വിശുദ്ധവാരത്തിന് മുൻപ് പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടി ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിൽ
ഏപ്രിൽ 12 ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഫ്രാൻസിസ് പാപ്പാ മേരി മേജർ ബസലിക്കയിലെത്തി

38 ദിവസങ്ങൾ നീണ്ട ആശുപത്രിവാസത്തിനുശേഷം വത്തിക്കാനിലെ സാന്താ മാർത്ത ഭവനത്തിൽ ചികിത്സകളും വിശ്രമവും തുടരുന്നതിനിടെ ഫ്രാൻസിസ് പാപ്പാ റോമിലെ മേരി മേജർ ബസലിക്കയിലെത്തിയെന്ന് പരിശുദ്ധ സിംഹാസനത്തിന്റെ പ്രെസ് ഓഫീസ് അറിയിച്ചു. വിശുദ്ധവാരത്തിന് തുടക്കം കുറിക്കുന്ന ഓശാനഞായർ തലേന്ന് ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് പാപ്പാ "റോമൻ ജനതയുടെ സംരക്ഷക" എന്നറിയപ്പെടുന്ന പരിശുദ്ധ കന്യകാമറിയത്തിന്റെ ചിത്രമുള്ള ബസലിക്കയിലെത്തി പ്രാർത്ഥിച്ചത്.
രോഗാവസ്ഥയിൽ റോമിലെ ജെമെല്ലി പോളിക്ലിനിക് ആശുപത്രിയിൽ 38 ദിവസങ്ങൾ ചികിത്സയിലായിരുന്ന പാപ്പാ, വത്തിക്കാനിലെ തന്റെ വസതിയായ സാന്താ മാർത്തയിലേക്ക് തിരികെയെത്തിയ അവസരത്തിലും മേരി മേജർ ബസലിക്ക സന്ദർശിക്കുകയും പരിശുദ്ധ അമ്മയ്ക്ക് പൂക്കൾ സമർപ്പിക്കുകയും ചെയ്തിരുന്നു.
സാധാരണയായി വിദേശ അപ്പസ്തോലിക യാത്രകൾക്ക് മുൻപും ശേഷവും മേരി മേജർ ബസലിക്കയിലെത്തി പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യം തേടാറുള്ള പാപ്പാ, ഇത് 126-മത് തവണയാണ് മേരി ബസലിക്കയിലെത്തിയത്. പത്രോസിന്റെ പിൻഗാമിയായി തിരഞ്ഞടുക്കപ്പെട്ടതിന്റെ പിറ്റേന്ന് 2013 മാർച്ച് 14-നും പാപ്പാ ഈ ബസലിക്കയിലെത്തിയിരുന്നു.
ജെമെല്ലി ആശുപത്രിയിൽനിന്ന് വത്തിക്കാനിലെത്തിയ പാപ്പാ, രണ്ടു മാസത്തേക്കെങ്കിലും ചികിത്സയും വിശ്രമവും തുടരണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നതെങ്കിലും, ഏപ്രിൽ 6 ഞായറാഴ്ച, രോഗികളുടെയും ആരോഗ്യപ്രവർത്തകരുടെയും ജൂബിലിയുമായി ബന്ധപ്പെട്ട് വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ നടന്ന വിശുദ്ധബലിയുടെ അവസരത്തിൽ, പാപ്പാ അപ്രതീക്ഷിതമായി എത്തിയിരുന്നു.
ഏപ്രിൽ 10 വ്യാഴാഴ്ച പാപ്പാ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയിലുള്ള വിശുദ്ധ പത്താം പീയൂസിന്റെ അൾത്താരയിൽ എത്തി പ്രാർത്ഥിച്ചിരുന്നു.
What's Your Reaction?






