പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിൽ പരിശുദ്ധ അമ്മയ്‌ക്കൊപ്പം പരിശുദ്ധാത്മാവിന്റെ സഹായത്തിനായി പ്രാർത്ഥിക്കാം: കർദ്ദിനാൾ റേ
പരിശുദ്ധാത്മാവിന്റെ ആഗമനത്തിനായി അപ്പസ്തോലന്മാർ പരിശുദ്ധ അമ്മയ്‌ക്കൊപ്പം പ്രാർത്ഥനയിൽ കാത്തിരുന്നതുപോലെയാണ് പാപ്പായോടുള്ള

ഏറെ സങ്കീർണ്ണവും ബുദ്ധിമുട്ടേറിയതുമായ ഒരു സമയത്തുകൂടി കടന്നുപോകുന്ന ഈ ലോകത്ത്, സഭയ്ക്കും മാനവികതയ്ക്കും ആവശ്യമുള്ളതും, ഐക്യം വളർത്തുകയും ലോകമനഃസാക്ഷിയെ ഉണർത്തുകയും ചെയ്യുന്ന ഒരു പാപ്പാ തിരഞ്ഞെടുക്കപ്പെടുന്നതിനുവേണ്ടി പരിശുദ്ധാത്മാവിന്റെ വെളിച്ചം നമുക്കപേക്ഷിക്കാമെന്ന് കർദ്ദിനാൾ ജ്യോവന്നി ബാത്തിസ്ത്ത റേ. ദൈവത്തെയും, സഭയുടെയും മാനവികതയുടെയും നന്മയും മുന്നിൽക്കണ്ട്, വ്യക്തിപരമായ താൽപ്പര്യങ്ങൾ മാറ്റിവച്ച്, സഭാപരവും മാനുഷികവുമായ വലിയ ഉത്തരവാദിത്വത്തോടെ കർദ്ദിനാൾമാർ വലിയൊരു തിരഞ്ഞെടുപ്പിനൊരുങ്ങുന്ന സമയമാണിതെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പത്രോസിന്റെ പുതിയ പിൻഗാമിയെ തിരഞ്ഞെടുക്കുന്നതിനായുള്ള കോൺക്ലേവ് മെയ് 7 ബുധനാഴ്ച വൈകുന്നേരം ആരംഭിക്കാനിരിക്കെ, അതിന് മുന്നോടിയായി വിശുദ്ധ പത്രോസിന്റെ ബസലിക്കയിൽ രാവിലെ 10 മണിക്ക് അർപ്പിക്കപ്പെട്ട വിശുദ്ധ ബലിമദ്ധ്യേ നടത്തിയ പ്രഭാഷണത്തിലാണ് പുതിയ പാപ്പായുടെ തിരഞ്ഞെടുപ്പിൽ പരിശുദ്ധാത്മാവിന്റെ പ്രകാശത്തിനും പരിശുദ്ധ അമ്മയുടെ മാദ്ധ്യസ്ഥ്യത്തിനുമായി പ്രാർത്ഥിക്കാൻ കർദ്ദിനാൾ റേ ആഹ്വാനം ചെയ്തത്.
വിശുദ്ധ കുർബാനമധ്യേ വായിക്കപ്പെട്ട സുവിശേഷത്തെ പരാമർശിച്ചുകൊണ്ട്, താൻ സ്നേഹിച്ചതുപോലെ പരസ്പരം സ്നേഹിക്കാനാണ് ക്രിസ്തു അന്ത്യ അത്താഴവേളയിൽ തന്റെ ശിഷ്യന്മാരോട് ആവശ്യപ്പെട്ടതെന്നും, തന്റെ സുഹൃത്തുക്കൾക്കായി സ്വന്തം ജീവൻ നൽകുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്നും കർദ്ദിനാൾ റേ ഓർമ്മിപ്പിച്ചു. മറ്റുള്ളവർ നിന്നോട് എന്ത് ചെയ്യരുതെന്നാണോ നീ ആഗ്രഹിക്കുന്നത്, അത് നീയും ചെയ്യരുതെന്ന പഴയനിയമചിന്താഗതിക്ക് മുന്നിൽ യേശു അവതരിപ്പിക്കുന്ന പുതിയ നിയമമാണിത്.
