പുതിയ പാപ്പാ കലുഷിത ലോകത്തെ നയിക്കാനുതകുന്ന ഇടയൻ, ആർച്ച്ബിഷപ്പ് ബ്രോള്യൊ

ആഗോളതലത്തിലുള്ള നിരവധിയായ പ്രതിസന്ധികൾക്കിടയിൽ ലിയൊ പതിനാലാമൻ പാപ്പാ

May 11, 2025 - 20:24
 0  21
പുതിയ പാപ്പാ കലുഷിത ലോകത്തെ നയിക്കാനുതകുന്ന ഇടയൻ, ആർച്ച്ബിഷപ്പ് ബ്രോള്യൊ

അസ്വസ്ഥമായ ഇന്നത്തെ ലോകത്തിൽ സമാധാനത്തെയും സംഭാഷണത്തെയുംകുറിച്ച് കൂടുതൽ സംസാരിക്കാൻ  കഴിവുറ്റ ഇടയനാണ് പുതിയ പാപ്പാ ലിയൊ പതിനാലമൻ എന്ന് അമേരിക്കൻ ഐക്യനാടുകളിലെ കത്തോലിക്കാമെത്രാൻ സംഘത്തിൻറെ അദ്ധ്യക്ഷൻ ആർച്ചുബിഷപ്പ് തിമോത്തി ബ്രോള്യൊ.

അമേരിക്കക്കാരാനായ ഒരാൾ പത്രോസിൻറെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് വത്തിക്കാൻ വാർത്താവിഭാഗത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാക്കിസ്ഥാനും ഇന്ത്യയും തമ്മിലുള്ള സംഘർഷം, ഉക്രൈയിൻ റഷ്യ പോരാട്ടം, മദ്ധ്യപൂർവ്വദേശത്തെ സംഘർഷാവസ്ഥ എന്നിങ്ങനെ ലോകത്തിൻറെ വിവിധ ഭാഗങ്ങൾ സംഘർഷവേദികളായിരിക്കുന്ന അവസ്ഥ അനുസ്മരിച്ച ആർച്ചുബിഷപ്പ് ബ്രോള്യൊ ആഗോളതലത്തിലുള്ള നിരവധിയായ പ്രതിസന്ധികൾക്കിടയിൽ പാപ്പാ സമാധാനത്തിൻറെയും സംഭാഷണത്തിൻറെയും സ്വരമായി മാറുക സുപ്രധാനമാണെന്നു പറഞ്ഞു. ലിയൊ എന്ന നാമം പുതിയ പാപ്പാ തിരഞ്ഞെടുത്തതു ദ്യോതിപ്പിക്കുന്നത് സഭാചരിത്രവുമായുള്ള അഗാധ ബന്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 

പുതിയപാപ്പായുടെ ജീവിതത്തിൻറെ അന്തർദ്ദേശീയ പശ്ചാത്തലം, അതായത് അദ്ദേഹത്തിൻറെ മുത്തശ്ശീമുത്തശ്ശന്മാരുടെ ഫ്രഞ്ച്-ഇറ്റാലിയൻ-സ്പാനിഷ് ബന്ധം, അദ്ദേഹത്തിൻറെ അമേരിക്കൻ-പെറു ഇരട്ട പൗരത്വം, പെറുവിലെ പ്രേഷിത ജീവിതം, തുടങ്ങിയവയെക്കുറിച്ച് സൂചിപ്പിച്ചുകൊണ്ട് ആർച്ചുബിഷപ്പ് ബ്രോള്യൊ അത് അദ്ദേഹത്തിൻറെ സാർവ്വത്രിക ശുശ്രൂഷാദൗത്യത്തിന് ഒരു ദാനമാണെന്നും ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ ജീവിക്കുകയെന്നത് വേറിട്ട അനുഭവം പ്രദാനം ചെയ്യുന്നുവെന്നും പറഞ്ഞു. ആംഗലത്തിനു പുറമെ, ലത്തീൻ, ഇറ്റാലിയൻ, സ്പാനിഷ് പോർച്ചുഗീസ് ഉൾപ്പടെയുള്ള വിവിധ ഭാഷകളിൽ ലിയൊ പതിനാലാമൻ പാപ്പായ്ക്ക് പ്രാവീണ്യമുണ്ട് എന്നതും ഇവിടെ അനുസ്മരണീയമാണ്.

What's Your Reaction?

like

dislike

love

funny

angry

sad

wow