെക്കാരൻ ശിമെയോന്റെ പ്രവൃത്തി അനുകരിച്ച് വിശ്വാസജീവിതയാത്രയിൽ മുന്നേറാൻ ഏവരെയും ആഹ്വാനം ചെയ്തും ഫ്രാൻസിസ് പാപ്പാ. ജൂബിലി വർഷത്തിലെ ഓശാനഞായർദിനമായ ഏപ്രിൽ 13- ന് രാവിലെ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന ആരാധനാക്രമച്ചടങ്ങുകളിലേക്കായി തയ്യാറാക്കിയ പ്രഭാഷണത്തിലാണ്, ലോകരക്ഷകനായ ക്രിസ്തുവിന്റെ കാൽവരിയാത്രയിൽ താങ്ങായ ശിമെയോന്റെ മാതൃക പാപ്പാ വിശ്വാസികൾക്ക് മുന്നിൽ എടുത്തുകാട്ടിയത്. ലത്തീൻ ആരാധനാക്രമപ്രകാരമുള്ള ഓശാനഞായർ ബലിയർപ്പണവേളയിലെ സുവിശേഷവായനകളെ ആധാരമാക്കി തയ്യാറാക്കിപ്പെട്ട പ്രഭാഷണം വായിച്ചത്, വിശുദ്ധബലിയിൽ മുഖ്യ കാർമ്മികത്വം വഹിച്ച കർദ്ദിനാൾ ലെയൊനാർദോ സാന്ദ്രിയായിരുന്നു.
സ്വന്തം ആഗ്രഹപ്രകാരമല്ലെങ്കിലും നിർബന്ധിതനായതുകൊണ്ടാണെങ്കിലും യേശുവിന്റെ കുരിശ് വഹിക്കുന്നത് വഴി, ശിമെയോനും കർത്താവിന്റെ പീഡാസഹനങ്ങളിൽ പങ്കാളിയായിത്തീരുന്നുണ്ടന്ന് ഓർമ്മിപ്പിച്ച പാപ്പാ, അങ്ങനെ യേശുവിന്റെ കുരിശ് ശിമെയോന്റെ കുരിശായും മാറുന്നുണ്ടെന്ന് ഉദ്‌ബോധിപ്പിച്ചു. തന്റെ പിന്നാലെ വരാൻ ആഗ്രഹിക്കുന്നവർ തന്റെ കുരിശും വഹിച്ചുകൊണ്ട് തന്നെ അനുഗമിക്കാൻ ആവശ്യപ്പെടുന്ന ക്രിസ്തുവിനോട് സമ്മതം മൂളിയ പത്രോസ് അവനെ അനുഗമിക്കാതിരിക്കുമ്പോഴും, അത്തരം വാഗ്ദാനങ്ങൾ നടത്താത്ത ശിമയോൻ ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്നുണ്ടെന്നത് പാപ്പാ പ്രത്യേകം എടുത്തുപറഞ്ഞു. തളർന്നവശനായ ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്നത് വഴി, ക്രിസ്തുവിന്റെ പീഡനങ്ങളാണ് അവൻ പങ്കിടുന്നത്. ലോകത്തെ രക്ഷിച്ച ക്രിസ്തുവിനെയാണ് അവൻ സഹായിക്കുന്നത്.
നമ്മുടെ ഓരോ വ്യത്യസ്ത അവസ്ഥകളിലും നമുക്കരികിലെത്തുന്ന ക്രിസ്തുവിനരികിൽ ശിമെയോന്റെ മാതൃകയാണ് നമുക്കും സ്വീകരിക്കാനുള്ളതെന്ന് പാപ്പാ ഓർമ്മിപ്പിച്ചു. വെറുപ്പിന്റെയും പീഡനങ്ങളുടെയും കുരിശിന്റെ വഴിയെ, തന്റെ ജീവൻ നൽകിക്കൊണ്ട് കർത്താവ് രക്ഷയുടെ ഇടമാക്കി മാറ്റുന്നുണ്ടന്ന് പാപ്പാ ഉദ്‌ബോധിപ്പിച്ചു. ഇന്നും ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്ന ശിമയോൻമാരുണ്ടെന്ന് പറഞ്ഞ പാപ്പാ, യുദ്ധങ്ങളിലൂടെയും ദുരിതങ്ങളിലൂടെയും കടന്നുപോകുന്ന അവരിൽ ക്രിസ്തുവിന്റെ മുഖം കാണാൻ നമുക്ക് സാധിക്കുന്നുണ്ടോയെന്ന് ചോദിച്ചു. ക്രിസ്തുവിന്റെ കുരിശ് വഹിക്കുന്നത് ഒരിക്കലും അർത്ഥശൂന്യമല്ലെന്നും, ക്രിസ്തുവിന്റെ രക്ഷാകരസ്‌നേഹം പങ്കിടുന്നതിനുള്ള സമൂർത്തമായ മാർഗ്ഗമാണതെന്നും പാപ്പാ പ്രസ്താവിച്ചു.
പത്രോസിന്റെ ചത്വരത്തിൽനിന്ന് തിരികെ സാന്താ മാർത്ത ഭവനത്തിലേക്കുള്ള വഴിയിൽ, വിശുദ്ധ പത്താം പീയൂസിന്റെയും, വിശുദ്ധ പത്രോസിന്റെയും കബറിടങ്ങളിൽ പാപ്പാ പ്രാർത്ഥിച്ചു. ബെനഡിക്ട് പതിനഞ്ചാമനായി ഉയർത്തിയിട്ടുള്ള സ്മാരകത്തിന് മുന്നിലും പാപ്പാ അല്പസമയം ചിലവഴിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടിയിരുന്നു.
രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലിയുമായി ബന്ധപ്പെട്ട് ഏപ്രിൽ ആറാം തീയതി വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധബലിയുടെ അവസരത്തിലും പാപ്പാ അപ്രതീക്ഷിതസന്ദർശനം നടത്തിയിരുന്നു.
What's Your Reaction?