യേശു വെളിപ്പെടുത്തുന്ന സ്നേഹത്തിന് അതിരുകളില്ലെന്നും, പോൾ ആറാമൻ പാപ്പാ പറയുന്നതുപോലെയുള്ള "സ്നേഹത്തിന്റെ സാംസ്കാരികത" പണിതുയർത്തുന്ന വിധത്തിൽ, സ്നേഹത്തിന്റെ പുതിയൊരു സാംസ്കാരികത പണിതുയർത്താനാണ് ക്രിസ്തുശിഷ്യർ വിളിക്കപ്പെട്ടിരിക്കുന്നതെന്നും കർദ്ദിനാൾ സംഘത്തിന്റെ ഡീൻ വ്യക്തമാക്കി. ആരോടും വിവേചനം കാട്ടാതെ, തന്നെ ഒറ്റുകൊടുക്കാനിരുന്ന യൂദാസിന്റേതുൾപ്പെടെ എല്ലാ ശിഷ്യന്മാരുടെയും കാലുകൾ കഴുകിക്കൊണ്ടാണ് യേശു ഈയൊരു സ്നേഹത്തിന് മാതൃക നൽകിയത്.
വിശുദ്ധ കുർബാനയിലെ ആദ്യവായനയെ പരാമർശിച്ചുകൊണ്ട്, തന്നെത്തന്നെ നൽകുന്നത് വരെയുള്ള സ്നേഹമാണ് ഇടയന്മാർക്ക് വേണ്ടതെന്ന ഏശയ്യാ പ്രവാചകന്റെ വാക്കുകൾ അനുസ്മരിച്ച കർദ്ദിനാൾ റേ, സഭയിലെ ഐക്യത്തിനും, ആഗോളമാനവികസഹോദര്യത്തിനുമുള്ള വിളിയാണ് നമുക്ക് മുന്നിലുള്ളതെന്ന് ഓർമ്മിപ്പിച്ചു. പത്രോസിന്റെ പിൻഗാമിയുടേത് ഐക്യം വളർത്തുകയെന്ന ഉത്തരവാദിത്വമാണെന്ന് പ്രസ്താവിച്ച കർദ്ദിനാൾ സംഘത്തിന്റെ ഡീൻ, ഇത് ക്രിസ്തുവും ക്രിസ്ത്യാനികളും തമ്മിലും, മെത്രാന്മാരും പാപ്പായും തമ്മിലും, മെത്രാന്മാർ തമ്മിലും ഉള്ള ഐക്യമാണെന്നും, സഭ, ഐക്യത്തിന്റെ ഭവനവും സ്‌കൂളുമാണെന്ന ഓർമ്മയിൽ, വ്യക്തികളും ജനതകളും സംസ്കാരങ്ങളും തമ്മിലുള്ള ഐക്യം വളർത്തുകയാണ് വേണ്ടതെന്നും ഓർമ്മിപ്പിച്ചു.
തന്റെ അപ്പസ്തോലന്മാരോട് ക്രിസ്തു ഉദ്ബോധിപ്പിച്ചിരുന്ന ഐക്യമാണ് സഭയിൽ ആവശ്യമുള്ളതെന്നും, വൈവിധ്യങ്ങൾ ഉള്ളപ്പോഴും സുവിശേഷത്തോടുള്ള വിശ്വസ്തതയിൽ ഒരുമയോടെ മുന്നോട്ടുപോകാൻ സാധിക്കുകയാണ് വേണ്ടതെന്നും അല്ലാതെ എല്ലാവരും ഒരേപോലെയായിത്തീരുക എന്നതല്ല ഉദ്ദേശിക്കുന്നതെന്നും കർദ്ദിനാൾ അഭിപ്രായപ്പെട്ടു.
ഓരോ പാപ്പാമാരും സഭ ഏതു പാറമേലാണോ പണിയപ്പെട്ടിരിക്കുന്നത്, ആ പത്രോസിനെയും അവന്റെ നിയോഗത്തെയും ഉൾക്കൊണ്ട് ജീവിക്കുകയും, അങ്ങനെ ക്രിസ്തുവിനെ പ്രതിനിധീകരിക്കുകയുമാണ് വേണ്ടത്. ഈയൊരർത്ഥത്തിൽ പാപ്പായുടെ തിരഞ്ഞെടുപ്പ് വ്യക്തികളുടെ ഒരു പ്രവൃത്തി എന്നതിനേക്കാൾ, പത്രോസിന്റെ തിരിച്ചുവരവാണ്.
