പാപ്പായെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരിൽ നാലു പേർ ഇന്ത്യക്കാർ

പാപ്പായെ തിരഞ്ഞെടുക്കുന്നതിന് കൊൺക്ലേവിൽ പ്രവേശിക്കാൻ അർഹതയുള്ള കർദ്ദിനാളന്മാരുടെ സംഖ്യ 135 ആണ്

Apr 30, 2025 - 15:38
 0  27
പാപ്പായെ തിരഞ്ഞെടുക്കുന്ന കർദ്ദിനാളന്മാരിൽ നാലു പേർ ഇന്ത്യക്കാർ

പുതിയ പാപ്പായെ തിരിഞ്ഞെടുക്കുന്നതിന് “കൊൺക്ലേവിൽ” പ്രവേശിക്കുന്നതിന് അർഹതയുള്ള 135 കർദ്ദിനാളന്മാരിൽ നാലുപേർ ഇന്ത്യക്കാർ.

മലങ്കര കത്തോലിക്കാസഭയുടെ മേജർ ആർച്ചുബിഷപ്പായ മാർ ബസേലിയോസ് ക്ലീമിസ്, മാർ ജോർജ് ജേക്കബ് കൂവക്കാട്, ഫിലിപ്പെ നേരി അന്തോണിയൊ സെബസ്ത്യാവൊ ദൊ റോസാരിയൊ ഫറാവൊ, അന്തോണി പൂള എന്നീ കർദ്ദിനാളാന്മാരാണ് 80 വയസ്സിൽ താഴെ പ്രായമുള്ളവരാകയാൽ വോട്ടവകാശമുള്ളവർ.

കർദ്ദിനാൾ മാർ ജോർജ്ജ് ആലഞ്ചേരിയ്ക്കും കർദ്ദിനാൾ ഓസ്വാൾഡ് ഗ്രേഷ്യസിനും പ്രായം 80 കഴിഞ്ഞതിനാൽ പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടവകാശം ഇല്ല.

ഈ വോട്ടവകാശമുള്ള 135 കർദ്ദിനാളാന്മാരിൽ  ഏറ്റവും കൂടുതലുള്ളത് യൂറോപ്പിൽ നിന്നാണ്, 53 കർദ്ദിനാളാന്മാർ. വടക്കെ അമേരിക്കയിൽ നിന്ന് 16-ഉം, മദ്ധ്യ അമേരിക്കയിൽ നിന്ന് 4-ഉം തെക്കെ അമേരിക്കയിൽ നിന്ന് 17-ഉം ഉൾപ്പടെ അമേരിക്കഭൂഖണ്ഡത്തിൽ നിന്ന് 37 കർദ്ദിനാളന്മാർ “കൊൺക്ലേവിൽ” പ്രവേശിക്കും. പാപ്പായെ തിരഞ്ഞെടുക്കാൻ വോട്ടവകാശമുള്ള ഏഷ്യക്കാരായ കർദ്ദിനാളന്മാരുടെ എണ്ണം 23-ഉം ആഫ്രിക്കൻ കർദ്ദിനാളന്മാർ 18-ഉം, ഓഷ്യനക്കാർ 4-ഉം ആണ്.

135 പേർക്ക് വോട്ടവകാശമുണ്ടെങ്കിലും രണ്ടുപേർ ആരോഗ്യപരമായ കാരണങ്ങളാൽ കൊൺക്ലേവിൽ ഉണ്ടാകില്ല. ആകയാൽ 133 പേരായിരിക്കും പാപ്പായെ തിരഞ്ഞെടുക്കുന്നതിന് വോട്ടു ചെയ്യുക. മൂന്നിൽ രണ്ടു ഭൂരിപക്ഷം ഉണ്ടായാൽ മാത്രമേ സിസ്റ്റയിൻ കപ്പേളയിൽ നിന്ന് തിരഞ്ഞെടുപ്പു വിജയത്തിൻറെ അടയാളമായ വെളുത്ത പുക ഉയരുകയുള്ളൂ.

ഈ കർദ്ദിനാളന്മാരിൽ ഏറ്റവും പ്രായം കുറഞ്ഞത് ആസ്ത്രേലിയയിൽ നിന്നുള്ള കർദ്ദിനാൾ മിക്കോള ബൈചോക് ആണ്, 45 വയസ്സ്. ഏറ്റവും പ്രായം കൂടിയ കർദ്ദിനാൾ സ്പെയിൻ സ്വദേശിയായ 79 വയസ്സു പ്രായമുള്ള കാർലോസ് ഒസോറൊ സീയെറ ആണ്.

പഞ്ചഭൂഖണ്ഡങ്ങളിൽ നിന്നായി 71 നാടുകളെ പ്രതിനിധാനം ചെയ്യുന്നവരാണ് 267-ാമത്തെ പാപ്പായെ തിരഞ്ഞെടുക്കുന്ന സമ്മതിദായകരായ ഈ 135 കർദ്ദിനാളന്മാർ. ഇവരിൽ 108 പേരെ കർദ്ദിനാളാക്കിയത് ഫ്രാൻസീസ് പാപ്പായാണ്. 22 പേർ ബെനഡിക്ട് പതിനാറാമനിൽ നിന്നും 5 പേർ വിശുദ്ധ രണ്ടാം ജോൺ പോൾ മാർപ്പാപ്പായിൽ നിന്നും കർദ്ദിനാൾ സ്ഥാനം ലഭിച്ചവരാണ്. കർദ്ദിനാൾ സംഘത്തിലെ അംഗസംഖ്യ ഇപ്പോൾ 252 ആണ്. ഇവരിൽ 117 പേർ 80 വയസ്സിനു മുകളിൽ പ്രായമുള്ളവരാകയാൽ അവർക്ക് പാപ്പായെ തിരഞ്ഞെടുക്കുന്നതിനു വോട്ടവകാശം ഇല്ല.

What's Your Reaction?

like

dislike

love

funny

angry

sad

wow