ഏതൊരു ദൈവത്തിന്റെ മുന്നിലാണോ ഒരു ദിവസം വിധിക്കപ്പെടാനായി എത്തേണ്ടത്, ആ ദൈവത്തിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ്, അപ്പസ്തോലിക ഭരണഘടനയായ “ഊണിവേർസി ദൊമിനിച്ചി ഗ്രേജിസ്” പറയുന്നതുപോലെ കർദ്ദിനാൾമാർ തങ്ങളുടെ വോട്ടുകൾ സിസ്റ്റൈൻ ചാപ്പലിൽ വച്ച് രേഖപ്പെടുത്തും. വിശുദ്ധ ജോൺ പോൾ രണ്ടാമൻ ഓർമ്മിപ്പിച്ചതുപോലെ, ന്യായാധിപനായ യേശുവിനെക്കുറിച്ചുള്ള ആ ചാപ്പലിലുള്ള മൈക്കിൾ ആഞ്ചെലോയുടെ ചിത്രം, ശരിയായ കൈകളിൽ "ഏറ്റവും പ്രധാനപ്പെട്ട താക്കോൽ" നൽകുന്നതിനുള്ള തങ്ങളുടെ ഉത്തരവാദിത്വം എത്രമാത്രം വലുതാണെന്ന് കർദ്ദിനാൾമാരെ ഓർമ്മിപ്പിക്കട്ടെയെന്ന് അദ്ദേഹം ആശംസിച്ചു.
കഴിഞ്ഞ കാലങ്ങളിൽ നമുക്ക് വിശുദ്ധരും മഹാത്മാക്കളുമായ പാപ്പാമാരെ സമ്മാനിച്ച പരിശുദ്ധാത്മാവിനോട്, സഭയുടെയും മാനവികതയുടെയും നന്മയ്ക്കായി ദൈവഹിതമനുസരിച്ചുള്ളതും, സാങ്കേതികവളർച്ചയിൽ മുന്നേറുകയും എന്നാൽ ദൈവത്തെ മറക്കുകയും ചെയ്യുന്ന ആധുനികസമൂഹത്തിൽ, ഏവരുടെയും മനസ്സാക്ഷിയെയും, ധാർമ്മിക, ആധ്യാത്മിക മൂല്യങ്ങളെയും വിളിച്ചുണർത്താൻ കഴിവുള്ളതുമായ പുതിയൊരു പാപ്പായെ നൽകാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കാമെന്നും കർദ്ദിനാൾ റേ ആഹ്വാനം ചെയ്തു.
മാനുഷികസഹവാസം മെച്ചപ്പെടുത്തുകയും, വരും തലമുറകൾക്ക് നന്മ കൊണ്ടുവരികയും ചെയ്യുന്ന മാനവിക, ആദ്ധ്യാത്മിക മൂല്യങ്ങൾ സഭ കാത്തുസംരക്ഷിക്കണമെന്ന് ലോകം ആഗ്രഹിക്കുന്നുണ്ടെന്ന് ഓർമ്മിപ്പിച്ച കർദ്ദിനാൾ സംഘത്തിന്റെ ഡീൻ, ഇന്നത്തെ കാലത്തിന് ആവശ്യമുള്ള പാപ്പായെ തിരഞ്ഞെടുക്കുന്നതിനായി വോട്ടവകാശമുള്ള കർദ്ദിനാൾമാരുടെ മനസ്സിനെ പരിശുദ്ധാത്മാവ് പ്രകാശിപ്പിക്കാൻവേണ്ടി സഭയുടെ മാതാവായ പരിശുദ്ധ കന്യകാമറിയം തന്റെ മാതൃസഹജമായ മാദ്ധ്യസ്ഥ്യം വഹിക്കട്ടെയെന്ന് ആശംസിച്ചുകൊണ്ടാണ് തന്റെ പ്രഭാഷണം അവസാനിപ്പിച്ചത്.
What's Your Reaction?






